Asianet News MalayalamAsianet News Malayalam

അലന്‍റെ ബാഗിൽ ലഘുലേഖ, താഹയുടെ വീട്ടിൽ പുസ്തകം: യുഎപിഎ അറസ്റ്റിനെ കുറിച്ച് പിണറായി നിയമസഭയിൽ

  • അലന്‍റെ ബാഗിൽ മാവോയിസ്റ്റ് ലഘുലേഖ
  • താഹയുടെ വീട്ടിൽ മാവോയിസ്റ്റ് അനുകൂല പുസ്തകം
  • യുഎപിഎ ദുരുപയോഗം പരിശോധിക്കുമെന്ന് പിണറായി 
  • "മാവോയിസ്റ്റുകളെ ആട്ടിൻ കുട്ടികളായി ചിത്രീകരിക്കരുത്" 
  • അട്ടപ്പാടി വെടിവയ്പ്പിൽ ജുഡീഷ്യൽ അന്വേഷണം 

 

cpm pinarayi vijayan statement on kozhikode uapa arrest in niyamasabha
Author
Trivandrum, First Published Nov 4, 2019, 10:27 AM IST

തിരുവനന്തപുരം: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കൊഴിക്കോട് പന്തീരാങ്കാവിൽ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്ത നടപടിയെ ന്യായീകരിച്ചും യുഎപിഎ വകുപ്പ് ചുമത്തിയ നടപടിയെ എതിര്‍ത്തും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. പ്രതിപക്ഷം ഉന്നയിച്ച അടിയന്തര പ്രമേയ നോട്ടീസിനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിശദീകരണം. അട്ടപ്പായി മാവോയിസ്റ്റ് വേട്ടയും പന്തീരാങ്കാവിലെ യുഎപിഎ അറസ്റ്റും ഭരണകൂട ഭീകരതയാണെന്ന് പ്രതിപക്ഷം നിയമസഭയിൽ ആരോപിച്ചത്. ഇക്കാര്യം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. മുൻ ആഭ്യന്തരമന്ത്രി കൂടിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.. 

അറസ്റ്റിലായ അലൻ ഷുഹൈബിന്‍റെ ബാഗിൽ നിന്ന് മാവോയിസ്റ്റ് ലഘുലേഖ കണ്ടെടുത്തെന്ന് പിണറായി വിജയൻ പറഞ്ഞു. താഹ ഫസലിന്‍റെ വീട്ടിൽ നിന്ന് മാവോയിസ്റ്റ് അനുകൂല പുസ്തകം കണ്ടെടുത്തു. പൊലീസ് അറസ്റ്റ് ചെയ്യാനെത്തിയപ്പോൾ താഹ ഫസൽ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചെന്നും പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. എന്നാൽ യുഎപിഎ ദുരുപയോഗം ചെയ്യുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചു. യുഎപിഎ ചുമത്തിയ പൊലീസ് നടപടിയിൽ സര്‍ക്കാര്‍ വിശദമായ പരിശോധന നടത്തും. 

എന്നാൽ മാവോയിസ്റ്റ് അനുകൂല ലഘുലേഖ ഉള്ളത് കൊണ്ടു മാത്രം ഒരാൾ മാവോയിസ്റ്റ് ആകുമോ എന്നായിരുന്നു അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ ചോദ്യം. കോടതിയുടെ പരിഗണനയിൽ ഉള്ള കേസ് പുനപരിശോധിക്കുമെന്ന് മുഖ്യമന്ത്രിക്ക് എങ്ങനെ പറയാൻ കഴിയുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ ചോദിച്ചു.

അട്ടപ്പാടിയിൽ മാവോയിസ്റ്റ് നേതാവ് മണിവാസകത്തെ തലയിൽ വെടിവെച്ചത് ശരിയാണോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. മറ്റുള്ളവരെ പിന്നിൽ നിന്ന് വെടിവച്ചിടുകയാണ് ചെയ്തത്. മാവോയിസ്റ്റുകൾക്ക് നേരെ വെടിയുതിര്‍ത്ത പൊലീസുകാർക്കെതിരെ എന്ത് നടപടിയെടുത്തു എന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ ചോദിച്ചു. ചിരപുരാതന കമ്മ്യൂണിസ്റ്റ് കുടുംബത്തിലെ കുട്ടികൾക്കെതിരായാണ് യുഎപിഎ ചുമത്തിയിട്ടുള്ളത്. 

യുഎപിഎ ദുരുപയോഗം തടയാൻ ഇടത് സർക്കാർ മുൻകരുതൽ കൈകൊണ്ടു എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. 1967 ൽ ആരാണ് യുഎപിഎ നിര്‍മ്മിച്ചതെന്ന് പറയുന്നില്ല.  2019 ൽ ബി ജെ പി വ്യക്തിയെ ഭീകരവാദിയായി പ്രഖ്യാപിക്കും വിധം നിയമം ഭേദഗതി ചെയ്തപ്പോൾ ഇതിനെ എതിർത്തത് ഇടത് പക്ഷം മാത്രമായിരുന്നു. യുഡിഎഫ് സർക്കാർ കാലത്തെടുത്ത 6 യുഎപിഎ കേസുകൾ ഈ സര്‍ക്കാര്‍ റദ്ദാക്കിയെന്നും മുഖ്യമന്ത്രി വിശദീകരിച്ചു, കരിനിയമത്തിന് ബിജെപിക്കൊപ്പം നിന്ന യുഡിഎഫും കോൺഗ്രസും പൗരാവകാശ സംരക്ഷകരുടെ വേഷം കെട്ടേണ്ടതില്ലെന്നും പിണറായി വിജയൻ ആക്ഷേപിച്ചു.

അട്ടപ്പാടിയിലെ മാവോയിസ്റ്റ് വെടിവയ്പപ്പിലും വിശദമായ വിശദീകരണമാണ് മുഖ്യമന്ത്രി നിയമസഭയിൽ നൽകിയത്. മാവോയിസ്റ്റുകളെ ആട്ടിൻകുട്ടികളായി ചിത്രീകരിക്കേണ്ട കാര്യമില്ല. അട്ടപ്പാടിയിലുണ്ടായത് വ്യാജ ഏറ്റുമുട്ടലല്ല. കീഴടങ്ങാൻ വന്നവരെ അല്ല പൊലീസ് വെടിവച്ചതെന്നും അന്വേഷണ സംഘത്തിൽ ഉൾപ്പെട്ട ഒരു പോലീസ് ഉദ്യോഗസ്ഥന് എതിരെയും ഇതുവരെ ആരോപണങ്ങൾ ഒന്നും ഉയർന്നിട്ടില്ലെന്നും പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. യുഎപിഎ ദുരുപയോഗത്തിനെതിരെ ശക്തമായ ഇടപെടൽ സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും പിണറായി വിജയൻ പറഞ്ഞു. 

ഉന്നത സിപിഎം നേതാക്കൾ എല്ലാം പൊലീസ് നടപടിയെ കുറ്റപ്പെടുത്തിയിരുന്നു എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ചു, ഏഴ് പേരെ വെടിവച്ച് കൊന്നതിന്‍റെ കുറ്റബോധമാണ് മുഖ്യമന്ത്രിക്ക്. തീവ്രവാദം തടയാൻ ഉള്ള നിയമങ്ങൾ എല്ലാം രാജ്യ സുരക്ഷക്ക് വേണ്ടിയാണ്.എന്നാൽ അതിനെ ദുരുപയോഗം ചെയ്യുന്നതിലാണ് എതിര്‍പ്പ് എന്ന് വിശദീകരിച്ച പ്രതിപക്ഷ നേതാവ് രമേശ്  ചെന്നിത്തല പൊലീസിന്‍റെ ഉത്തരവാദിത്തം ആര്‍ക്കാണെന്ന ചോദ്യവും ഉന്നയിച്ചു. 

 

Follow Us:
Download App:
  • android
  • ios