Asianet News MalayalamAsianet News Malayalam

'ബിജെപിക്ക് സമനില തെറ്റി'; മുഖ്യമന്ത്രിക്കെതിരായ സത്യവാങ്മൂലത്തെ വിമർശിച്ച് സിപിഎം

ഏതറ്റം വരെയും പോകാൻ മടിയില്ലാത്തവരായി കേന്ദ്രം ഭരിക്കുന്നവർ മാറി. തെരഞ്ഞടുപ്പ് പ്രചാരവേലയുടെ ഉപകരണമായി കേന്ദ്ര ഏജൻസികൾ അധപതിച്ചു. യുഡിഎഫ്-ബിജെപി കൂട്ടുകെട്ട് നടത്തുന്ന വെല്ലുവിളിക്ക് ജനം മറുപടി നൽകും.

cpm reaction to customs allegation against cm pinarayi in dollar smuggling case
Author
Thiruvananthapuram, First Published Mar 5, 2021, 4:06 PM IST

തിരുവനന്തപുരം:  മുഖ്യമന്ത്രിക്കെതിരായ കസ്റ്റംസിന്റെ സത്യവാങ്മൂലത്തെ വിമർശിച്ച് സിപിഎം. എൽഡിഎഫിന് ഭരണത്തുടർച്ചയുണ്ടാകുമെന്ന തിരിച്ചറിവിൽ ബിജെപിക്ക് സമനില തെറ്റിയിരിക്കുകയാണ്. ഇതിന്റെ ഭാ​ഗമാണ് കസ്റ്റംസിന്റെ സത്യവാങ്മൂലം എന്നും സിപിഎം പ്രസ്താവനയിൽ പറഞ്ഞു. 

ഏതറ്റം വരെയും പോകാൻ മടിയില്ലാത്തവരായി കേന്ദ്രം ഭരിക്കുന്നവർ മാറി. തെരഞ്ഞടുപ്പ് പ്രചാരവേലയുടെ ഉപകരണമായി കേന്ദ്ര ഏജൻസികൾ അധപതിച്ചു. യുഡിഎഫ്-ബിജെപി കൂട്ടുകെട്ട് നടത്തുന്ന വെല്ലുവിളിക്ക് ജനം മറുപടി നൽകും. അന്വേഷണ ഏജൻസികളുടെ നടപടി പരസ്യമായ ചട്ടലംഘനമാണെന്നും സിപിഎം പറഞ്ഞു. 

മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കത്തിനെതിരെ കസ്റ്റംസ്‌ ഓഫീസുകളിലേക്ക്‌ നാളെ‌ എല്‍ഡിഎഫ്‌ മാര്‍ച്ച്‌ സംഘടിപ്പിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ്‌ അടുത്ത വേളയില്‍ മുഖ്യമന്ത്രിയെയും എല്‍.ഡി.എഫ്‌ സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള രാഷ്ട്രീയ കളിയാണ്‌ കസ്റ്റംസ്‌ നടത്തുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

കസ്റ്റംസിന്റെ വഴിവിട്ട നീക്കത്തിനെതിരെ ശനിയാഴ്‌ച തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്‌ എന്നിവിടങ്ങളിലെ കസ്റ്റംസ്‌ മേഖലാ ഓഫീസുകളിലേക്ക്‌ എല്‍ഡിഎഫ്‌ പ്രവര്‍ത്തകര്‍ മാര്‍ച്ച്‌ നടത്തും. ജയിലില്‍ കിടക്കുന്ന ഒരു പ്രതിയുടെ മൊഴിയെ അടിസ്ഥാനമാക്കിയാണ്‌ കസ്റ്റംസ്‌ ഹൈക്കോടതിയില്‍ സത്യവാങ്‌മൂലം നല്‍കിയിരിക്കുന്നത്‌. ബിജെപിയുടെയും യുഡിഎഫിന്റെയും രാഷ്ട്രീയ പ്രചാരണം കസ്റ്റംസ്‌ ഏറ്റെടുത്തിരിക്കുകയാണ്‌. എല്‍ഡിഎഫിനെ രാഷ്ട്രീയമായി പരാജയപ്പെടുത്താന്‍ കഴിയില്ലെന്ന്‌ ബോദ്ധ്യമായപ്പോഴാണ്‌ മ്ലേഛമായ ഈ നീക്കം കസ്റ്റംസ്‌ നടത്തുന്നത്‌. ഇതിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം ഉയര്‍ന്നുവരണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നതായും വിജയരാഘവന്റെ ഫേസ്ബുക്ക് കുറിപ്പിലുണ്ട്. 

Read Also: 'മുഖ്യമന്ത്രി രാജ്യദ്രോഹകുറ്റം ചെയ്തു'; കസ്റ്റംസിന്‍റെ കണ്ടെത്തല്‍ ഞെട്ടിക്കുന്നതെന്ന് ചെന്നിത്തല...

സ്വപ്ന സുരേഷ് പ്രതിയായ ഡോളര്‍ കടത്ത് കേസിൽ ഗുരുതര ആരോപണങ്ങളാണ് കസ്റ്റംസ് കോടതിയിൽ ആരോപിച്ചിരിക്കുന്നത്. ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും പങ്കുണ്ടെന്ന് കസ്റ്റംസ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. ജയിലിൽ വച്ച് സ്വപ്നയെ ചോദ്യം ചെയ്യുന്നതിനെ ചൊല്ലി ജയിൽ വകുപ്പും കസ്റ്റംസ് തമ്മിൽ തര്‍ക്കം നിലനിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ ഹര്‍ജി നിലനിൽക്കുന്നുണ്ട്. ഈ ഹര്‍ജിയുടെ ഭാഗമായിട്ടാണ് കസ്റ്റംസ് ഇപ്പോൾ നിര്‍ണായക വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. 

Read Also: ഡോളര്‍ കടത്തിൽ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും നേരിട്ട് പങ്കെന്ന് സ്വപ്ന സുരേഷിൻ്റെ മൊഴി...

 

Follow Us:
Download App:
  • android
  • ios