പാര്‍ട്ടി കമ്മിറ്റികളില്‍ താനടക്കം പിണറായി വിജയനെ വിമര്‍ശിക്കാറുണ്ടെന്ന് ഇ പി ജയരാജന്. എന്നാല്‍ അക്കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് പറയാറില്ലെന്നും അത് പാര്‍ട്ടി സംഘടനാ കാര്യമാണെന്നും പറയേണ്ടത് പാര്‍ട്ടിയില്‍ പറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദില്ലി: പിണറായി വിജയനെ വിമര്‍ശിക്കാന്‍ എന്തിന് പേടിക്കണമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജന്. പാര്‍ട്ടി കമ്മിറ്റികളില്‍ താനടക്കം അദ്ദേഹത്തെ വിമര്‍ശിക്കാറുണ്ടെന്നും ഇ പി ജയരാജന് പറഞ്ഞു. എന്നാല്‍ അക്കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് പറയാറില്ലെന്നും അത് പാര്‍ട്ടി സംഘടനാ കാര്യമാണെന്നും പറയേണ്ടത് പാര്‍ട്ടിയില്‍ പറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഎം അവലോകന റിപ്പോർട്ട് പ്രസിദ്ധീകരിച്ച നടപടിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ഇ പിയുടെ പരാമര്‍ശം. പിണറായി വിജയനെ വിമര്‍ശിക്കുന്നതിന് പാര്‍ട്ടി നേതൃത്വത്തിന് പേടിയുണ്ടോ എന്ന ചോദ്യത്തിനായിരുന്നു ഇ പി ജയരാജന്റെ മറുപടി.
സിപിഎം തെരഞ്ഞെടുപ്പ് അവലോകനം
കേരളത്തിൽ പിണറായി വിജയനിൽ ചുറ്റിയുള്ള വ്യക്തി കേന്ദ്രീകൃത പ്രചാരണം തിരിച്ചടിക്കിടയാക്കിയെന്നാണ് സിപിഎം കേന്ദ്ര കമ്മിറ്റി പ്രസിദ്ധീകരിച്ച തെരഞ്ഞെടുപ്പ് അവലോകനം. രണ്ടാം പിണറായി സർക്കാരിനെ നിരീക്ഷിക്കാനും വീഴ്ചകൾ തടയാനും പാർട്ടിക്ക് സംവിധാനം ഉണ്ടായില്ലെന്നും കേന്ദ്ര കമ്മിറ്റി വിമർശിക്കുന്നു. എന്തൊക്കെ കാരണങ്ങൾ പറഞ്ഞാലും കെകെ ശൈലജയെ മണ്ഡലം മാറ്റിയത് ജനങ്ങളിൽ സംശയങ്ങൾക്ക് ഇടയാക്കിയെന്നും രേഖ കുറ്റപ്പെടുത്തുന്നു.
ഭരണവിരുദ്ധ വികാരം ഇല്ലെന്ന സംസ്ഥാന നേതൃത്വത്തിൻ്റെ നിലപാട് തള്ളുന്നതാണ് സിപിഎം കേന്ദ്ര കമ്മിറ്റി പ്രസിദ്ധീകരിച്ച അവലോകന രേഖ. പൊലീസ്, ഉദ്യോഗസ്ഥ സ്വേച്ഛാധിപത്യം ജനങ്ങൾ അകലാൻ ഇടയാക്കി. എല്ലാം ഉദ്യോഗസ്ഥർക്ക് വിട്ടു കൊടുത്തത് പാർട്ടി പ്രവർത്തകരെ നിഷ്ക്രിയരാക്കി. കെഎസ്ആർടിസി, നിർമ്മാണ തൊഴിലാളി പെൻഷനുകളുടെ കുടുശ്ശിക, മണൽവാരൽ, വന്യജീവി ആക്രമണം തുടങ്ങി നിരവധി വിഷയങ്ങൾ ഭരണവിരുദ്ധ വികാരത്തിന് ഇടയാക്കി. പാർട്ടി സർക്കാരിനെ നിരീക്ഷിക്കുന്നതിൽ പരാജയപ്പെട്ടതിന് പിഎം ശ്രീ വിവാദം ഉദാഹരണമാണ്. മുൻ സർക്കാരിൻ്റെ കാലത്ത് പാർട്ടി സർക്കാർ ഉപസമിതിയും, കാബിനറ്റ് ഫ്രാക്ഷൻ കമ്മിറ്റിയും ഉണ്ടായിരുന്നു. 54 എംഎൽഎമാർ സ്വന്തം മണ്ഡലങ്ങളിൽ മത്സരിച്ചപ്പോൾ കെ കെ ശൈലജയെ മാത്രം മാറ്റിയത് ജനങ്ങളിൽ സംശയങ്ങൾക്ക് ഇടയാക്കി. ജനാഭിപ്രായം ഇക്കാര്യത്തിൽ പാർട്ടിക്ക് എതിരായിരുന്നു. കണ്ണൂരിൽ നേരത്തെ രണ്ട് ന്യൂനപക്ഷ സ്ഥാനാർത്ഥികൾ ഉണ്ടായിരുന്നെങ്കിൽ ഇത്തവണ ആരെയും നിറുത്തിയില്ല. സ്ത്രീകൾക്ക് വേണ്ടത്ര സീറ്റു നല്‍കുന്നതിലും പാർട്ടി പരാജയപ്പെട്ടു.
സർക്കാരിലുള്ളപ്പോൾ സമരങ്ങൾ വേണ്ട എന്ന പിന്തിരിപ്പൻ കാഴ്ചപാട് തിരുത്തണം. യോഗി ആദിത്യനാഥിൻ്റെ സന്ദേശം ഇടതു സർക്കാർ ചോദിച്ചു വാങ്ങിയത് വിചിത്രം എന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. പൊതുയോഗങ്ങളിലെ പ്രസംഗങ്ങളിലും മാധ്യമങ്ങളോട് സംസാരിക്കുന്നതിലും നേതാക്കൾ വീഴ്ച വരുത്തി. ടിവി ചർച്ചകളിലുൾപ്പടെ ഫലപ്രദമായി സംസാരിക്കാൻ യുവ നേതാക്കളെ പ്രാപ്തരാക്കണം. അമ്പലകമ്മിറ്റികളിൽ കൂടുതൽ ഇടപെട്ട് ആർഎസ്എസ് ബിജെപി നീക്കം തടയണം എന്ന തീരുമാനം നടപ്പാക്കാനായില്ല. താഴേതട്ടിലുള്ളവരുടെ അഭിപ്രായവും വിമർശനവും കേൾക്കണമെന്നും റിപ്പോട്ടിലുണ്ട്. അതിനിടെ പിണറായിയെ എന്തിന് പേടിക്കണമെന്ന ഇപി ജയരാജന്റെ പ്രതികരണവും ശ്രദ്ധേയമാവുകയാണ്. വിമർശനം ഒരുപാടുണ്ട് എന്നാൽ വേണ്ടത്ര സ്വയം വിമർശനം ഇല്ലെന്ന പി കൃഷ്ണപിള്ളയുടെ വാക്കുകൾ ഉദ്ധരിച്ചു കൊണ്ട് വീഴ്ച അംഗീകരിക്കാൻ തയ്യാറാകാത്ത സംസ്ഥാനത്തെ ഉന്നത നേതൃത്വത്തിന് പരോക്ഷ മുന്നറിയിപ്പും കേന്ദ്ര കമ്മിറ്റി നല്‍കുന്നുണ്ട്.

