'യുക്രൈൻ യൂറോപ്പിൽനിന്ന് റഷ്യയിലേക്കുള്ള കവാടമാണ്. നെപ്പോളിയനും ഹിറ്റ്‌ലറുമെല്ലാം ഈ വഴിയാണ് കടന്നുവന്നത്. ഹിറ്റ്‌ലറുടെ പടയെ തുരത്തി ലക്ഷക്കണക്കിനു സഖാക്കളുടെ ജീവൻ നൽകി ഫാസിസത്തെ ഉന്മൂലനംചെയ്തത് സ്റ്റാലിന്റെ സോവിയറ്റ് പടയാണ്'

തിരുവനന്തപുരം: യുക്രൈനിലെ റഷ്യൻ ആക്രമണത്തെ (Russia Ukraine Crisis) ന്യായീകരിച്ച് സിപിഎം മുഖപത്രം ( CPM Mouthpiece). അമേരിക്കയുടെ നേതൃത്വത്തിൽ നാറ്റോ റഷ്യക്കെതിരെ വലിയ സൈനികഭീഷണി ഉയർത്താൻ തുടങ്ങിയതാണ് യുക്രൈൻ ആക്രമണത്തിലേക്ക് (Ukraine Crisis) നയിച്ചതെന്നാണ് ദേശാഭിമാനി (Deshabhimani) എഡിറ്റോറിയലിൽ പറയുന്നത്. സ്വന്തം സുരക്ഷയെ മുൻനിർത്തിയാണ്‌ റഷ്യ, യുക്രൈനെ ആക്രമിച്ചതെന്നും പത്രം പറഞ്ഞുവയ്ക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ലാഭോൽപ്പാദനമായ ആയുധവിപണി കൊവിഡ് (Covid 19) കാലത്ത് നിർജീവമായതടക്കമുള്ള ധനമൂലധനത്തിന്‍റെ സ്‌തംഭനാവസ്ഥയാകാം യുക്രയ്‌നിൽ പുകയുന്നതെന്നും ദേശാഭിമാനി ചൂണ്ടികാട്ടിയിട്ടുണ്ട്.

എഡിറ്റോറിയലിലെ പ്രസക്തഭാഗം

യുക്രയ്‌നിൽ തുടങ്ങിയ യുദ്ധം മൂന്നാം ലോകയുദ്ധത്തിന്‍റെ പ്രതീതിയാണ് ഉയർത്തുന്നത്. അമേരിക്കയുടെ നേതൃത്വത്തിലുള്ള സംഖ്യങ്ങൾ ചൈനയെ വിട്ട് ഇപ്പോൾ റഷ്യയെ വളയാനാണ് ലക്ഷ്യമിടുന്നത്. നാറ്റോ റഷ്യക്കെതിരെ വലിയ സൈനികഭീഷണി ഉയർത്തുന്നുണ്ട്. സ്വന്തം സുരക്ഷയെ മുൻനിർത്തിയാണ്‌ യുക്രൈനെതിരെ റഷ്യ യുദ്ധം തുടങ്ങിയത്. യുദ്ധം എന്നും ഏറ്റെടുക്കേണ്ടി വന്ന ജനതയാണ് റഷ്യക്കാർ. വിശ്വസാഹിത്യമായ ‘യുദ്ധവും സമാധാനവും' പിറന്നത് പോലും അത് ചൂണ്ടികാട്ടുന്നതാണ്. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങൾക്ക് ശേഷം അമേരിക്ക ലോകശക്തിയും ഡോളർ ലോക കറൻസിയുമായി. ഇതിന് ബദൽ എന്ന നിലയിൽ യൂറോപ്യൻ യൂണിയൻ രൂപീകൃതമാകുകയും ഡോളറിനു ബദലായി യുറോ അവതരിപ്പിക്കപ്പെടുകയും ചെയ്തു. ഇത് അമേരിക്കൻ മേധാവിത്വത്തിനും നാറ്റോയുടെ പ്രസക്തിക്കും മങ്ങലേൽപ്പിച്ചു. അത് മറികടക്കാനാണ് അമേരിക്ക ഭീകരതയ്‌ക്കെതിരായ യുദ്ധം പ്രഖ്യാപിച്ചത്. പിന്നിട് അമേരിക്കയുടെ നേതൃത്വത്തിൽ നടന്ന നീക്കങ്ങൾ റഷ്യക്ക് പല വിധത്തിലുള്ള വെല്ലുവിളിയാണ് ഉയർത്തിയത്.

യുക്രൈൻ യൂറോപ്പിൽനിന്ന് റഷ്യയിലേക്കുള്ള കവാടമാണ്. നെപ്പോളിയനും ഹിറ്റ്‌ലറുമെല്ലാം ഈ വഴിയാണ് കടന്നുവന്നത്. ഹിറ്റ്‌ലറുടെ പടയെ തുരത്തി ലക്ഷക്കണക്കിനു സഖാക്കളുടെ ജീവൻ നൽകി ഫാസിസത്തെ ഉന്മൂലനംചെയ്തത് സ്റ്റാലിന്റെ സോവിയറ്റ് പടയാണ്. സോവിയറ്റ് യൂണിയൻ തകർന്നപ്പോൾ യൂറോപ്പുമായി നിരവധി കരാറുകൾ മുതലാളിത്ത റഷ്യൻ ഭരണകൂടം ഉണ്ടാക്കിയിരുന്നു. ഇതെല്ലാം അവഗണിച്ചുകൊണ്ടാണ് പുനരുജ്ജീവിപ്പിച്ച നാറ്റോ സഖ്യം പെരുമാറുന്നത്. അഫ്ഗാനിസ്ഥാനിൽനിന്നും ചൈനയിൽനിന്നും ഏറ്റ നാണക്കേട് മായ്ക്കാൻ അമേരിക്ക യൂറോപ്പിനെ ഉപയോഗിച്ച് പുതിയ യുദ്ധക്കളം തുറന്നിരിക്കുകയാണ്. പ്രതിസന്ധിയിലായ ധനമൂലധനത്തിന്റെ വെപ്രാളമാണ് ഇത്. റഷ്യക്കെതിരെ സാമ്പത്തിക ഉപരോധമാണ് ആദ്യം തുടങ്ങിയത്. റഷ്യൻ ബാങ്കുകൾ മരവിപ്പിക്കുക, എണ്ണവിതരണം തടയുക, ഈ പ്രദേശത്തെ ഏകകപ്പൽമാർഗമായ ബാൾട്ടിക് കടൽ ഉപരോധിക്കുക എന്നിങ്ങനെയുള്ള നടപടികൾ ഉണ്ടായി. സോവിയറ്റ് യൂണിയൻ തകർന്നതോടെ ഏഷ്യൻ ഭൂമേഖലയിലും യൂറോപ്പിലും വംശീയത ആഞ്ഞടിച്ചു. സാമ്രാജ്യത്വം ഈ മേഖലകളെയെല്ലാം ആയുധവിപണിയാക്കി. എന്നാൽ ലോകത്തിലെ ഏറ്റവും വലിയ ലാഭോൽപ്പാദനമായ ആയുധവിപണി കൊവിഡ് കാലത്ത് നിർജീവമായി. ഇതടക്കമുള്ള ധനമൂലധനത്തിന്‍റെ സ്‌തംഭനാവസ്ഥയാകാം യുക്രയ്‌നിൽ പുകയുന്നത്.

യുക്രൈൻ പ്രസിഡന്‍റെ ബങ്കറിലേക്ക് മാറ്റി; യുക്രൈനിലെ തത്സമയ വിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യാം

അതേസമയം യുക്രൈനെതിരായ യുദ്ധം നിര്‍ഭാഗ്യകരമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അഭിപ്രായപ്പെട്ടിട്ടു. നാറ്റോ ശ്രമം റഷ്യയ്ക്ക് ഭീഷണിയാണെന്ന് പറഞ്ഞ സിപിഎം യുദ്ധത്തെ തള്ളിപറയുകയായിരുന്നു. യുദ്ധം ഉടന്‍ അവസാനിപ്പിക്കുകയും സമാധാനം പുലരുകയും വേണമെന്നാവശ്യപ്പെട്ട സിപിഎം പി ബി യുക്രൈനെ നാറ്റോ സഖ്യത്തില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമം റഷ്യന്‍ സുരക്ഷയ്ക്ക് കടുത്ത ഭീഷണിയാണ് ഉയർത്തുന്നതെന്നും ചൂണ്ടികാട്ടി.

'ആയുധം താഴെവെച്ചാല്‍ ചര്‍ച്ച'; യുക്രൈന്‍ ആയുധം താഴെവെച്ച് കീഴടങ്ങണമെന്ന് റഷ്യ

സിപിഐ എം പൊളിറ്റ് ബ്യൂറോയുടെ പ്രസ്താവന ഇങ്ങനെ

ഉക്രയ്‌നെതിരായ റഷ്യയുടെ സൈനിക നടപടി നിര്‍ഭാഗ്യകരമാണ്. യുദ്ധം ഉടന്‍ അവസാനിപ്പിക്കുകയും സമാധാനം പുലരുകയും വേണം. ഉക്രയ്‌നെ നാറ്റോ സഖ്യത്തില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമം റഷ്യന്‍ സുരക്ഷയ്ക്ക് കടുത്ത ഭീഷണിയാണ്. കിഴക്കന്‍ യൂറോപ്യന്‍ അതിര്‍ത്തിയിലുള്ള നാറ്റോ സഖ്യവും അവരുടെ മിസൈല്‍ സംവിധാനവും റഷ്യന്‍ സുരക്ഷയെ വലിയ തോതില്‍ ബാധിക്കുന്നു. അതിനാല്‍ തന്നെ റഷ്യന്‍ സുരക്ഷയും, ഒപ്പം ഉക്രയ്‌നെ നാറ്റോയില്‍ ഉള്‍പ്പെടുത്തരുതെന്ന വാദവും നീതിപൂര്‍വ്വകമാണ്. സോവിയറ്റ് യൂണിയന്‍ പിരിച്ചുവിട്ടതിന് പിന്നാലെ നാറ്റോ സൈന്യം കിഴക്കന്‍ മേഖലയിലേയ്ക്ക് നീങ്ങുകയായിരുന്നു. അത് യുഎസ് നല്‍കിയ ഉറപ്പുകള്‍ക്ക് വിരുദ്ധമായിരുന്നു. അതേസമയം, റഷ്യയുടെ ആവശ്യം യുഎസും നാറ്റോയും നിരസിക്കുന്നതും കൂടുതല്‍ സേനയെ യുദ്ധഭൂമിയിലേക്കയക്കാനുള്ള നീക്കവും പ്രശ്‌നം ഗുരുതരമാക്കുന്നു. കിഴക്കന്‍ ഉക്രയ്‌നിലെ ഡോണ്‍ബാസ് പ്രദേശത്തേതടക്കമുള്ള ജനങ്ങളുടെ ആശങ്കകള്‍ പരിഹരിച്ചാല്‍ മാത്രമെ പ്രദേശത്ത് സമാധാനം പുലരുകയുള്ളു. ഉക്രയ്‌നിലെ വിദ്യാര്‍ഥികളെയടക്കമുള്ള ആയിരക്കണക്കിന് വരുന്ന മനുഷ്യരുടെ സുരക്ഷ എത്രയും പെട്ടെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും എല്ലാ ഇന്ത്യക്കാരേയും യുദ്ധഭൂമിയില്‍ നിന്നും ഒഴിപ്പിക്കാനുള്ള നടപടി സ്വീകരിക്കണം.

സിപിഎമ്മിന്‍റെ പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസിന് മുഖ്യമന്ത്രി തറക്കല്ലിട്ടു