മലയിടം തുരുത്തിലെ മുഴുവൻ പുറമ്പോക്ക് ഭൂമിയുടെയും സർവേ നടപടി ഇടതുസർക്കാർ തുടങ്ങിയിരുന്നുവെന്നും ആ സർവേ പൂർത്തീകരിച്ച് പട്ടയം നൽകാനുള്ള നടപടി സ്വീകരിക്കുന്നത് വരെ സമരം തുടരുമെന്നും പി രാജീവ്.
കൊച്ചി: മുഖ്യമന്ത്രിയുടെ ജില്ലയിൽ ഇത്തരത്തിലൊരു പൊലീസ് നടപടി ആരും പ്രതീക്ഷിച്ചില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി രാജീവ്. മുഴുവൻ പുറമ്പോക്ക് ഭൂമിയുടെയും സർവേ നടപടി ഇടതുസർക്കാർ തുടങ്ങിയിരുന്നു. ആ സർവേ പൂർത്തീകരിച്ച് പട്ടയം നൽകാനുള്ള നടപടി സ്വീകരിക്കുന്നത് വരെ സമരം തുടരും. പുതിയ കോടതി ഇടപെടൽ വന്നിട്ടില്ലെന്നും സർക്കാർ മാറിയത് മാത്രമാണ് ഒരു മാറ്റമെന്നും പി രാജീവ് പറഞ്ഞു. എറണാകുളം ജില്ലയിലെ മലയിടം തുരുത്തിലെ പൊലീസ് നടപടിയോട് പ്രതികരിക്കുകയായിരുന്നു പി രാജീവ്. ഇന്നലെയാണ് മലയിടം തുരുത്തിലെ കുടിയൊഴിപ്പിക്കലിൽ നാട്ടുകാർക്കെതിരെ പൊലീസ് നടപടിയുണ്ടായത്.

സിൽവർ ലൈൻ റദ്ദാക്കുമ്പോൾ എന്താണ് ബദൽ പദ്ധതിഎന്ന് വ്യക്തമാക്കണമെന്ന് പി രാജീവ് പറഞ്ഞു. വേഗതയുള്ള ഗതാഗത സൗകര്യം വേണം. തുരങ്ക പാതയ്ക്കെതിരെ പ്രതിപക്ഷ നേതാവായിരിക്കെ വി ഡി സതീശൻ പറഞ്ഞിരുന്നു. അതിൽ എന്തായിരിക്കും നിലപാട്?. കശുവണ്ടി അഴിമതി - പ്രോസിക്യൂഷൻ അനുമതി നൽകേണ്ട എന്നത് തന്നെയായിരുന്നു മുൻ സർക്കാർ നിലപാട്. അതിൽ കോടതി അലക്ഷ്യം നിലനിൽക്കില്ല എന്നായിരുന്നു നിയമോപദേശം കിട്ടിയതെന്നും പി രാജീവ് പറഞ്ഞു.
എറണാകുളം മലയിടം തുരുത്തിൽ ദളിത് കുടുംബങ്ങൾക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തെ രാഷ്ട്രീയ വിഷയമായി ഉയർത്താനൊരുങ്ങുകയാണ് സിപിഎം. അതേസമയം, ബലപ്രയോഗം പാടില്ലെന്ന നിർദേശമുണ്ടായിട്ടും എന്തുകൊണ്ട് പൊലീസ് നടപടിയുണ്ടായെന്ന കാര്യത്തിൽ എറണാകുളം റേഞ്ച് ഐജിക്ക് ആലുവ റൂറൽ എസ് പി ഇന്ന് റിപ്പോർട്ട് നൽകും.
മലയിടം തുരുത്തിൽ സുപ്രീംകോടതി നിർദ്ദേശപ്രകാരം ഏഴു പട്ടികജാതി കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നടപടികൾക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തുകയായിരുന്നു. ഇന്നലെ രാവിലെ മുതൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമായിരുന്നു. അഭിഭാഷക കമ്മീഷൻ അഡ്വ. ജയപാലൻ സ്ഥലത്തെത്തി നടപടികൾക്ക് ശ്രമിച്ചെങ്കിലും, നാട്ടുകാർ സംഘടിച്ച് പ്രതിഷേധിച്ചതോടെ മുന്നോട്ടുപോകാനായില്ല. അതിനിടെ, പ്രതിഷേധക്കാരെ നീക്കം ചെയ്യാനുള്ള പൊലീസിൻ്റെ ശ്രമം സംഘർഷത്തിലേക്ക് വഴിവെക്കുകയായിരുന്നു. ഭൂമിയുടെ ഉടമസ്ഥതയെ ചൊല്ലി അരനൂറ്റാണ്ടായി തുടരുന്ന തർക്കമാണിത്. കോടതി ഉത്തരവ് നടപ്പാക്കാൻ ഇത് പതിനഞ്ചാം തവണയാണ് ശ്രമം നടക്കുന്നത്. എന്നാൽ പ്രതിഷേധം മൂലം ഉത്തരവ് നടപ്പാക്കാനായിരുന്നില്ല.



