തിരുവനന്തപുരം: ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ്‌ പാര്‍ടി രൂപീകരിച്ചതിന്റെ നൂറാം വാര്‍ഷികം വിപുലമായി ആചരിക്കാന്‍ സി പി എം തീരുമാനം. എല്ലാ പാര്‍ടി ഘടകങ്ങളും ഇതിന് സജ്ജമാകണമെന്ന് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പ്രസ്‌താവനയിലൂടെ ആഹ്വാനം ചെയ്‌തു.

സിപിഎം പ്രസ്താവന

1920 ഒക്ടോബര്‍ 17-ന്‌ താഷ്‌ക്കണ്ടില്‍ വെച്ചാണ്‌ ഏഴംഗ ഗ്രൂപ്പ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ടിക്ക്‌ രൂപം നല്‍കുന്നത്‌. 2019 ഒക്ടോബര്‍ 17 മുതല്‍ 2020 ഒക്ടോബര്‍ 17 വരെ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന വിപുലമായ പരിപാടികള്‍ക്കാണ്‌ പാര്‍ടി നേതൃത്വം നല്‍കുന്നത്‌. സംസ്ഥാനതല ഉദ്‌ഘാടനം തിരുവനന്തപുരത്ത്‌ നടക്കും. അന്നേദിവസം എല്ലാ ബ്രാഞ്ചുകളിലും പതാക ഉയര്‍ത്തിയും പ്രഭാതഭേരി മുഴക്കിയും വാര്‍ഷികയോഗം സംഘടിപ്പിക്കണം.

സ്വതന്ത്ര്യ സമരപ്രസ്ഥാനത്തിന്റെ ഭാഗമായി കമ്മ്യൂണിസ്റ്റ്‌ പാര്‍ടി വഹിച്ച പങ്ക്‌ ചരിത്രത്തിന്റെ ഭാഗമാണ്‌. പെഷവാര്‍, മീററ്റ്‌, കാണ്‍പൂര്‍ ഗൂഢാലോചന കേസുകളിലൂടെ പാര്‍ടി തകര്‍ക്കുന്നതിനായി ബ്രിട്ടീഷ്‌ സാമ്രാജ്യത്വം ശ്രമിക്കുകയുണ്ടായി. ആ വെല്ലുവിളികളെയെല്ലാം അതിജീവിച്ചാണ്‌ പാര്‍ടി വളര്‍ന്നത്‌. പൂര്‍ണ്ണസ്വാതന്ത്ര്യമെന്ന മുദ്രാവാക്യം രാജ്യത്ത്‌ ആദ്യമായി ഉയര്‍ത്തിയത്‌ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനമാണ്‌.

പാര്‍ടി ചരിത്രവും മാര്‍ക്‌സിസത്തിന്റെ സമകാലിക പ്രസക്തിയും ജനങ്ങളിലേക്ക്‌ എത്തിക്കുന്നതിനായി വിപുലമായ വിദ്യാഭ്യാസ പദ്ധതികള്‍ക്ക്‌ ഈ സന്ദര്‍ഭം ഉപയോഗിക്കും. ജാതിയമായ അടിച്ചമര്‍ത്തലുകള്‍ക്കും വര്‍ഗ്ഗീയതയ്‌ക്കും എതിരായും സാമൂഹ്യ നീതിക്കുവേണ്ടിയുമുള്ള പോരാട്ടത്തില്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ടിയുടെ സംഭാവനകള്‍ വിശദീകരിക്കുന്ന ക്യാമ്പയിനും സംഘടിപ്പിക്കും. നൂറാം വാര്‍ഷികാഘോഷ പരിപാടികള്‍ വിജയിപ്പിക്കണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു.