മാസപ്പടി കേസിൽ യഥാസമയം പ്രതികരിക്കാത്തതിന് പിണറായി വിജയനെതിരെ സിപിഎം കണ്ണൂർ വിശാല ജില്ലാ കമ്മിറ്റിയിൽ രൂക്ഷ വിമർശനം. സംഘടനാ വീഴ്ചകളിൽ കീഴ്ഘടകങ്ങളെ കുറ്റപ്പെടുത്തുന്ന ജില്ലാ സെക്രട്ടറിയുടെ റിപ്പോർട്ടിനെയും പ്രതിനിധികൾ ചോദ്യം ചെയ്തു
കണ്ണൂർ: സി പി എം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മറ്റി യോഗത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് വിമർശനം. മാസപ്പടി കേസിൽ പിണറായി വിജയൻ യഥാസമയം പ്രതികരിക്കാതിരുന്നത് അണികളിൽ ആശയകുഴപ്പമുണ്ടാക്കിയതായി വിമർശനം ഉയർന്നു. സംഘടനാ വീഴ്ചകൾക്ക് കീഴ്ഘടകങ്ങളെ കുറ്റപ്പെടുത്തുന്ന ജില്ലാ സെക്രട്ടറിയുടെ നിലപാടിനെയും പ്രതിനിധികൾ വിമർശിച്ചു. പാർട്ടി പ്രതിരോധത്തിലാകുന്ന പല വിഷയങ്ങളിലും പ്രതികരണം വൈകുന്നത് പ്രതിസന്ധിയുണ്ടാക്കുന്നുവെന്ന മുഖവുരയോടെയാണ് പിണറായി വിജയൻ ഇരിക്കുന്ന വേദിയിൽ മാസപ്പടി കേസ് വിഷയം പ്രതിനിധികൾ ഉയർത്തിയത്. മാസപ്പടി കേസിൽ പിണറായി വിജയന്റെ പ്രതികരണം വൈകി. ഇത് അണികളിലും ആശയക്കുഴപ്പം ഉണ്ടാക്കി. എതിരാളികൾക്ക് പുകമറ സൃഷ്ടിക്കാൻ ഇത് സഹായകരമായെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി.
പ്രവർത്തന റിപ്പോർട്ടിനും വിമർശനം
കണ്ണൂർ ജില്ലയിലെ തിരിച്ചടികളിൽ ആത്മ വിമർശനം നിറഞ്ഞതായിരുന്നു ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് ഇന്നലെ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ട്. ധനരാജ് രക്ത സാക്ഷി ഫണ്ട് വിവാദത്തിൽ അണികളെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ലെന്നടക്കം റിപ്പോർട്ടിലുണ്ടായിരുന്നു. ഫണ്ട് വിവാദത്തിൽ വി കുഞ്ഞികൃഷ്ണൻ ഉയർത്തിയ ആരോപണങ്ങൾ അണികൾ പോലും പ്രചരിപ്പിക്കുന്ന സ്ഥിതിയുണ്ടായി. ഫണ്ട് പിരിവിൽ ക്രമക്കേടുണ്ടായിട്ടില്ലെന്ന പാർട്ടി വിശദീകരണം അണികളെ പോലും ബോധ്യപ്പെടുത്താൻ പാർട്ടിക്ക് കഴിഞ്ഞില്ല. പയ്യന്നൂരിൽ ഉൾപ്പെടെ പാർട്ടി വോട്ടുകൾ ചോരുമെന്നത് മുൻകൂട്ടി കാണുന്നതിൽ വീഴ്ചയുണ്ടായി. കെ കെ ശൈലജയെ പേരാവൂരിൽ മത്സരിപ്പിച്ചത് ഒതുക്കാൻ ആണെന്ന് പ്രചാരണം ദോഷം ചെയ്തു. ഇതിനെ പ്രതിരോധിക്കുന്നതിലും വീഴ്ച ഉണ്ടായി. ജില്ലയിൽ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നും സ്ഥാനാർത്ഥി ഇല്ലാത്തതും തിരിച്ചടിയായി. പയ്യന്നൂരിലെ തോൽവിയിലും മട്ടന്നൂരിലെ വോട്ട് ചോർച്ചയിലും ഏരിയ കമ്മിറ്റികൾക്ക് ഉത്തരവാദിത്തം ഉണ്ടെന്ന് റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. തിരിച്ചടികളുടെ ഉത്തരവാദിത്തം ഏരിയ കമ്മറ്റികളുടെ തലയിൽ ഇടേണ്ടെന്ന് പ്രതിനിധികൾ തുറന്നുപറഞ്ഞു. അതേസമയം പയ്യന്നൂരിലെ വിഭാഗീയതയെ കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച കമ്മീഷന്റെ റിപ്പോർട്ട് വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ വെച്ചില്ലെന്നാണ് വിവരം. പയ്യന്നൂരിലെ നടപടി വിപുലീകൃത ഏരിയ കമ്മിറ്റി യോഗത്തിൽ ആകും ഉണ്ടാവുക.
