Asianet News MalayalamAsianet News Malayalam

മികവുറ്റ സംഘാടനം, കാർക്കശ്യമുള്ള കമ്മ്യൂണിസ്റ്റ്, ജനമനസ് തൊട്ട പൊതുപ്രവർത്തനം; കോട്ടയംകാരുടെ പ്രിയ വിഎൻവി

എതു രംഗത്ത് എത്തിയാലും ആ മേഖലയെക്കുറിച്ച് വ്യക്തമായി പഠിച്ച് കാര്യങ്ങള്‍ നടത്തുക എന്നതാണ് വാസവനിലെ പൊതുപ്രവര്‍ത്തകനെ വ്യത്യസ്തനാക്കുന്നത്. സമ്മേളനകാലങ്ങളിലൊക്കെ പിണറായിക്കൊപ്പം പാര്‍ട്ടിയെ നിര്‍ത്താൻ വാസവനായി. രണ്ട് പതിറ്റാണ്ടിന് ശേഷം സിപിഎമ്മിന് കോട്ടയത്ത് നിന്ന് ഒരു മന്ത്രി വരുമ്പോള്‍ രാഷ്ട്രീയമായി പാര്‍ട്ടി ഏറെ പ്രതീക്ഷിക്കുന്നുണ്ട് അവിടുത്തെ ജനങ്ങൾ. 

cpm minister vn vasavan profile
Author
Kottayam, First Published May 18, 2021, 4:50 PM IST

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസിനെ ഇടത് മുന്നണിയിലെടുക്കുന്നതിന് പിന്നിലെ ആണിക്കല്ലായിരുന്നു വിഎൻ വാസവൻ. തദ്ദേശ- നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ആ മുന്നണി മാറ്റ പരീക്ഷണം വിജയിച്ചതും സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എന്ന നിലയിലെ പ്രവര്‍ത്തന മികവുമാണ് വിഎൻ വാസനെ മന്ത്രി പദത്തിലേക്കെത്തിച്ചത്. 

കോട്ടയത്തുകാർക്ക് വിഎൻവിയാണ് വിഎൻ വാസവൻ, ജില്ലയിലെ പാര്‍ട്ടിയുടെ അവസാനവാക്ക്. കെ ജെ തോമസില്‍ നിന്നും വാസവനിലേക്ക് കോട്ടയത്തെ സിപിഎമ്മിന്‍റെ കടിഞ്ഞാണെത്തുമ്പോള്‍ അത്ര മികവുറ്റതായിരുന്നില്ല പാര്‍ട്ടിയുടെ സ്ഥിതി. ക്രൈസ്തവ ഭൂരിപക്ഷമേഖലകളിലൊന്നും കയറിച്ചെല്ലാനാകാത്ത അവസ്ഥ. ആ നിലയില്‍ നിന്നാണ് പാര്‍ട്ടി ജില്ലാ സെക്രട്ടറി പദം ഏറ്റെടുത്ത് ആറാമത്തെ വര്‍ഷം സിപിഎമ്മിന് കോട്ടയത്തും മധ്യകേരളത്തിലും വാസവൻ ഒരു പേരുണ്ടാക്കിക്കൊടുത്തത്. അതില്‍ ഏറ്റവും ശ്രദ്ധേയമായത് കേരളാ കോണ്‍ഗ്രസുമായുള്ള ഇടത് ബാന്ധവമായിരുന്നു. യുഡിഎഫില്‍ നിന്നും ജോസ് പക്ഷം പിണങ്ങിത്തുടങ്ങിയപ്പോഴേ വാസവൻ രഹസ്യമായി അവരെ ഇടത് മുന്നണിയിലെത്തിക്കാനുള്ള ചര്‍ച്ചകള്‍ തുടങ്ങിയിരുന്നു. പരീക്ഷണം പാളിയാല്‍ രാഷ്ട്രീയമായി വലിയ തിരിച്ചടിയുണ്ടാകാനിടയുള്ള ഒരു സാഹസത്തിന് മുതിരുമ്പോള്‍ പിണറായി വിജയനും കൊടിയേരി ബാലകൃഷ്ണനും വാസവന് എല്ലാ പിന്തുണയും നല്‍കി ഒപ്പം നിന്നു. തദ്ദേശതെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ മുന്നണിമാറ്റ  പരീക്ഷണം ഒന്നാംഘട്ടം വിജയിച്ചു. നിയമസഭയില്‍ ഒൻപതില്‍ അഞ്ചും നേടി കോട്ടയത്ത് ഇടത് മുന്നണി തകര്‍പ്പൻ ജയം നേടിയപ്പോള്‍ അത് വാസവന്‍റേയും കൂടി വിജയമായി.

കോട്ടയത്തിന്റെ രാഷ്ട്രീയ മനസിനെ ചുവപ്പിച്ചെടുക്കാന്‍ തെല്ലൊന്നുമല്ല വി എന്‍ വാസവന്‍ എന്ന ജനപ്രിയ കമ്മ്യൂണിസ്റ്റ്  വിയര്‍പ്പൊഴുക്കിയത്. 
മറ്റക്കര വെള്ളേപ്പള്ളിയില്‍ നാരായണന്റെയും കാര്‍ത്ത്യായനിയുടെയും മകന് ചെറുപ്പം ഇല്ലായ്മകളോടുള്ള പോരാട്ടമായിരുന്നു. ആറുമക്കള്‍ അടങ്ങുന്ന ഇടത്തരം കുടുബത്തില്‍ കാര്യങ്ങള്‍ മുന്നോട്ടു പോയിരുന്നത് കഷ്ടപ്പാടിലൂടെയായിരുന്നു. പഠനവും ജീവിതവും ഒന്നിച്ച് കൊണ്ടുപോകാന്‍ സാധിക്കാത്ത സ്ഥിതി. മികച്ച മാര്‍ക്കോടെ  പത്താംക്ളാസ് പാസായെങ്കിലും തുടര്‍ പഠനത്തിന് ഫീസ് തടസമായപ്പോള്‍ എളുപ്പം തൊഴില്‍ ലഭിക്കുന്ന സാങ്കേതിക വിദ്യാഭ്യാസ മേഖലയിലേയാണ് തിരഞ്ഞെടുത്തത്. ആ തിരഞ്ഞെടുപ്പ് ഇടതുപക്ഷ പ്രസ്ഥാനത്തിനാണ് ഗുണമായത്. ഏറ്റുമാനൂര്‍ ഐ ടി ഐ യിലെ വിദ്യാഭ്യാസ കാലം ഇടതുപക്ഷ വിദ്യാര്‍തഥി സംഘടനാ പ്രസ്ഥാനത്തിലെത്തിച്ചു. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അന്ന് വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനം സജീവമല്ലാതിരുന്നതിനാല്‍ വാസവന്റെ പ്രവര്‍ത്തനങ്ങള്‍ ആ കാമ്പസിനുള്ളില്‍ ഒതുങ്ങി. എന്നാല്‍  പഠനം പൂര്‍ത്തിയാക്കി നാട്ടില്‍ തിരിച്ചെത്തിയ വാസവന്‍ നാട്ടിലെ കെ എസ് വൈ എഫിന്റെ സജീവ പ്രവര്‍ത്തകനായി. 

വാസവന്‍ എന്ന കമ്മ്യൂണിസ്റ്റുകാരനെ  വളര്‍ത്തിയതും പാകപ്പെടുത്തിയതും  ജ്ഞാനപ്രകാശിനി ഗ്രന്ഥശാല ആയിരുന്നു. വി എന്‍ വാസവനിലെ ചിട്ടയായ സംഘടനാ പ്രവര്‍ത്തകന്റെ തുടക്കം അവിടെ നിന്നാണ്.  വായനശാലയിലെ ക്‌ളാസുകളില്‍  നിന്ന് യുവജനപ്രസ്ഥാനത്തിന്റെ പഠന ക്ളാസുകളിലേക്കായി യാത്ര. നാട്ടിലെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് പരിഹാരം കാണുന്ന യുവ നേതാവായി വളര്‍ന്നു. ഇതിടെ കര്‍ഷക തൊഴിലാളി സമരത്തില്‍ പങ്കാളിയായി, അതിനെ തുടര്‍ന്നുണ്ടായ സംഘട്ടത്തില്‍ പ്രതിയാക്കപ്പെട്ടു , ഒരുമാസത്തോളം വാസവനടക്കം എഴു പേര്‍ക്ക് ഒളിവില്‍ പോകേണ്ടിവന്നു. ഉമ്മന്‍ചാണ്ടിയുടെ തട്ടകത്തിൽ ഇടതുയുവജന പ്രസ്ഥാനത്തെ വളര്‍ത്തിയെടുത്ത ആ സംഘടനാശേഷി   കെ എസ് വൈ എഫിന്റെ ജില്ലാ ജോയിന്റ സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം  എന്നീ പദവികളില്‍ എത്തിച്ചു. ഡി വൈ എഫ് ഐ  രൂപീകരിക്കുന്ന സമയത്ത് കോട്ടയത്തുനിന്ന് കെ ആര്‍ അരവിന്ദാക്ഷനും , ലാസര്‍ വടക്കനുമൊപ്പം സംസ്ഥാന സമിതി അംഗമായിരുന്നു . കോട്ടയം  ജില്ലയില്‍ എല്ലാഗ്രാമങ്ങളിലും ഡി വൈ എഫ് ഐ യൂണിറ്റുകള്‍ ആരംഭിച്ച്  യുവജന പ്രസ്ഥാനത്തിന് ജില്ലയില്‍ ആഴത്തില്‍ വേരോട്ടം നല്‍കിയത് ഈ സംഘാടന മികവായിരുന്നു.   അടിയന്തരവസ്ഥക്കാലത്ത് വാസവന്‍ പൂര്‍ണ്ണസമയ പ്രവര്‍ത്തകനായി മാറുകയായിരുന്നു. ഏറ്റെടുക്കുന്ന ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കുന്ന  ചെറുപ്പക്കാരനെ പാര്‍ട്ടി പുതിയ ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിച്ചു. 

വാസവനിലെ സംഘാടകനെയും കര്‍ക്കശക്കാരനായ പാര്‍ട്ടിക്കാരനെയും  തിരിച്ചറിഞ്ഞ അന്നത്തെ പാര്‍ട്ടി നേതൃത്വം ആ ചെറുപ്പക്കാരനെ തൊഴിലാളി സംഘടനാ രംഗത്തേക്ക് കൊണ്ടുവരികയായിരുന്നു.  അടിന്തരാവസ്ഥ കഴിഞ്ഞ്  പാമ്പാടിലെ ചെത്തുതൊഴിലാളി യൂണിയന്‍  പ്രസ്ഥാനം വലിയ പ്രതിസന്ധിയിലൂടെ കടന്നു പോയപ്പോള്‍ മറ്റക്കരയില്‍ നിന്ന് പാമ്പാടിയില്‍ എത്തി അതിന്റെ ചുമതലക്കാരനാവാന്‍ നിര്‍ദേശം നല്‍കി.  മുതലാളിമാരുടെ ഗുണ്ടുകളുടെയും രാഷ്ട്രീയ ഗുണ്ടകളുടെയും നിരന്തര ആക്രമണത്തിന് വിധേയമായ പ്രവര്‍ത്തനകാലമായിരുന്നു അത്. തുടര്‍ച്ചയായ ബോബാക്രമണം വരെ അക്കാലയളവില്‍ ഉണ്ടായി. രണ്ടുപേരുടെ ജീവനാണ് അന്ന് പൊലിഞ്ഞത്. കേരള നിയമസഭയില്‍ കത്തിക്കയറിയ പ്രശ്‌നമായിരുന്നു പാമ്പാടിയിലെ തൊഴിലാളിള്‍ക്ക് നേരെ നടന്ന ആക്രമണങ്ങള്‍.  ഗുണ്ടായിസത്തെ നേരിട്ടാണ് വി എന്‍ വാസവന്‍ എന്ന സംഘടനാ നേതാവ് പാമ്പാടിയുടെ രാഷ്ട്രീയം മാറ്റി എഴുതുകയായിരുന്നു. സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച യൂണിയനാക്കി പാമ്പാടി യൂണിയനെ വാസവന്‍ മാറ്റി. ക്രമേണ വാസവന്‍ സഹപ്രവര്‍ത്തകരുടെ പ്രിയ വി എന്‍ വി ആയി, വാസവന്‍ ചേട്ടനായി.  ജില്ലയിലെ സി ഐ ടി യു പ്രസ്ഥാനങ്ങളുടെ ഏറ്റവും മികച്ച നേതാക്കളില്‍ ഒരാളായി മാറാന്‍ അധികകാലം വേണ്ടിവന്നില്ല.  സി ഐ ടി യുവിനെ ശക്തമാക്കി ജില്ലാ സെക്രട്ടറി ,ജില്ലാ പ്രസിഡന്റ് സ്ഥാനങ്ങളില്‍ എത്തി. സി ഐ ടി യു കേന്ദ്ര കമ്മിറ്റിയിലും  അംഗമായി.

ട്രേഡ് യൂണിയൻ രംഗത്തും സഹകരണ മേഖലയിലെ വിജയകൊടി നാട്ടിയതോടെ പാർട്ടിയിലും വി എൻ വാസവൻ എന്ന സംഘാടകൻ ഉയർന്നു  . ജില്ലാ സെക്രട്ടറിയേറ്റ് അംഗം, ജില്ലാ സെക്രട്ടറി, പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങളിലെത്തി. 2015 ൽ സി പി എം ജില്ലാ സെക്രട്ടറിയായി ചുമതല ഏറ്റെടുത്ത ശേഷം ജില്ലയിലെ ഏറ്റവും മികച്ച രാഷ്ട്രീയ സംഘടനയായി സി പി എം മാറി. കേരളം കണ്ട  മികച്ച രാഷ്ട്രീയ നീക്കങ്ങൾക്ക് കോട്ടയം വേദിയായി. തദ്ദേശസ്വയംഭരണ തിരഞ്ഞടുപ്പിലടക്കം മിന്നുന്ന വിജയം ഇടതുമുന്നണിക്ക് ഇക്കാലയളവിൽ സ്വന്തമായി. 
പൊതുതെരഞ്ഞെടുപ്പിൽ വി എൻ വാസവൻ ആദ്യം മത്സരിക്കുന്നത്  പാമ്പാടി പഞ്ചായത്തിലേക്കായിരുന്നു. അവിടെ വിജയമായിരുന്നു. അതു കഴിഞ്ഞ്   നിയമസഭയിലേക്ക് വാസവന്റെ കന്നി അങ്കം പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്ക് എതിരെയായിരുന്നു. 1987 ലെ തെരത്തെടുപ്പിൽ ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം  ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ എത്തിക്കാൻ സാധിച്ചു. ഒരു തവണ കൂടി പുതുപ്പള്ളിയിൽ മൽസരിച്ചു. 2006 ൽ കോട്ടയം നിയമസഭ മണ്ഡലത്തിൽ നിന്നു മൽസരിച്ചു എം എൽ എ ആയി. ഏറ്റുമാനൂർ നിയമസഭാ മണ്ഡലത്തിൽ മൽസരിച്ചാണ് ജില്ലയിലെ തിളക്കമാർന്ന വിജയം ഇത്തവണ സ്വന്തമാക്കിയത് . കോട്ടയം ജില്ലയിലെ ജനറൽ സീറ്റിൽ ഒരു ഇടതുപാർട്ടി സ്ഥാനാർത്ഥിക്ക് ലഭിക്കുന്ന ഏറ്റവും കൂടിയ ഭൂരിപക്ഷം എന്ന റെക്കാഡ് സ്വന്തം പേരിലാക്കി.

എതു രംഗത്ത് എത്തിയാലും ആ മേഖലയെക്കുറിച്ച് വ്യക്തമായി പഠിച്ച് കാര്യങ്ങള്‍ നടത്തുക എന്നതാണ് വാസവനിലെ പൊതുപ്രവര്‍ത്തകനെ വ്യത്യസ്തനാക്കുന്നത്. സമ്മേളനകാലങ്ങളിലൊക്കെ പിണറായിക്കൊപ്പം പാര്‍ട്ടിയെ നിര്‍ത്താൻ വാസവനായി. രണ്ട് പതിറ്റാണ്ടിന് ശേഷം സിപിഎമ്മിന് കോട്ടയത്ത് നിന്ന് ഒരു മന്ത്രി വരുമ്പോള്‍ രാഷ്ട്രീയമായി പാര്‍ട്ടി ഏറെ പ്രതീക്ഷിക്കുന്നുണ്ട് അവിടുത്തെ ജനങ്ങൾ. കാലങ്ങളായി വലത് രാഷ്ട്രീയത്തോടടുത്ത് നില്‍ക്കുന്ന കോട്ടയത്തെ വരുതിയിലാക്കുക, മൂന്ന് വര്‍ഷം കഴിഞ്ഞ് നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മധ്യകേരളത്തില്‍ മുന്നേറ്റമുണ്ടാക്കുക, സിപിഎമ്മിനോട് കാലങ്ങളായി ഇടഞ്ഞ് നില്‍ക്കുന്ന ക്രൈസ്തവ വിഭാഗങ്ങളെ കേരളാ കോണ്‍ഗ്രസുമായി ചേര്‍ന്ന് ഒപ്പം നിര്‍ത്തുക തുടങ്ങി നിയമസഭയിലേക്ക് രണ്ടാം തവണയെത്തുന്ന ഈ പാമ്പാടിക്കാരനെ കാത്തിരിക്കുന്നത് നിറയെ വെല്ലുവിളികളാണ്.


 

Follow Us:
Download App:
  • android
  • ios