Asianet News MalayalamAsianet News Malayalam

'കാക്കിയഴിച്ചുവെച്ചെത്തിയാൽ കൈകാര്യം ചെയ്യും ', പൊലീസുകാരനെതിരെ സിപിഎം നേതാവിന്റെ ഭീഷണി, വീഡിയോ

ഹേമന്ദിനെ കസ്റ്റഡിയിലെടുക്കാനെത്തിയപ്പോൾ പൊലീസ് അതിക്രമം കാണിച്ചെന്നും സ്ത്രീകളുടെ ചിത്രങ്ങൾ പകർത്തിയെന്നും സിപിഎം ആരോപിക്കുന്നു. വീട്ടിൽ അതിക്രമിച്ച് കയറിയ പൊലീസ് പ്രതികാര ബുദ്ധിയോട് ഇടപെട്ടു. സ്ത്രീകളോടക്കം മോശമായി പെരുമാറി. ചിത്രങ്ങൾ പകർത്തിയെന്നും സിപിഎം ആരോപിച്ചു.

cpm leader threatening speech in kozhikkode
Author
Kozhikode, First Published Jan 10, 2021, 4:37 PM IST

കോഴിക്കോട്: പൊലീസിനെതിരെ ഭീഷണി പ്രസംഗവുമായി സിപിഎം നേതാവ്. കോഴിക്കോട് ജില്ലയിലെ ഒഞ്ചിയം ഭാഗത്തെ സിപിഎം ഏരിയ കമ്മിറ്റി അംഗം ഇ എം ദയാനന്ദന്റേതാണ് പ്രസംഗം. വടകര ചോമ്പാല സ്റ്റേഷനിലെ സിപിഒ വിശ്വനാഥനെതിരെയാണ് ഭീഷണി. കാക്കിയഴിച്ച് വെച്ചെത്തിയാൽ പൊലീസുകാരനെ കൈകാര്യം ചെയ്യുമെന്നാണ് ഭീഷണി. പുതുവർഷ ആഘോഷം പൊലീസ് തടഞ്ഞതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടന്നുണ്ടായ സംഭവങ്ങളാണ് ഭീഷണി പ്രസംഗത്തിലേക്ക് നയിച്ചത്. 

വടകര ചോമ്പാല പൊലീസ് സ്റ്റേഷൻ പരിസരത്ത് വലിയ ആൾക്കൂട്ടത്തോടെ നടത്താൻ ശ്രമിച്ച പുതുവത്സര പരിപാടി പൊലീസ് എത്തി തടഞ്ഞതുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. പരിപാടി നടത്താൻ അനുവദിക്കില്ലെന്ന് അറിയിച്ച പൊലീസിനെ വെല്ലുവിളിച്ച ഒരു പാർട്ടി പ്രവർത്തകനെ കസ്റ്റഡിയിൽ എടുക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും ഒരു വിഭാഗം പാർട്ടിക്കാർ ചേർന്ന് ഇയാളെ രക്ഷപ്പെടുത്തി. പിറ്റേദിവസം സിപിഎം അനുഭാവിയും നേരത്തെ പാർട്ടി പ്രവർത്തകനുമായിരുന്ന ഹേമന്തിനെ വീട്ടിലെത്തി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിന് പിന്നാലെയാണ് ഭീഷണി പ്രസംഗമുണ്ടായത്. 

എന്നാൽ ഹേമന്ദിനെ കസ്റ്റഡിയിലെടുക്കാനെത്തിയപ്പോൾ പൊലീസ് അതിക്രമം കാണിച്ചെന്നും സ്ത്രീകളുടെ ചിത്രങ്ങൾ പകർത്തിയെന്നും സിപിഎം ആരോപിക്കുന്നു. വീട്ടിൽ അതിക്രമിച്ച് കയറിയ പൊലീസ് പ്രതികാര ബുദ്ധിയോട് ഇടപെട്ടു. സ്ത്രീകളോടക്കം മോശമായി പെരുമാറി. ചിത്രങ്ങൾ പകർത്തിയെന്നും സിപിഎം ആരോപിച്ചു. ഭീഷണിപ്പെടുത്തിയെന്നത് നിഷേധിച്ച ദയാനന്ദൻ ഇടതുനയം പൊലീസ് അട്ടിമറിച്ചതിലെ പ്രതിഷേധമാണ് പ്രകടിപ്പിച്ചതെന്ന് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. പൊലീസ്  വീട്ടിൽ കയറി അതിക്രമം കാണിക്കുകയായിരുന്നു. സ്ത്രീകളുെട ചിത്രങ്ങൾ പകർത്തിയെന്നും ദയാനന്ദൻ ആരോപിച്ചു.  

ഇതേ യോഗത്തില്‍ സിപിഎം ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗം ടി.പി ബീനിഷും പൊലിസിന് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകരെ അകാരണമായി മര്‍ദ്ദിക്കുന്ന പൊലീസുകാരുടെ ഗതിയറിയാന്‍ ചരിത്രം പരിശോധിച്ചാല്‍ മതിയെന്നാണ് ബിനീഷിന്‍റെ പ്രസംഗം. അതേസമയം ഔദ്യോഗിക കൃത്യ നിര്‍ഹണം തടസപ്പെടുത്തിയതിന് രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുത്തതായി ചോമ്പാല പൊലീസ് അറിയിച്ചു. എന്നാല്‍ ഭീഷണി പ്രസംഗത്തിന്‍റെ പേരില്‍ ആര്‍ക്കെതിരെയും കേസ് എടുത്തിട്ടില്ല.

 

Follow Us:
Download App:
  • android
  • ios