Asianet News MalayalamAsianet News Malayalam

കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേരത്തെ അറിഞ്ഞു: പാർട്ടി കമ്മീഷൻ അന്വേഷണത്തിലും തട്ടിപ്പ് ബോധ്യപ്പെട്ടു

ആഴ്ചകൾക്ക് മുൻപ് ബാങ്കിനെതിരെ വ്യാപകമായി പരാതി ലഭിച്ചതോടെ സിപിഎം ജില്ലാ നേതൃത്വം രണ്ടം​ഗ കമ്മീഷനെ അന്വേഷണത്തിനായി ചുമതലപ്പെടുത്തി. മുൻ ആലത്തൂർ എംപി പികെ ബിജു, ജില്ലാ സെക്രട്ടേറിയറ്റ് അം​ഗം പി.കെ.ഷാജൻ എന്നിവരായിരുന്നു പാ‍ർട്ടി കമ്മീഷനിൽ ഉണ്ടായിരുന്നത്

CPM Party commission recommended action against karuvnnur bank officials
Author
തിരുവനന്തപുരം, First Published Jul 20, 2021, 1:15 PM IST

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിലെ 100 കോടി രൂപയുടെ വായ്പാ തട്ടിപ്പ് സിപിഎം നേതൃത്വം നേരത്തെ അറിഞ്ഞു. തട്ടിപ്പിൽ ഭരണസമിതി അംഗങ്ങളുടെ പങ്ക് പരിശോധിക്കണമെന്ന് പാർട്ടി നിയമിച്ച രണ്ട് അംഗ അന്വേഷണ കമ്മീഷൻ രണ്ട് മാസം മുൻപ് റിപ്പോർട്ട് നൽകിയിരുന്നുവെന്ന് വ്യക്തമായി. വിവാദം ശക്തമായ സാഹര്യത്തിൽ ബാങ്ക് തട്ടിപ്പിലെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും എന്നാണ് സൂചന. 

സിപിഎം നേതൃത്വത്തിലുള്ള കരുവന്നൂർ സഹകരണ ബാങ്കിൽ വർഷങ്ങളായി നടന്നത് വൻ വായ്പാ തട്ടിപ്പെന്നാണ് സഹകരണ ജോയിൻ്റ് രജിസ്ട്രാറുടെ റിപ്പോർട്ട്. വായ്പയെന്ന പേരിൽ കോടികളാണ് പല അക്കൗണ്ടുകളിലേക്കും പോയത്. തട്ടിപ്പ് നടന്ന ഇടപാടുകളിലൊന്നിലും കൃത്യമായ രേഖകൾ പോലുമില്ല. 
 
ആഴ്ചകൾക്ക് മുൻപ് ബാങ്കിനെതിരെ വ്യാപകമായി പരാതി ലഭിച്ചതോടെ സിപിഎം ജില്ലാ നേതൃത്വം രണ്ടം​ഗ കമ്മീഷനെ അന്വേഷണത്തിനായി ചുമതലപ്പെടുത്തി. മുൻ ആലത്തൂർ എംപി പികെ ബിജു, ജില്ലാ സെക്രട്ടേറിയറ്റ് അം​ഗം പി.കെ.ഷാജൻ എന്നിവരായിരുന്നു പാ‍ർട്ടി കമ്മീഷനിൽ ഉണ്ടായിരുന്നത്. ബാങ്ക് ഇടപാടുകളും പരാതികളും പരിശോധിച്ച പാ‍ർട്ടി കമ്മീഷൻ ഭരണസമിതി അം​ഗങ്ങളുടെ പങ്ക് അന്വേഷിക്കണമെന്നും ഉദ്യോ​ഗസ്ഥരുടെ പേരിൽ നടപടി വേണമെന്നും ശുപാർശ ചെയ്തു. അന്വേഷണ കമ്മീഷൻ്റെ ഈ റിപ്പോർട്ട് സിപിഎം ജില്ലാ കമ്മിറ്റിയിൽ ചർച്ച ചെയ്യുകയും ചെയ്തിരുന്നു. 

തെറ്റ് ചെയ്തവർക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് സിപിഎം ജില്ല സെക്രട്ടറി പ്രതികരിച്ചത്. സംഭവത്തിൽ സിപിഎം നേതാക്കൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപിയും കോൺ​ഗ്രസും രംഗത്തെത്തിയിട്ടുണ്ട്. ബാങ്കിന് മുന്നിൽ ധർണ നടത്തിയാണ് പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം. സഹകരണ ബാങ്ക് തട്ടിപ്പിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇടപാടുകാരുടെ പരാതിയിൽ ഇരിങ്ങാലക്കുട പൊലീസ് അന്വേഷണം നടത്തിയെങ്കിലും നൂറ് കോടിയിലധികം രൂപയുടെ വൻ തട്ടിപ്പാണ് നടന്നത് എന്നതിനാൽ കേസ് അന്വേഷണം ക്രൈംബ്രാ‍ഞ്ച് ഏറ്റെടുക്കാനാണ് സാധ്യത. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios