കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രക്ഷോഭത്തിന്‍റെ ഭാഗമായാണ് ഭരണഘടനാ സംരക്ഷണ സംഗമം സംഘടിപ്പിക്കുന്നത്.

കൊച്ചി: സിപിഎമ്മിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഭരണഘടനാ സംരക്ഷണ സംഗമം ഇന്ന് കൊച്ചിയില്‍ നടക്കും. വൈകിട്ട് അ‍ഞ്ചിന് മറൈൻ ഡ്രൈവിലാണ് പരിപാടി. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ ഒരു ലക്ഷത്തിലധികം പേര്‍ പങ്കെടുക്കും. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രക്ഷോഭത്തിന്‍റെ ഭാഗമായാണ് ഭരണഘടനാ സംരക്ഷണ സംഗമം സംഘടിപ്പിക്കുന്നത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, മന്ത്രിമാരായ കെ ടി ജലീല്‍, രാമചന്ദ്രൻ കടന്നപ്പള്ളി തുടങ്ങിയവരും പങ്കെടുക്കും.

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം വ്യാപിപ്പിക്കാനാണ് സിപിഎമ്മിന്‍റെ തീരുമാനം. കണ്ണൂരിലെ 104 കേന്ദ്രങ്ങളിൽ സിപിഎം ഭരണഘടനാ സംരക്ഷണ കൂട്ടായ്മകൾ നടത്തും. പ്രതിഷേധ പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കും. ജനുവരി 13ന് തലശേരിയിൽ നടക്കുന്ന പരിപാടിയിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്. 

അതേസമയം, മുസ്ലീംലീഗും പൗരത്വ ഭേദഗതിക്കെതിരായ പ്രക്ഷോഭം വ്യാപിപ്പിക്കാനൊരുങ്ങുകയാണ്. ഈ മാസം 11, 12 തിയതികളിൽ സംസ്ഥാന വ്യാപകമായി വിവിധ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കും. 12 ന് മലപ്പുറം ജില്ലയിൽ മനുഷ്യ മതിൽ തീർക്കും. മുസ്ലീം ലീഗ് സംസ്ഥാന കമ്മറ്റിയുടെ തീരുമാനപ്രകാരമാണ് സമരപരിപാടികൾ സംഘടിപ്പിക്കുന്നത്.