തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കേരള സന്ദർശനത്തിൽ രാഹുൽ ഗാന്ധിയെ വിമർശിച്ച് സിപിഎം. കേരളത്തിലെ കർഷകരുടെ പ്രതിസന്ധിക്ക് പ്രധാന കാരണക്കാരൻ രാഹുൽഗാന്ധിയാണെന്ന് സിപിഎം സംഘടനയായ കർഷക സംഘം ആരോപിച്ചു.കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുള്ള ട്രാക്ടർ റാലിക്ക് പിന്നാലെയാണ് വിമർശനം.

രണ്ട് ദിവസത്തെ കേരള പര്യടനം വയനാട് ട്രാക്ടർ റാലിയോടെയാണ് രാഹുൽ ഗാന്ധി തുടങ്ങിയത്. ദില്ലിയിലെ കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം രേഖപ്പെടുത്തിയായിരുന്നു റാലി. ഇതോടെയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനും രാഹുൽ ഗാന്ധി തുടക്കമിട്ടത്. നാളെ ഐശ്വര്യകേരള യാത്രയിലും രാഹുൽ പങ്കെടുക്കാനിരിക്കെയാണ് സിപിഎം വിമർശനം. യുപിഎ സർക്കാരിന്‍റെ കാലത്ത് കൊണ്ട് വന്ന ആസിയാൻ കരാറാണ് കേരളത്തിലെ കർഷകരുടെ പ്രതിസന്ധിക്ക് ആക്കം കൂട്ടിയതെന്ന് കർഷക സംഘം സെക്രട്ടറി കെ.എൻ ബാലഗോപാൽ ആരോപിച്ചു. 

കർഷക പ്രതിഷേധത്തിലെ കോണ്‍ഗ്രസ് ഐക്യദാർഢ്യം ഇരട്ടത്താപ്പായി ചിത്രീകരിക്കുകയാണ് തെരഞ്ഞടുപ്പ് കാലത്ത് സിപിഎം. റബ്ബർ,കുരുമുളക് അടക്കമുള്ള നാണ്യവിളകളുടെ വിലയിടിവ് ചർച്ചയിലെത്തിക്കുമ്പോൾ പ്രതിസ്ഥാനത്തേക്ക് കൊണ്ടുവരുന്നത് കോണ്‍ഗ്രസിനെയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ തിരിച്ചടിയായ രാഹുൽ ഇഫക്ടിന്‍റെ കൂടി പശ്ചാത്തലത്തിൽ ഇത്തവണ വയനാട്, ഇടുക്കി, കോട്ടയം അടക്കം മലയോര മേഖലകളിലും സിപിഎം പ്രചാരണങ്ങൾ ശക്തമാക്കും. രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം കെപിസിസി ആസൂത്രണം ചെയ്ത ഘട്ടത്തിൽ മൃദുഹിന്ദുത്വം ഉയർത്തി സിപിഎം രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് കാർഷിക പ്രശ്നങ്ങൾ ഉയർത്തിയുള്ള വിമർശനങ്ങൾ.