തിരുവനന്തപുരം: സിപിഎം മന്ത്രിമാർക്ക് സംസഥാന സമിതിയിൽ വിമർശനം. പ്രവർത്തർക്ക് പലപ്പോഴും സിപിഎം മന്ത്രിമാരെ കാണാൻ കഴിയുന്നില്ല, ചില പ്രവർത്തകരെ കണ്ടാൽ ചില മന്ത്രിമാർ ഒഴിഞ്ഞ് പോകുന്നുവെന്നാണ് സംസ്ഥാന സമിതിയില്‍ ഉയര്‍ന്ന വിമർശനം. ജില്ലാ കമ്മിറ്റി ശുപാർശകൾ പലപ്പോഴും തഴയുന്നതായും സമിതി നിരീക്ഷിച്ചു. മന്ത്രിമാർ പ്രവർത്തകരുടെ പ്രശ്നങ്ങള്‍  കേൾക്കണമെന്ന് സമിതിയില്‍ തീരുമാനം.

മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയൻ മികച്ച പ്രകടനം കാഴ്ചവെക്കുമ്പോൾ മാധ്യമ വാർത്തകൾ പ്രതിച്ഛായയെ കളങ്കപ്പെടുത്തുന്നുവെന്നും സംസ്ഥാന സമിതിയില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നു. മുഖ്യമന്ത്രിയായതിന് ശേഷവും പിണറായി വിജയനെ മാധ്യമങ്ങൾ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നു.പൊലീസിലെ ഒരു വിഭാഗത്തിന്‍റെ ബോധപൂർവ്വം സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ സർക്കാരിന്‍റെ പ്രതിച്ഛായയെ ബാധിക്കുന്നെന്നും സംസ്ഥാന സമിതിയുടെ നിരീക്ഷണം.

ഇന്നലെ ആരംഭിച്ച സിപിഎം സംസ്ഥാന സമിതി നാളെയാണ് അവസാനിക്കുക. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തയ്യാറാക്കിയ തെറ്റ് തിരുത്തൽ കരട് രേഖയിൽ നാളെയും ചർച്ച തുടരും.നാളെ രേഖക്ക് അന്തിമ രൂപം നൽകും