തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനും പിണറായി സർക്കാരും തമ്മിലുള്ള ഏറ്റുമുട്ടൽ രാഷ്ട്രീയ പോരായി വഴിമാറുന്നു. ഗവർണർ പറയുന്നത് ബിജെപി പിറ്റേന്ന് ഏറ്റുപിടിക്കുന്നത് രാജ്ഭവൻ്റെ പ്രതിച്ഛായയെത്തന്നെ ബാധിക്കുന്നതായി എ കെ ബാലൻ കുറ്റപ്പെടുത്തി. ഗവര്‍ണറെ കടന്നാക്രമിച്ച് സിപിഐ മുഖപത്രവും രംഗത്തെത്തി.

ഗവർണറോട് ഏറ്റുമുട്ടാൻ ഉറച്ചുതന്നെയാണ് ഇടത് മുന്നണിയുള്ളത്. ഗവര്‍ണര്‍ക്കെതിരെ രാഷ്ട്രീയ ആരോപണവുമായി നിയമമന്ത്രി എ കെ ബാലന്‍ രംഗത്തെത്തി. ആരിഫ് മുഹമ്മദ് ഖാൻ പറയുന്നത് പിറ്റേന്ന് ബിജെപി ഏറ്റുപിടിക്കുന്നുവെന്ന് എ കെ ബാലൻ വിമര്‍ശിച്ചു. ഇത് രാജ്ഭവന്‍റെ പ്രതിച്ഛായയെത്തന്നെ ബാധിക്കുന്നു. ആരിഫ് മുഹമ്മദ് ഖാന്‍ നടപ്പാക്കുന്നത് ആര്‍എസ്എസ് അജണ്ടയെന്ന് സിപിഐ മുഖപത്രം ജനയുഗവും കുറ്റപ്പെടുത്തി. ആരിഫ് മുഹമ്മദ് ഖാൻ പാർട്ടികളുടെ ഇടനാഴികളിൽ അധികാരം യാചിച്ച് നടന്നയാളാണെന്നും വിമർശനം. 

പ്രത്യേക സഭാ സമ്മേളനം വിളിക്കാനുള്ള ശുപാർശയിൽ തീരുമാനം കാത്തിരിക്കുന്നതിനിടെയാണ് രാഷ്ട്രീയ ആരോപണങ്ങള്‍ ഉയരുന്നത്. ഈ മാസം 31 ന് പ്രത്യേക നിയമ സഭ സമ്മേളനം വിളിക്കണം എന്ന സർക്കാരിന്റെ ശുപാർശയിൽ ഗവർണ്ണറുടെ തീരുമാനം നിർണ്ണായകമാണ്. കാർഷിക നിയമ ഭേദഗതി അതീവ പ്രാധാന്യത്തോടെ ചർച്ച ചെയ്യേണ്ട അടിയന്തിര വിഷയം എന്നാണ് സർക്കാരിന്റെ ശുപാര്‍ശ. എന്നാൽ ജനുവരിയിൽ ചേരുന്ന സമ്മേളനത്തിൽ ചർച്ച പോരെ എന്ന നിലപാട് ഗവർണർ നേരത്തെ എടുത്തിരുന്നു. രണ്ടാമതും ശുപാര്‍ശ വന്നതിനാൽ ഗവർണർ വഴങ്ങും എന്നാണ് സർക്കാരിന്‍റെ പ്രതീക്ഷ. വീണ്ടും അനുമതി നിഷേധിച്ചാൽ നിയമ നടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കും.