Asianet News MalayalamAsianet News Malayalam

'ഒരു ശതമാനം വളർന്ന് ഇന്ത്യയുടെ മതസ്വത്വം തകർക്കും എന്നാണ് ആർഎസ്എസ് മേധാവി പറയുന്നത്!'; വിമർശനവുമായി എംഎ ബേബി

രാജ്യത്ത് ജനസംഖ്യാ നിയന്ത്രണം വേണമെന്നും ഇന്ത്യയിൽ  മതാടിസ്ഥാന അസമത്വവും നിർബന്ധിത മതപരിവർത്തനങ്ങളും കാരണം രാജ്യത്തിന്റെ സ്വത്വരൂപം നഷ്ടപ്പെട്ടുപോകുമെന്ന മോഹൻ ഭാ​ഗവതിന്റെ പരാമർശത്തിനെതിരെയാണ് എംഎ ബേബി രം​ഗത്തെത്തിയത്.  

CPM Leader MA Baby Facebook post against Mohan Bhagwat speech
Author
First Published Oct 5, 2022, 7:07 PM IST

തിരുവനന്തപുരം: ആർഎസ്എസ് തലവൻ മോഹൻ ഭാ​ഗവതിന്റെ വിജയദശമി പ്രസം​ഗത്തിലെ പരാമർശങ്ങൾക്കെതിരെ സിപിഎം നേതാവ് എംഎ ബേബി. ആർഎസ്എസ് തലവൻ മോഹൻ ഭഗവത് വീണ്ടും പഴയ കുപ്പിയിൽ പഴയ വീഞ്ഞുമായി വന്നിട്ടുണ്ടെന്ന് എംഎ ബേബി വിമർശിച്ചു. തൊഴിലില്ലായ്മയും ദാരിദ്ര്യവും കാരണം രാജ്യം പ്രതിസന്ധി നേരിടുമ്പോൾ മതവിദ്വേഷം അല്ലാതെ മറ്റൊന്നും ഇവരുടെ ചിന്തയിലില്ലെന്നും അദ്ദേഹം വിമർശിച്ചു. രാജ്യത്ത് ജനസംഖ്യാ നിയന്ത്രണം വേണമെന്നും ഇന്ത്യയിൽ  മതാടിസ്ഥാന അസമത്വവും നിർബന്ധിത മതപരിവർത്തനങ്ങളും കാരണം രാജ്യത്തിന്റെ സ്വത്വരൂപം നഷ്ടപ്പെട്ടുപോകുമെന്ന മോഹൻ ഭാ​ഗവതിന്റെ പരാമർശത്തിനെതിരെയാണ് എംഎ ബേബി രം​ഗത്തെത്തിയത്.  

ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളെല്ലാം ചേർന്ന് പതിനഞ്ചു ശതമാനത്തിൽ താഴെ വരൂ. അവരുടെ വളർച്ച എത്ര അസമത്വത്തിൽ ഊന്നിയതായായാലും 85 ശതമാനത്തെ വെല്ലുവിളിക്കാൻ പോരുന്നതല്ല എന്നത് എല്ലാ ജനസംഖ്യ വിദ​ഗ്ധരും സമ്മതിക്കുന്ന കാര്യമാണ്. അഞ്ഞൂറ് വർഷത്തെ കോളനി ഭരണകാലം മുതൽ നടന്ന മതപരിവർത്തനമെല്ലാം കൊണ്ട് ഇന്ത്യയിലെ ക്രിസ്ത്യാനികൾ ഒരു ശതമാനത്തിന് അല്പം കൂടുതൽ മാത്രമാണ്. ഈ ഒരു ശതമാനം വളർന്ന് ഇന്ത്യയുടെ മതസ്വത്വം തകർക്കും എന്നാണ് ആർഎസ്എസ് മേധാവി പറയുന്നത്! 

ഇന്ത്യയെ, 85 ശതമാനം വരുന്ന ഹിന്ദുക്കളെയടക്കം ഇന്ത്യാക്കാരെ ആകെ ബാധിക്കുന്ന പ്രശ്നം വർധിച്ചു വരുന്ന ദാരിദ്ര്യവും തൊഴിലില്ലായ്മയും സാമൂഹിക അസമത്വവുമാണ്. അതിനെ നേരിടാൻ വർഗീയവിദ്വേഷം പടർത്താൻ നോക്കുന്ന ആർഎസ്എസ് ഒരു ദേശവിരുദ്ധ ശക്തിയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. 


എംഎ ബേബിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

 ആർഎസ്എസ് തലവൻ മോഹൻ ഭഗവത് വീണ്ടും പഴയ കുപ്പിയിൽ പഴയ വീഞ്ഞുമായി വന്നിട്ടുണ്ട്! തുടങ്ങിയിട്ട് ഒരു നൂറ്റാണ്ടായിട്ടും, ഇരുട്ടടിഞ്ഞ മനസ്സുകൾ ഉല്പാദിപ്പിക്കുന്ന മതവിദ്വേഷം അല്ലാതെ മറ്റൊന്നും ഇവരുടെ ചിന്തയിലില്ലല്ലോ! 
ഇന്ത്യയിൽ ദാരിദ്ര്യവും തൊഴിലില്ലായ്‌മയും അസമത്വവും വർധിച്ചുവരികയാണെന്നും ഇന്ത്യയിൽ ദാരിദ്ര്യം രാക്ഷസരൂപംപൂണ്ട്‌ നിൽക്കുകയാണെന്നും ഇന്നലെ പറഞ്ഞത് ആർഎസ്‌എസ്‌ ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെയാണ്. 20 കോടിയിലേറെ ജനങ്ങൾ ദാരിദ്ര്യരേഖയ്‌ക്കു താഴെയാണ്. 23 കോടിയിലധികം ആൾക്കാർക്ക്‌ ദിവസം 375 രൂപയ്‌ക്കു താഴെ മാത്രമാണ്‌ വരുമാനം. നാലു കോടിയിലധികമാണ്‌ തൊഴിൽരഹിതർ. ലേബർ ഫോഴ്‌സ്‌ സർവേ അനുസരിച്ച്‌ തൊഴിലില്ലായ്‌മ നിരക്ക്‌ 7.6 ശതമാനമാണെന്നും അദ്ദേഹം പറഞ്ഞു. ജനസംഖ്യയുടെ ഒരു ശതമാനം രാജ്യത്തിന്റെ മൊത്തം സമ്പത്തിന്റെ അഞ്ചിൽ ഒന്നും (20 ശതമാനം) കൈയടക്കി വയ്‌ക്കുന്നത്‌ നല്ല സാഹചര്യമാണോ എന്നദ്ദേഹം ചോദിച്ചു. ഭൂരിഭാഗം മേഖലകളിലും ജനങ്ങൾക്ക്‌ നല്ല വെള്ളമോ പോഷകാഹാരങ്ങളോ ലഭിക്കുന്നില്ലെന്നും- ആർഎസ്എസ് നേതാവ് ഹൊസബലെ പറഞ്ഞു. 

ആർഎസ്എസിൻറെ മേധാവി മോഹൻ ഭഗവത് ഇന്ന് നടത്തിയ പ്രഭാഷണത്തിൽ ഈ പ്രശ്നങ്ങൾക്ക് പരിഹാരവും നിർദേശിച്ചിട്ടുണ്ട്! ഇന്ത്യയിലെ ജനങ്ങളെ വർഗീയമായി വിഭജിക്കുകയാണ് ആർഎസ്എസ് എന്നും വച്ചിട്ടുള്ള പരിഹാരം. ഇന്ത്യയിൽ  ‘മതാടിസ്ഥാന അസമത്വവും’ ‘നിർബന്ധിത മതപരിവർത്തനങ്ങളും’ കാരണം രാജ്യത്തിന്റെ സ്വത്വരൂപം നഷ്ടപ്പെട്ടുപോകുമെന്നാണ് അദ്ദേഹത്തിന്റെ വിഷമം.  മതാടിസ്ഥാനത്തിലുള്ള ‘അസമത്വം’ കാരണം കൊസോവോ, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളുടേതു പോലുള്ള ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. ഇതിനൊക്കെ പരിഹാരമായി രാജ്യത്ത് ജനസംഖ്യാ നിയന്ത്രണം വേണമെന്നാണ് അദ്ദേഹം ഉദ്ഘോഷിക്കുന്നത്. 

ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളെല്ലാം ചേർന്ന് പതിനഞ്ചു ശതമാനത്തിൽ താഴെ വരൂ. അവരുടെ വളർച്ച എത്ര അസമത്വത്തിൽ ഊന്നിയതായായാലും 85 ശതമാനത്തെ വെല്ലുവിളിക്കാൻ പോരുന്നതല്ല എന്നത് എല്ലാ ജനസംഖ്യ വിദഗ്ദ്ധരും സമ്മതിക്കുന്ന കാര്യമാണ്. അഞ്ഞൂറ് വർഷത്തെ കോളനി ഭരണകാലം മുതൽ നടന്ന മതപരിവർത്തനമെല്ലാം കൊണ്ട് ഇന്ത്യയിലെ ക്രിസ്ത്യാനികൾ ഒരു ശതമാനത്തിന് അല്പം കൂടുതൽ മാത്രമാണ്. ഈ ഒരു ശതമാനം വളർന്ന് ഇന്ത്യയുടെ മതസ്വത്വം തകർക്കും എന്നാണ് ആർഎസ്എസ് മേധാവി പറയുന്നത്! 
ഇന്ത്യയെ, എൻപത്തഞ്ചു ശതമാനം വരുന്ന ഹിന്ദുക്കളെയടക്കം ഇന്ത്യാക്കാരെ ആകെ ബാധിക്കുന്ന പ്രശ്നം വർധിച്ചു വരുന്ന ദാരിദ്ര്യവും തൊഴിലില്ലായ്മയും സാമൂഹിക അസമത്വവുമാണ്. അതിനെ നേരിടാൻ വർഗീയവിദ്വേഷം പടർത്താൻ നോക്കുന്ന ആർഎസ്എസ് ഒരു ദേശവിരുദ്ധ ശക്തിയാണ്.

Follow Us:
Download App:
  • android
  • ios