പൊലീസിൽ ആർ എസ് എസ് സ്വാധീനം ഉണ്ടെന്നാണ് നേതാക്കൾ ആരോപണം ഉന്നയിച്ചത്. ശബരിമല വിവാദത്തിൽ ഇത് തെളിഞ്ഞു എന്നും തിരുവല്ല ഏരിയാ കമ്മിറ്റി വിമർശിച്ചു.

പത്തനംതിട്ട: സിപിഎം (CPM) പത്തനംതിട്ട (Pathanamthitta) ജില്ലാ സമ്മേളനത്തിൽ പൊലീസിനെതിരെയും വിമർശനം ഉയർന്നു. പൊലീസിൽ ആർ എസ് എസ് (RSS) സ്വാധീനം ഉണ്ടെന്നാണ് നേതാക്കൾ ആരോപണം ഉന്നയിച്ചത്. ശബരിമല വിവാദത്തിൽ (Sabarimala) ഇത് തെളിഞ്ഞു എന്നും തിരുവല്ല ഏരിയാ കമ്മിറ്റി വിമർശിച്ചു.

പൊലീസിനെതിരെ മുതിർന്ന നേതാവ് പീലിപ്പോസ് തോമസും വിമർശനം ഉന്നയിച്ചു. പൊലീസ് സ്റ്റേഷനുകൾ ഇടതു വിരുദ്ധരുടെ താവളമായെന്ന് അദ്ദേഹം പറഞ്ഞു. കെ റെയിലിൽ കോൺഗ്രസ് പ്രചാരണങ്ങൾ ഫലം കാണുന്നു. സർക്കാരുണ്ടായിട്ടും നിയന്ത്രിക്കാൻ കഴിയുന്നില്ല. കെ റെയിൽ കടന്നു പോകുന്ന ഇടങ്ങളിൽ പ്രചാരണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

വികസന നയം പാർട്ടി പരിശോധിക്കണം. സാമൂഹിക ഘടകങ്ങൾ മനസിലാക്കാതെ വികസനം വേണ്ടെന്ന് പത്തനംതിട്ട ഏരിയാ കമ്മിറ്റി അഭിപ്രായപ്പെട്ടു. പരിസ്ഥിതി പ്രശ്നങ്ങളിൽ സിപിഎം നയം മാറുന്നുവെന്നും വിമർശനം ഉയർന്നിട്ടുണ്ട്. 

കേരള ബാങ്കിനെതിരെയും വിമർശനം

കേരള ബാങ്കിൽ സാധാരണക്കാർക്ക് സേവനങ്ങൾ കിട്ടുന്നില്ല എന്നാണ് വിമർശനം ഉയർന്നത്. ബ്യൂറോക്രാറ്റിക്ക് സംവിധാനമായി കേരള ബാങ്ക് മാറുന്നു. കേരള ബാങ്ക് പ്രതീക്ഷക്കൊത്ത് ഉയരുന്നില്ല എന്നും നേതാക്കൾ വിമർശിച്ചു.

സിൽവർ ലൈൻ പദ്ധതിക്കെതിരെയും ജില്ലാ സമ്മേളനത്തിൽ വിമർശനം ഉയർന്നിരുന്നു. നന്ദി​ഗ്രാം, ബം​ഗാൾ അനുഭവങ്ങൾ മറക്കരുത് എന്നായിരുന്നു വിമർശനങ്ങളിൽ ഒന്ന്. പരിസ്ഥിതി വിഷയങ്ങളിൽ മുതലാളിത്ത സമീപനമാണ് പാർട്ടിക്കെന്നും മല്ലപ്പള്ളി ഏരിയാ കമ്മിറ്റിയിൽ നിന്ന് വിമർശനമുയർന്നു. 

സിപിഎം ദേശീയ നിലപാട് കേരളം ദുർബലപ്പെടുത്തി. പീപ്പിൾ ഡെമോക്രസിയിൽ കിസാൻ സഭാ നേതാവ് അശോക് ധാവ്ളെ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കെതിരെ ലേഖനമെഴുതിയിരുന്നു. ബുള്ളറ്റ് ട്രെയിനിനെതിരെ മഹാരാഷ്ട്രയിൽ വലിയ പ്രതിഷേധങ്ങളും സംഘടിപ്പിച്ചതാണ്. ആ പാർട്ടി കേരളത്തിലേക്കെത്തുമ്പോൾ എന്തുകൊണ്ട് അതിവേ​ഗ പാതയെ പിന്തുണയ്ക്കുന്നു എന്ന് ചോദ്യമുയർന്നു. സിപിഎമ്മിൽ ഇതാദ്യമായാണ് ജില്ലാ സമ്മേളനത്തിൽ കെ റെയിൽ പദ്ധതിക്കെതിരെ വിമർശനം ഉയർന്നത് എന്നത് ശ്രദ്ധേയമാണ്. 

വിവാഹ പ്രായത്തിലെ നിലപാടിലും വിമർശനം

വിവാഹ പ്രായത്തിലെ സിപിഎം നിലപാട് സംബന്ധിച്ചും വിമർശനം ഉയർന്നു. 18 വയസിനെ പാർട്ടി പിന്തുണക്കുന്നത് സ്ത്രീകൾ പോലും അനുകൂലിക്കില്ല. പുരോഗമനം പറയുമ്പോൾ ഈ നിലപാട് തിരിച്ചടിയാകുമെന്നും തിരുവല്ല, പെരിനാട് ഏരിയാ കമ്മിറ്റികളിൽ നിന്ന് വിമർശനം ഉയർന്നു. 

സിപിഐക്കെതിരെയും വിമർശനം

പത്തനംതിട്ടയിലെ സി പി ഐ നേതൃത്വം ശത്രുത മനോഭാവത്തോടെയാണ് സി പി എമ്മിനെ കാണുന്നതെന്ന് അഭിപ്രായം ഉയർന്നു. അടൂരിൽ ചിറ്റയം ഗോപകുമാർ എങ്ങനെയാണ് ജയിച്ചത് എന്ന് സിപിഐ ഓർക്കണമെന്നും വിമർശനം ഉണ്ടായി. 

വിഭാഗീയ പ്രവർത്തനങ്ങളുടെ അവശിഷ്ടം നിലനിൽക്കുന്നുവെന്ന സംഘടന റിപ്പോർട്ടിനും ജില്ലാ സമ്മേളനത്തിൽ മറുപടി ഉണ്ടായി. വിഭാഗീയത നിലനിൽക്കുന്ന ഏരിയ കമ്മിറ്റികളിൽ അത് പരിഹരിക്കാൻ ഉപരി കമ്മിറ്റി എന്ത് ചെയ്തുവെന്ന് പ്രതിനിധികൾ ചോദിച്ചു. വിഭാഗീയത നിലനിൽക്കുന്നെന്ന് റിപ്പോർട്ടിൽ പരാമർശമുണ്ടായ തിരുവല്ല ഏരിയ കമ്മിറ്റിയിൽ നിന്നാണ് നേതൃത്വത്തിനെതിരെ വിമർശനം ഉയർന്നത്.