ഇത്രയും വലിയ തിരിച്ചടിക്ക് കാരണമെന്തെന്ന് പരിശോധിക്കുമെന്ന് സജി ചെറിയാൻ. സംഘടന ദൗർലബ്യങ്ങൾ വന്നിട്ടുണ്ടാകാം. നിലപാടുകൾ, ഭരണപരമായ കാരണങ്ങൾ എല്ലാം പരിശോധിക്കും. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ എൽഡിഎഫിന് ഉണ്ടായ ഏറ്റവും വലിയ തിരിച്ചടിയാണിതെന്നും സജി ചെറിയാൻ
ആലപ്പുഴ: പ്രതീക്ഷിച്ചതിന് അപ്പുറം ഉള്ള തോൽവിയാണെന്നും തോൽവി അംഗീകരിക്കുന്നുവെന്നും സിപിഎം നേതാവ് സജി ചെറിയാൻ. ഇത്രയും വലിയ തിരിച്ചടിക്ക് കാരണമെന്തെന്ന് പരിശോധിക്കും. സംഘടന ദൗർലബ്യങ്ങൾ വന്നിട്ടുണ്ടാകാം. നിലപാടുകൾ, ഭരണപരമായ കാരണങ്ങൾ എല്ലാം പരിശോധിക്കും. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ എൽഡിഎഫിന് ഉണ്ടായ ഏറ്റവും വലിയ തിരിച്ചടിയാണിത്. പാർട്ടി പരിശോധിക്കും .അതുകൊണ്ട് ആരും അഹങ്കരിക്കേണ്ടെന്നും അടുത്ത തവണ കരയേണ്ടി വരുമെന്നും സജി ചെറിയാൻ പറഞ്ഞു.
യുഡിഎഫ് ഒരുപാട് കള്ള പ്രചാരണങ്ങൾ നടത്തി. ഭരണ വിരുദ്ധ വികാരം ഇല്ല. സർക്കാരിനെതിരെ വികാരം ഉണ്ടായിരുന്നെങ്കിൽ ആദ്യം തോൽക്കേണ്ടത് ഞാൻ ആണ്. ചെങ്ങന്നൂർ മലപ്പുറം പോലെ ഒരു മണ്ഡലം. ഏറ്റവും വലിയ വലതു പക്ഷമണ്ഡലമാണ്. ഈ കൊടുങ്കാറ്റിൽ എങ്ങനെ ജയിക്കുമെന്ന് ഞാൻ പോലും കരുതി. ആലപ്പുഴയിലെ പരാജയം സൂക്ഷ്മമായി പരിശോധിക്കും. ജി.സുധാകരന് ലഭിച്ച വോട്ടുകൾ ട്രെൻഡിന്റെ ഭാഗമാണ്. ജി സുധാകരന്റേത് താത്കാലിക വിജയമാണ്. വലിയ വിജയമായി കരുതേണ്ട. പാർട്ടിയെ തള്ളിപ്പറഞ്ഞുപോയവർക്ക് പാർട്ടി വിരുദ്ധരുടെ വോട്ട് കിട്ടും. ആലപ്പുഴ ജില്ലയിലെ ഓരോ മണ്ഡലവും പരിശോധിക്കും. കേരളം മൊത്തം ഉണ്ടായ തിരിച്ചടിയുടെ ഭാഗമായി കണ്ടാൽ മതി അമ്പലപ്പുഴയും. ജനങ്ങൾക്കിടയിൽ ഇടത് സർക്കാർ മാറട്ടെ പുതിയ സർക്കാർ വരട്ടെ എന്ന കാറ്റ്. ആ കാറ്റിൽ ഇവർ എല്ലാം കയറിപ്പോയി. ശക്തമായ പ്രതിപക്ഷമായി നിലനിൽക്കും. 35പേര് മതി. ആര് പ്രതിപക്ഷ നേതാവ് എന്ന് പാർട്ടി തീരുമാനിക്കും. യുഡിഎഫിന് മൂന്ന് മാസം പോലും ഏകോപിതമായ ഭരണം നടത്താനാകില്ലെന്നും സജി ചെറിയാൻ പറഞ്ഞു.





