Asianet News MalayalamAsianet News Malayalam

സ്വർണ്ണക്കടത്ത്: യഥാർത്ഥ പ്രതികളെ രക്ഷിക്കാൻ ബിജെപി ശ്രമം; യുഡിഎഫ് കൂട്ടെന്നും സിപിഎം

നയതന്ത്രാലയങ്ങളുടെ പേരിൽ വരുന്ന പാഴ്‌സലുകൾ സംശയമുളവാക്കിയിരുന്നതായും വാർത്തകളുണ്ട്‌. ഇതു സംബന്ധിച്ച് ഇതുവരെ അന്വേഷണമൊന്നും നടത്താതിരുന്നത്‌ ആരെ സംരക്ഷിക്കാനായിരുന്നെന്ന് കേന്ദ്രവിദേശ കാര്യസഹമന്ത്രി വി‌ മുരളീധരൻ വ്യക്തമാക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. 

cpm official statement on gold smuggling controversy
Author
Thiruvananthapuram, First Published Jul 9, 2020, 4:22 PM IST

തിരുവനന്തപുരം: സ്വർണ്ണകള്ളക്കടത്ത്‌ കേസിൽ ദുരൂഹത സൃഷ്‌ടിച്ച്‌ യഥാർഥപ്രതികളെ രക്ഷപ്പെടുത്താൻ നടക്കുന്ന ആസൂത്രിത ഗൂഢാലോചന അതീവ ഗൗരവമുള്ളതാണെന്ന് സിപിഎം. നയതന്ത്രവഴി ഉപയോഗിച്ച്‌ സ്വർണ്ണം കടത്തികൊണ്ടുവന്നവരേയും അതിനുപുറകിലുള്ളവരെയും പിടികൂടി നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരണം. ഇതിനു മുമ്പും പല തവണ നയതന്ത്ര വഴി ഉപയോഗിച്ച് സ്വർണ്ണം കടത്തിയതായാണ്‌ പറയുന്നത്‌. അതൊന്നും പിടികൂടാൻ കസ്‌റ്റംസിനു കഴിഞ്ഞില്ല. നയതന്ത്രാലയങ്ങളുടെ പേരിൽ വരുന്ന പാഴ്‌സലുകൾ സംശയമുളവാക്കിയിരുന്നതായും വാർത്തകളുണ്ട്‌. അത്‌ സ്വഭാവികമായും വിദേശകാര്യമന്ത്രാലയത്തിന്റെ ശ്രദ്ധയിൽ വന്നിട്ടുണ്ടാകും. ഇതു സംബന്ധിച്ച് ഇതുവരെ അന്വേഷണമൊന്നും നടത്താതിരുന്നത്‌ ആരെ സംരക്ഷിക്കാനായിരുന്നെന്ന് കേന്ദ്രവിദേശ കാര്യസഹമന്ത്രി വി‌ മുരളീധരൻ വ്യക്തമാക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വാർത്താക്കുറിപ്പിൽ പറഞ്ഞു.

സ്വർണ്ണക്കടത്തു കേസിൽ സമഗ്രമായ അന്വേഷണം കേന്ദ്രസർക്കാർ ഉടൻ പ്രഖ്യാപിക്കണം. ഇക്കാര്യം മുഖ്യമന്ത്രി പ്രധാനമന്ത്രിയോടും രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്‌. ഏത്‌ അന്വേഷണമായാലും അതിനുള്ള എല്ലാ പിന്തുണയും സംസ്ഥാനസർക്കാർ അറിയിച്ചിട്ടുണ്ട്‌. അത്‌ അറിഞ്ഞിട്ടും  വി മുരളീധരൻ നടത്തിയ ചില പ്രതികരണങ്ങൾ സ്വന്തം ഉത്തരവാദിത്തത്തിൽനിന്നും ഒഴിഞ്ഞുമാറലാണ്‌. 
 
കോൺഗ്രസും ബിജെപിയും ഒരു സംഘം മാധ്യമങ്ങളും പുകമുറ സൃഷ്‌ടിച്ച്‌ സ്വർണ്ണകള്ളക്കടത്ത്‌ എന്ന അടിസ്ഥാന പ്രശ്‌നത്തിൽനിന്നും ശ്രദ്ധതിരിച്ചുവിടുന്നതും രാഷ്‌ട്രീയവും സാമ്പത്തികവുമായ താൽപര്യങ്ങളുടെ അടിസ്ഥാനത്തിലാണെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. ആരാണ്‌ സ്വർണ്ണം കടത്തിയത്‌, ആർക്കുവേണ്ടിയാണ്‌ ഇതു ചെയ്‌തത്‌, എത്രകാലമായി ഇതുചെയ്തുവരുന്നു, ഇതിനു സഹായം നൽകുന്ന ശക്തികൾ ആരൊക്കെയാണ്‌, ആർക്കെല്ലാമാണ് ഇതിന്റെ പ്രയോജനം ലഭിച്ചത് എന്നിവയാണ്‌ അടിസ്ഥാന ചോദ്യങ്ങൾ. എന്നാൽ, ഈ ചോദ്യങ്ങളിലേക്ക്‌ കടക്കാതിരിക്കുന്നതിനുള്ള അതീവജാഗ്രതയാണ്‌ ഈ സംഘം നടത്തുന്നത്‌. അതിനായി ഏതറ്റം വരെ പോകാനും മടിയില്ലെന്ന്‌ ഓരോ മിനിറ്റിലും തെളിയിക്കുകയാണ്‌. 

കള്ളക്കടത്ത് സ്വർണ്ണം വിട്ടു കിട്ടാൻ കസ്റ്റംസ് ഉദ്യോഗസ്ഥനെ ആദ്യം വിളിച്ച വ്യക്തി ബി എം എസ് നേതാവാണെന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണ്. ഇത് മനസ്സിലാക്കി ഇതിൽ നിന്ന് ശ്രദ്ധതിരിച്ചുവിടാനാണ് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നാണ് വിളിച്ചതെന്ന ആരോപണം ഉന്നയിച്ചത്. കള്ളൻ കള്ളൻ എന്ന് വിളിച്ചുകൂവി യഥാർത്ഥ കള്ളനെ രക്ഷപ്പെടുത്താനാണ് ബി ജെ പി ശ്രമിക്കുന്നത്. അതിനു കൂട്ടുനിൽക്കുകയാണ് യു ഡി എഫ് ചെയ്യുന്നത്.
  
ഇതുമായി ഒരു തരത്തിലും ബന്ധമില്ലാത്ത സംസ്ഥാനസർക്കാരിനെയും ഇടതുപക്ഷത്തേയും പ്രതിക്കൂട്ടിലാക്കാൻ കഴിയുമോയെന്ന വൃഥാശ്രമാണ് നടക്കുന്നത്. സ്വർണ്ണക്കടത്തിൽ ബന്ധമുള്ളതായി പറയുന്ന സ്വപ്ന സുരേഷ് നേരത്തെ കേന്ദ്രസർക്കാർ സ്ഥാപനമായ എയർഇന്ത്യയുമായി ബന്ധപ്പെട്ട സ്ഥാപനത്തിലും യുഎഇ കോൺസുലേറ്റിലും ജോലിചെയ്‌തിരുന്നു. അതിന്റെ പിൻബലത്തിൽ ഐടി വകുപ്പിന്റെ കരാർ എടുത്ത സ്ഥാപനത്തിന്റെ ഉപകരാറുകാരുടെ താൽക്കാലിക ജീവനക്കാരിയായി. ഇവർക്ക്‌ കളളക്കടത്തിൽ ബന്ധമുണ്ടെന്ന്‌ അറിഞ്ഞയുടൻ  പുറത്താക്കാൻ ആവശ്യപ്പെടുകയാണ്‌ സംസ്ഥാന സർക്കാർ ചെയ്‌തത്‌. ഇവരുമായി വ്യക്തിബന്ധമുണ്ടെന്ന്‌ ആക്ഷേപം വന്ന മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെ മാറ്റുകയും ചെയ്‌തു. മറ്റൊരു സർക്കാരിൽനിന്നും പ്രതീക്ഷിക്കാത്ത ധീരമായ നിലപാടാണ്‌ എൽഡിഎഫ്‌ സർക്കാർ സ്വീകരിച്ചത്‌. 

എന്നാൽ, കേസിലെ പ്രതികളെ രക്ഷപ്പെടുത്തുന്നതിനായി കേന്ദ്രഭരണകക്ഷിയുമായി ബന്ധമുള്ളവർ ഇടപെട്ടെന്ന വാർത്തകൾ ഞെട്ടിക്കുന്നതാണ്‌. ഈ കേസിൽ മുഖ്യകണ്ണിയായ സന്ദീപ്‌ നായർ ബിജെപി പ്രവർത്തകനും നേതൃത്വവുമായി അടുത്ത ബന്ധമുള്ളയാളുമാണ്‌. മറ്റൊരു പ്രതിയായ സ്വപ്‌ന സുരേഷിനെ കോൺസുലേറ്റിലേക്കും എയർ ഇന്ത്യാസാറ്റ്‌സിലേക്കും ശുപാർശ ചെയ്‌തത്‌ കോൺഗ്രസ്‌ എംപിയാണെന്നും ഇപ്പോൾ വ്യക്തമായിട്ടുണ്ട്‌. ഇത്തരം സ്വാധീനങ്ങൾ വഴി കേസ്‌ അട്ടിമറിക്കപ്പെടാതിരിക്കുന്നതിന്‌ നിതാന്ത ജാഗ്രയുണ്ടാകേണ്ടതുണ്ട്‌. ഇന്ത്യയിലേക്കുള്ള സ്വർണ്ണകള്ളക്കടത്തിന്റെ 98 ശതമാനവും പിടിക്കപ്പെടാതെ പോകുന്ന സാഹചര്യത്തിൽ ഇതു പ്രധാനമാണ്‌.
 
എന്നാൽ, സാധാരണഗതിയിൽ ഈ ജാഗ്രത പുലർത്തേണ്ട മാധ്യമങ്ങളിൽ ഒരു വിഭാഗമാണ്‌ കള്ളവാർത്തകളിലൂടെ ശ്രദ്ധതിരിച്ചുവിടുന്നതിന്‌ ശ്രമിക്കുന്നത്‌. അതിൽ രാഷ്‌ട്രീയ താൽപര്യങ്ങൾക്ക്‌ അപ്പുറത്ത്‌ ഉടമസ്ഥതയിലെ സാമ്പത്തിക താൽപര്യങ്ങളുമുണ്ടോയെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. സ്വർണ്ണകടത്ത്‌ പ്രതികളെ രക്ഷപ്പടുത്തുന്നതിനും ഇടതുപക്ഷത്തെ അപകീർത്തിപ്പെടുത്തുന്നതിനും ഈ മാധ്യമങ്ങളും കോൺഗ്രസും ബിജെപിയും ചേർന്ന്‌ ശ്രമിക്കുന്നുവെന്നാണ്‌. ഇത്‌ നാടിനു നേരെയുള്ള വെല്ലുവിളിയാണ്‌. മഹാമാരിയിൽനിന്നും മനുഷ്യനേയും നാടിനേയും രക്ഷപ്പെടുത്താനായി വിശ്രമരഹിതമായി പ്രവർത്തിച്ച്‌ ലോകത്തിന്റെ അംഗീകാരം നേടിയ മുഖ്യമന്തി പിണറായി വിജയനും സംസ്ഥാന സർക്കാരിനും കിട്ടിയ അഭൂതപുർവ്വമായ ജനപിന്തയും ഇക്കൂട്ടരെ വെപ്രാളപ്പെടുത്തുന്നുണ്ട്‌. ഇതെല്ലാം തിരിച്ചറിയാനും കേസ്‌ അട്ടിമറിക്കാനുള്ള ആസൂത്രിത ശ്രമത്തെ ചെറുത്തുതോൽപ്പിക്കാനും ജനങ്ങൾ തയ്യാറാകണമെന്ന്‌ അഭ്യർഥിക്കുന്നതായും സിപിഎം വാർത്താക്കുറിപ്പിൽ പറഞ്ഞു.
 

Follow Us:
Download App:
  • android
  • ios