ശബരിമല സ്വർണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠരര് രാജീവര് ഗൂഢാലോചനയിൽ പങ്കാളിയാണെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കോടതിയെ അറിയിച്ചു. ഗുരുതരമായ ആരോപണങ്ങൾ അടങ്ങിയ റിമാൻ്റ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, തന്ത്രിക്ക് ജാമ്യം നിഷേധിച്ച് റിമാൻ്റ് ചെയ്തു.

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠരര് രാജീവര് ഗൂഢാലോചനയിൽ പങ്കാളിയെന്ന് എസ്ഐടി. കോടതിയിൽ സമർപ്പിച്ച റിമാന്റ് റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങളാണ് ഉള്ളത്. പ്രതിക്ക് ജാമ്യം നൽകുന്നതിനെ എതിർത്ത എസ്ഐടി, ജാമ്യം നൽകിയാൽ ആത്മീയ പരിവേഷവും സ്വാധീനവും ഉപയോഗിച്ച് തെളിവ് നശിപ്പിക്കാൻ ഇടയുണ്ടെന്നും കോടതിയിൽ വാദിച്ചു. ഇതോടെയാണ് ഇദ്ദേഹത്തിന് ജാമ്യം നൽകാതെ റിമാൻ്റ് ചെയ്തത്.

തന്ത്രി ഭക്തർക്ക് ഇടയിലും സമൂഹത്തിലെ ഉന്നത വ്യക്തികളുമായും അടുത്ത ബന്ധം സൂക്ഷിക്കുന്നയാളെന്ന് എസ്ഐടി ചൂണ്ടിക്കാട്ടി. പോറ്റി - തന്ത്രി ബന്ധം അന്വേഷിക്കണം. സാമ്പത്തിക ഇടപാടുകളിൽ വിശദമായ അന്വേഷണം വേണം. ശബരിമലയിലെ മുതലുകൾ തന്ത്രി അപഹരിച്ചു. ഭക്തരുടെ വിശ്വാസം വ്രണപ്പെടുത്തിയ തന്ത്രിക്ക് ജാമ്യം നൽകുന്നത് തെറ്റായ സന്ദേശം നൽകുമെന്നും എസ്ഐടി വാദിച്ചു.

പ്രതികളുടെ കൂട്ടുത്തരവാദിത്വത്തെകുറിച്ച് അന്വേഷണം വേണമെന്ന് എസ്ഐടി ആവശ്യപ്പെട്ടു. തന്ത്രി ആചാര ലംഘനം നടത്തി ഗൂഢാലോചനയിൽ പങ്കാളിയായി. ഉണ്ണികൃഷ്ണൻ പോറ്റിക്ക് ദേവസ്വം ബോർഡ് നിർദേശ പ്രകാരം സ്വർണപ്പാളികൾ നൽകിയപ്പോൾ തന്ത്രി തടഞ്ഞില്ല. ഇതിന് മൗനാനുവാദം കൊടുത്തു. ദേവസ്വം മാനുവൽ പ്രകാരം തന്ത്രി ക്ഷേത്ര ചൈതന്യം കാത്തു സൂക്ഷിക്കാൻ ബാധ്യസ്ഥനാണെന്നും എസ്ഐടിയുടെ റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.

റിമാൻ്റിലായ തന്ത്രിയെ തിരുവനന്തപുരത്തെ സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റി. 14 ദിവസത്തേക്കാണ് അദ്ദേഹത്തെ കോടതി റിമാൻ്റ് ചെയ്തത്. പിന്നാലെ കോടതിയിൽ പ്രതിഭാഗം ജാമ്യാപേക്ഷ സമർപ്പിച്ചു. ഇത് ജനുവരി 13 ന് പരിഗണിക്കാനായി മാറ്റി. അതിനാൽ വരും ദിവസങ്ങളിലും തന്ത്രി കണ്‌ഠരര് രാജീവരര് ജയിലിൽ കഴിയേണ്ടി വരും.