സുധാകരൻ പ്രസിഡന്റ്‌ ആയതോടെ  കോൺഗ്രസ്‌ ക്രിമിനൽ സംഘത്തിന്റെ കയ്യിലാണ്. സുധാകരന്റെ കണ്ണൂർ ശൈലിയാണ് സമാധാനം തകർക്കുന്നത്. ഈ ശൈലി കേരളത്തിൽ വ്യാപിപ്പിക്കാൻ ശ്രമം നടക്കുന്നുവെന്നും പി ജയരാജന്‍ കുറ്റപ്പെടുത്തി.

ഇടുക്കി: എസ്എഫ്ഐ പ്രവർത്തകരൻ ധീരജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡൻറ് കെ സുധാകരനെതിരെ വിമർശനം കടുപ്പിച്ച് സിപിഎം. കെപിസിസി പ്രസിഡൻ്റായി ഒരു ക്രിമിനൽ നിയമിതനായിയെന്ന് എം വി ജയരാജൻ വിമര്‍ശിച്ചു. നീരജിന്‍റേത് ആസൂത്രിത കൊലപാതകമാണെന്ന് പി ജയരാജൻ ആരോപിച്ചു. വിദ്യാർത്ഥികൾ അല്ല കൊലപാതകം നടത്തിയത് എന്നത് ആസൂത്രണത്തിലെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു കുടുംബത്തിൻ്റെ ആകെ പ്രതീക്ഷ തല്ലിക്കെടുത്തി. കെ പി സി സി യുടെ പ്രസിഡൻ്റായി ഒരു ക്രിമിനൽ നിയമിതനായിയെന്നും അത് കോൺഗ്രസ് അണികളെ അക്രമകാരികളാക്കി മാറ്റിയെന്നും എം വി ജയരാജൻ വിമര്‍ശിച്ചു. എസ്എഫ്ഐക്കാർ വഴിക്ക് വച്ച ചെണ്ടയെ പോലെ അക്രമിക്കപ്പെടാൻ വിധിക്കപ്പെട്ടവരല്ല. ഭൂമിക്കും താഴെ ക്ഷമിച്ച് നിൽക്കുകയാണ്. അക്രമത്തിന് ആഹ്വാനം നൽകിയത് കെ സുധാകരനാണെന്ന് ആരോപിച്ച, എം വി ജയരാജൻ കാഞ്ഞിരക്കുരുവിൽ നിന്നും പാല് കിട്ടില്ലെന്ന് ജനം മനസിലാക്കണമെന്നും പറഞ്ഞു. ധീരജിൻ്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു എം വി ജയരാജൻ .

എല്ലാവർക്കും കുത്തേറ്റത് നെഞ്ചിലാണ്. പരാജയം മുൻകൂട്ടി കണ്ടുകൊണ്ട് കോൺഗ്രസ്‌ ക്രിമിനലുകൾ അക്രമം നടത്തുകയായിരുന്നുവെന്നും പി ജയരാജന്‍ ആരോപിച്ചു. പ്രതി കെപിസിസി പ്രസിഡന്റിനൊപ്പം നിൽക്കുന്ന ചിത്രം പുറത്ത് വന്നിട്ടുണ്ട്. സുധാകരൻ പ്രസിഡന്റ്‌ ആയതോടെ കോൺഗ്രസ്‌ ക്രിമിനൽ സംഘത്തിന്റെ കയ്യിലാണ്. സുധാകരന്റെ കണ്ണൂർ ശൈലിയാണ് സമാധാനം തകർക്കുന്നത്. ഈ ശൈലി കേരളത്തിൽ വ്യാപിപ്പിക്കാൻ ശ്രമം നടക്കുന്നുവെന്നും പി ജയരാജന്‍ കുറ്റപ്പെടുത്തി. ധീരജിനെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിൽ പൊലീസിന് വീഴ്ച വന്നോ എന്ന് എസ്എഫ്ഐയുടെ പരാതി പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.