തെരഞ്ഞെടുപ്പിൽ എൽഡിഎഫ് നേരിട്ട തിരിച്ചടിക്ക് കാരണമായി ഒട്ടേറെ ഘടകങ്ങളുണ്ടെന്ന് എ വിജയരാഘവൻ. വലതുപക്ഷ സാധ്യതകളും വർഗീയ കൂട്ടുകെട്ടും ഉൾപ്പെടെ പരാജയ കാരണമാണെന്ന് പറഞ്ഞ അദ്ദേഹം, പരിശോധിച്ച ശേഷം വിശദീകരിക്കാമെന്നും അറിയിച്ചു.
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം അണികളും നേതാക്കളും ഷെയർ ചെയ്ത് എടുക്കട്ടെയെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. ഭരണത്തിലെ പരിമിതി ഉൾപ്പെടെ പരാജയത്തിന് ഒട്ടേറെ ഘടകങ്ങളുണ്ട്. പിണറായിയാണോ മറ്റേതെങ്കിലും നേതാവാണോ പരാജയ കാരണമെന്ന് പരിശോധിക്കുന്നത് പാർട്ടിയുടെ പണിയല്ലെന്നും മാധ്യമങ്ങളെടുക്കുന്ന പണിയാണെന്നും വിജയരാഘവൻ പറഞ്ഞു.
മാധ്യമ വ്യാഖ്യാനങ്ങൾക്ക് മറുപടി പറയേണ്ടതില്ല. അണികളും നേതാക്കളും പങ്കുവെക്കേണ്ടത് മാത്രമല്ല വിഷയങ്ങൾ. പരാജയത്തിന് ഒട്ടേറെ ഘടകങ്ങൾ ഉണ്ട്. പത്രക്കാർക്ക് പിണറായിയാണോ മറ്റേതെങ്കിലും നേതാവാണോ പരാജയ കാരണമെന്ന് നോക്കിയാൽ മതി. ഭരണപരമായ സംഘടനാപരമായ പരിമിതികൾ ഉണ്ട്, വലതുപക്ഷ സാധ്യതകളുണ്ട്, വർഗീയ കൂട്ടുകെട്ട് ഉണ്ട്, ഇതെല്ലാം പരാജയ കാരണമാണെന്ന് എ വിജയരാഘവൻ പറഞ്ഞു.
പാർട്ടി നിലപാടിനൊപ്പം ജനങ്ങളെ അണിനിരത്തുന്നതിൽ സംഘടനാപരമായി വീഴ്ചയുണ്ടായി. ആ വീഴ്ച പാർട്ടി നിലപാട് കാരണമെന്ന് പറയാൻ പറ്റില്ല. മാധ്യമങ്ങൾ കുറച്ചുദിവസം ഒന്ന് ക്ഷമിക്കണം. തങ്ങൾ പരിശോധിച്ച് വീണ്ടും മാധ്യമങ്ങളോട് വിശദീകരിക്കാമെന്നും എ വിജയരാഘവൻ പറഞ്ഞു.
കാന്തപുരത്തിന്റെ പ്രസ്താവന സംബന്ധിച്ച ചോദ്യത്തോട്, സ്ത്രീപക്ഷ നിലപാട് എന്നും ഉയർത്തിപ്പിടിക്കണമെന്ന് എ വിജയരാഘവൻ പ്രതികരിച്ചു. മുഖ്യമന്ത്രിക്ക് രണ്ട് നിലപാടാണ്. വന്ദേമാതരത്തിൽ മുഖ്യമന്ത്രി അവസരവാദ നിലപാട് കാണിച്ചു. കാന്തപുരത്തിൻ്റെ പ്രസ്‌താവനയിലും രണ്ട് നിലപാടുണ്ട്. മുഖ്യമന്ത്രിക്ക് രാവിലെയും വൈകിട്ടും ഓരോ നിലപാട്. നിലപാട് എടുത്താൽ മുഖ്യമന്ത്രി ഉറച്ച് നിൽക്കണം. മുഖ്യമന്ത്രി ബുദ്ധിയോടെ കളിക്കുന്നതിൽ വിദഗ്ധനാണെന്നും എ വിജയരാഘവൻ പരിഹസിച്ചു.


