കാലാവധി തീരാൻ ഒരു വർഷം ബാക്കി നിൽക്കെ സിപിഎം ജോസഫൈനെതിരെ കടുത്ത തീരുമാനത്തിലേക്ക് പോകുമോ എന്നതാണ് നിർണ്ണായകം

തിരുവനന്തപുരം: ഗാർഹിക പീഡനത്തിൽ പരാതിയറിയിക്കാൻ വിളിച്ച യുവതിയോട് മോശമായി പെരുമാറിയ വനിതാ കമ്മീഷൻ അധ്യക്ഷഎം സി ജോസഫൈന്‍റെ പരാമ‍ർശം ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൽ ചർച്ചയാകും. ജോസഫൈനെതിരെ എന്ത് നടപടി സ്വീകരിക്കണമെന്നതടക്കമുള്ള കാര്യങ്ങള്‍ യോഗത്തിൽ ചർച്ചയാകും. 

വിഷയത്തിൽ ജോസഫൈൻ ഖേദപ്രകടനം നടത്തിയെങ്കിലും സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമാകുകയാണ്. സിപിഎമ്മും ജോസഫൈനെ ന്യായീകരിക്കാൻ തയ്യാറായിട്ടില്ലെന്നത് ശ്രദ്ധേയമാണ്. വിവാദ പരാമർശം ചർച്ച ചെയ്യാനാണ് പാർട്ടിയുടെ തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ വിഷയം ചർച്ചയാകുമ്പോൾ, തത്സമയ ചർച്ചയിൽ ജോസഫൈൻ പങ്കെടുത്തതിലും പാർട്ടിക്ക് അതൃപ്തിയുണ്ട്. കാലാവധി തീരാൻ ഒരു വർഷം ബാക്കി നിൽക്കെ സിപിഎം ജോസഫൈനെതിരെ കടുത്ത തീരുമാനത്തിലേക്ക് പോകുമോ എന്നതാണ് നിർണ്ണായകം.

പ്രതികരണങ്ങളിൽ കരുതൽ വേണമെന്ന ശക്തമായ നിർദ്ദേശം നിലനിൽക്കെ സിപിഎം കേന്ദ്രക്കമ്മിറ്റിയംഗം വീണ്ടും പരിധി വിട്ടതോടെ പാർട്ടിയും വെട്ടിലായിരിക്കുകയാണ്. സ്ത്രീധന പ്രശ്നങ്ങളിലും ഗാർഹിക പീഡനങ്ങളിലും നിശബ്ദരായി നരകയാതന അനുഭവിക്കുന്ന സ്ത്രീകളെ ധൈര്യം നൽകി നിയമത്തിന്‍റെ തണലിൽ എത്തിക്കാൻ സർക്കാരും പൊതുസമൂഹവും ശ്രമിക്കുന്നതിനിടെയുള്ള വനിതാ കമ്മീഷൻ അധ്യക്ഷയുടെ ധാർഷ്ഠ്യം സർക്കാരിനും പാർട്ടിക്കും ഒരേ പോലെ തിരിച്ചടിയായ സ്ഥിതിയാണ്.

അതേസമയം വനിതാ കമ്മീഷൻ അധ്യക്ഷ ജോസഫൈനെതിരെ കോൺഗ്രസ് വഴി തടയൽ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. കെപിസിസി അധ്യക്ഷനായി ചുമതലയേറ്റ കെ സുധാകരന്‍റെ ആദ്യ സമരപ്രഖ്യാപനം ആണിത്. ഇതാദ്യമായല്ല ജോസഫൈനിൽ നിന്നും ഇത്തരം പരാമർശങ്ങൾ ഉണ്ടാവുന്നതെന്നും ഇനിയും വനിതാ കമ്മീഷൻ അധ്യക്ഷസ്ഥാനത്ത് അവരെ തുടരാൻ അനുവദിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും സമരം പ്രഖ്യാപിച്ചു കൊണ്ട് സുധാകരൻ പറഞ്ഞിരുന്നു.

സമൂഹ മാധ്യമങ്ങളിൽ ഇടത് സഹയാത്രികരും കടുത്ത വിമർശനമാണ് ജോസഫൈനെതിരെ ഉയർത്തുന്നത്. പി കെ ശശിക്ക് എതിരെ ഉയർന്ന പീഡന പരാതിയിൽ പാർട്ടി കോടതിയും പൊലീസ് സ്റ്റേഷനുമാണെന്ന ജോസഫൈന്‍റെ പരാമർശവും വിവാദമായിരുന്നു. 89-വയസ്സുള്ള സ്ത്രീക്ക് മർദ്ദനമേറ്റ സംഭവത്തിൽ പരാതിയറിച്ചവരോട് മോശമായി പെരുമാറിയതിലും ജോസഫൈൻ ആക്ഷേപം നേരിട്ടിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona