Asianet News MalayalamAsianet News Malayalam

പേര് പറഞ്ഞിട്ടും കാര്യമില്ലേ! ര‍ഞ്ജിത്തിനെ സംരക്ഷിച്ച് സർക്കാർ, രാജി സമ്മർദ്ദം ഉയർത്തി ഇടതുകേന്ദ്രങ്ങളും

അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രഞ്ജിത്തിനെ നീക്കണമെന്ന് സിപിഐ നേതാവ് ആനി രാജയും എഐവൈഎഫും ആവശ്യപ്പെട്ടു.

cpm kerala government supporting ranjith on bengali actress allegations
Author
First Published Aug 24, 2024, 3:52 PM IST | Last Updated Aug 24, 2024, 4:04 PM IST

തിരുവനന്തപുരം : ലൈംഗികാരോപണം നേരിടുന്ന രഞ്ജിത്തിനെ സർക്കാർ സംരക്ഷിക്കുമ്പോഴും രാജിക്കായി കടുത്ത സമ്മർദ്ദം ഉയർത്തി പ്രതിപക്ഷത്തിനൊപ്പം ഇടതുകേന്ദ്രങ്ങളും. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രഞ്ജിത്തിനെ നീക്കണമെന്ന് സിപിഐ നേതാവ് ആനി രാജയും എഐവൈഎഫും ആവശ്യപ്പെട്ടു.

ബംഗാളി നടിയുടെ ആരോപണം കേരളത്തിനാകെ അവമതിപ്പുണ്ടാക്കുന്നതാണെന്ന നിലപാടിലാണ് ആനി രാജ. സംസ്ഥാനത്തിന്‍റെ അഭിമാനം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി എടുക്കണമെന്നും ആനി രാജ ആവശ്യപ്പെട്ടു. രഞ്ജിത്തിനെ അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കണമെന്ന് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നുവെന്ന് എഐവൈഎഫ് ചൂണ്ടിക്കാട്ടി.  രഞ്ജിത്ത് സ്വയം ഒഴിയുമെന്നാണ് കരുതുന്നതെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറഞ്ഞു. ചലച്ചിത്ര അക്കാദമിയിലും രഞ്ജിത്തിനെതിരെ എതിർശബ്ദം ഉയരുന്നു. ആരോപണം ഗൗരവമുള്ളതാണെന്ന നിലപാടാണ് ചലച്ചിത്ര അക്കാദമിയിലെ അംഗങ്ങളായ മനോജ് കാനയും എന്‍ അരുണും പങ്കുവച്ചത്. 

രഞ്ജിത്ത് താമസിക്കുന്ന വയനാട്ടിലെ റിസോർട്ടിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ

എന്നാൽ ലൈംഗികാരോപണം നേരിടുന്ന ചലച്ചിത്ര അക്കാദമി ചെയർമാൻ ര‍ഞ്ജിത്തിന് പൂർണ്ണസംരക്ഷണം പ്രഖ്യാപിച്ചിരിക്കുകയാണ് സർക്കാർ. ബംഗാളി നടി പരാതി നൽകിയാൽ മാത്രം നടപടിയെന്നാണ് സാംസ്ക്കാരിക മന്ത്രിയുടെ നിലപാട്. രഞ്ജിത് ഇന്ത്യ കണ്ട പ്രഗല്ഭനായ സംവിധായകനെന്ന് പറഞ്ഞ മന്ത്രി സജി ചെറിയാനെതിരെ വൻ വിമർശനം ഉയർന്ന ശേഷം ഇട്ട ഫേസ് ബുക്ക് പോസ്റ്റിലും പറയുന്നത് ആരോപണം തെളിഞ്ഞാൽ മാത്രം നടപടിയെന്നാണ്. നേരത്തെയും രഞ്ജിത്തിനെതിരെ ആരോപണം ഉയർന്നപ്പോൾ മുഖ്യമന്ത്രിയാണ് പരിപൂർണ്ണ സംരക്ഷണം നൽകിയത്. ലൈംഗിക ആരോപണം കടുക്കുമ്പോഴും ആ പിന്തുണ തുടരുകയാണ്. ആരോപണം അടിസ്ഥാന രഹിതമാണെന്ന രഞ്ജിത്തിൻറെ വിശദീകരണത്തിനൊപ്പമാണ് സർക്കാറും സിപിഎമ്മും. 

ഒരു സ്ത്രീ ആരോപണം ഉന്നയിക്കുമ്പോൾ ആദ്യം നിജസ്ഥിതി മനസിലാക്കണം, ശേഷം നടപടി; രഞ്ജിത്തിനെതിരായ ആരോപണത്തിൽ മന്ത്രി

ബംഗാളി നടി ശ്രീലേഖാ മിത്ര ഇന്നലെ ഏഷ്യാനെറ്റ് ന്യൂസിലൂടെയാണ് രഞ്ജിത്തിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്. പാലേരി മാണിക്യം സിനിമയിൽ അഭിനയിക്കാനെത്തിയപ്പോൾ ശ്രീലേഖക്കുണ്ടായ അനുഭവം ശരിയാണെന്ന് സംവിധായകൻ ജോഷി ജോസഫും ശരിവെച്ചിരുന്നു. ഇനി ആരോപണം തെളിയിക്കേണ്ട ബാധ്യത ഇരക്കാണോ എന്ന ചോദ്യമാണ് ഉയർന്ന് നിൽക്കുന്നത്.   ഹേമ കമ്മിറ്റി റിപ്പോർട്ടിലെ തുടർനടപടിയിലെന്ന പോലെ രഞ്ജിത്തിനെതിരാ.യ ആരോപണത്തിലും പറച്ചിലിൽ മാത്രം 'ഇരക്കൊപ്പം' സ്വീകരിക്കുകയാണ് സർക്കാർ. 

 

 

 

 

Latest Videos
Follow Us:
Download App:
  • android
  • ios