കണ്ണൂര്‍: സിപിഎം പാനൂർ ഏരിയകമ്മിറ്റി അംഗമായിരുന്ന പി.കെ.കുഞ്ഞനന്തന്റെ സംസ്കാരം ഇന്ന് കണ്ണൂരിൽ നടക്കും. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഇന്നലെ രാത്രിയായിരുന്നു കുഞ്ഞനന്തന്‍റെ അന്ത്യം. ടിപി വധക്കേസിൽ ശിക്ഷിക്കപ്പെട്ട പി കെ കുഞ്ഞനന്തൻ കഴിഞ്ഞ രണ്ടു വർഷത്തോളമായി തിരുവനന്തപുരം മെഡിക്കൽ കൊളെജിൽ ചികിത്സയിലായിരുന്നു. ആന്തരിക അവയങ്ങളിൽ അണുബാധ കൂടിയതോടെ ഞായറാഴ്ചയാണ് ഐസിയുവിലേക്ക് മാറ്റിയത്. രാത്രി 9.30ഓടെയായിരുന്നു മരണം. 

തിരുവനന്തപുരത്ത് നിന്ന് പാനൂരിലേക്ക് എത്തിച്ച മൃതദേഹം രാവിലെ 8 മണി മുതൽ 9 മണി വരെ സിപിഐ ഏരിയ കമ്മിറ്റി ഓഫീസിലും 9.30 മുതൽ 11 വരെ പാറാട് ടൗണിലും പൊതുദർശനത്തിന് വയ്ക്കും. 12 മണിക്ക് വീട്ടുവളപ്പിലാണ് സംസ്കാരം. ടി പി വധക്കേസിൽ ജീവപര്യന്തം തടവിൽ കഴിഞ്ഞിരുന്ന കു‍ഞ്ഞനന്തന് ശിക്ഷം മൂന്ന് മാസത്തെക്ക് മരവിപ്പിച്ചാണ് വിദഗ്ദ്ധ ചികിത്സക്കായി ജാമ്യം നൽകിയത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ കുഞ്ഞനന്തനെ ആശുപത്രിയിലെത്തി സന്ദർശിച്ചിച്ചിരുന്നു. മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിപിഎം നേതാക്കളും കുഞ്ഞനന്തന്‍റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. 

ടിപി കേസിലെ പതിമൂന്നാം പ്രതിയാണ് പികെ കുഞ്ഞനന്തൻ. 2014 ജനുവരി 24 നാണ് ഗൂഢാലോചന കേസിൽ പി കെ കുഞ്ഞനന്തനെ വിചാരണ കോടതി ജീവപര്യന്തം തടവിനും 1ലക്ഷം രൂപ പിഴ ഒടുക്കാനും ശിക്ഷിച്ചത്. എന്നാല്‍ അനാരോഗ്യം മൂലം മൂന്ന് മാസത്തേക്ക് ഇദ്ദേഹത്തിന്റെ ശിക്ഷ മരവിപ്പിക്കുകയായിരുന്നു. കേരള ഹൈക്കോടതി മൂന്ന് മാസത്തേക്കാണ് ജാമ്യം അനുവദിച്ചിരുന്നത്. കുഞ്ഞനന്തന് വിദഗ്ധ ചികിത്സ ആവശ്യമാണെന്ന മെഡിക്കൽ ബോർഡ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു ജാമ്യം അനുവദിച്ചത്.

Read more: ടിപി വധക്കേസ് പ്രതി പി കെ കുഞ്ഞനന്തൻ അന്തരിച്ചു