സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണ്ണമായി ആലപിച്ചതിനെതിരെ സിപിഎം രൂക്ഷ വിമർശനവുമായി രംഗത്ത്. ഇത് ബഹുസ്വര സമൂഹത്തിന് നിരക്കാത്തതും തെറ്റായ നടപടിയുമാണെന്ന് പാർട്ടി കുറ്റപ്പെടുത്തി. ഭരണഘടനാ നിർമ്മാണ സഭയുടെയും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയുടെയും മുൻ തീരുമാനങ്ങളെ അട്ടിമറിച്ചാണ് ഇത് ചെയ്തതെന്നും സിപിഎം പ്രസ്താവനയിൽ ആരോപിച്ചു
തിരുവനന്തപുരം: വി ഡി സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദം പുകയുന്നു. സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണ്ണമായി ആലപിച്ചതിനെതിരെ കടുത്ത വിമർശനവുമായി സി പി എം. സംസ്ഥാന സെക്രട്ടേറിയറ്റ് രംഗത്തെത്തി. ചടങ്ങിൽ വന്ദേമാതരം പൂർണ്ണമായും അവതരിപ്പിച്ചത് തെറ്റായ നടപടിയാണെന്നും ഇത് ഒരു ബഹുസ്വര സമൂഹത്തിന് നിരക്കാത്തതാണെന്നും സി പി എം പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തി. വർഗ്ഗീയമായി ജനങ്ങളെ വിഭജിക്കാനുള്ള ശ്രമങ്ങൾ രാജ്യത്ത് സജീവമാകുന്ന ഘട്ടത്തിൽ മതനിരപേക്ഷതയ്ക്ക് പോറലേൽപ്പിക്കുന്ന ഇത്തരമൊരു നടപടി സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകാൻ പാടില്ലായിരുന്നു. വന്ദേമാതര ഗാനത്തിന്റെ ചില ഭാഗങ്ങൾ ഒരു പ്രത്യേക മതത്തിന്റെ മാത്രം വിശ്വാസങ്ങളെ അവതരിപ്പിക്കുന്നതാണ്. അതുകൊണ്ടാണ് ഈ ഗാനത്തിന്റെ ആദ്യത്തെ എട്ട് വരികൾ മാത്രമേ ദേശീയ ഗീതമായി അവതരിപ്പിക്കാൻ പാടുള്ളൂ എന്ന് 1950 ജനുവരി 24 ന് ഭരണഘടനാ നിർമ്മാണ സഭ വ്യക്തമാക്കിയതെന്നും സി പി എം ചൂണ്ടിക്കാട്ടി. 1937 ഒക്‌ടോബറിൽ നടന്ന കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി തന്നെ ഈ ഭാഗങ്ങൾ വെട്ടിമാറ്റാൻ ഔദ്യോഗിക പ്രമേയം പാസാക്കിയിട്ടുള്ളതാണെന്നും, എന്നാൽ ഇതിനെയെല്ലാം അട്ടിമറിച്ചാണ് കേരളത്തിലെ സത്യപ്രതിജ്ഞാ ചടങ്ങിൽ വെട്ടിമാറ്റിയ ഭാഗങ്ങൾ ഉൾപ്പെടെ പൂർണ്ണമായി അവതരിപ്പിച്ചതെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. പശ്ചിമ ബംഗാളിൽ ബി ജെ പി സർക്കാർ അധികാരത്തിൽ വന്നിട്ടുപോലും അവിടുത്തെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഇത്തരമൊരു നടപടി ഉണ്ടായിട്ടില്ലെന്നും സി പി എം ചൂണ്ടിക്കാട്ടി

സിപിഎം പ്രസ്താവന
കേരളത്തിലെ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ വന്ദേമാതര ഗാനം പൂര്‍ണ്ണമായും അവതരിപ്പിച്ചത് തെറ്റായ നടപടിയാണ്. വന്ദേമാതര ഗാനത്തിന്റെ എല്ലാ ഭാഗങ്ങളും അവതരിപ്പിക്കുന്നത് ഒരു ബഹുസ്വര സമൂഹത്തിന് യോജിച്ചതല്ലെന്ന നിലപാട് സ്വീകരിച്ചത് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി തന്നെയാണ്. 1937 ഒക്‌ടോബര്‍ 30-ന് നടന്ന പ്രവര്‍ത്തക സമിതി ഔദ്യോഗിക പ്രമേയത്തിന്റെ ഭാഗമായാണ് ഇവ വെട്ടിമാറ്റിയത്. ഇത്തരത്തില്‍ മാറ്റിയ ഭാഗങ്ങള്‍ ഉള്‍പ്പെടെയാണ് ഇവിടെ അവതരിപ്പിച്ചത്. 1950 ജനുവരി 24-ാം തീയ്യതി ഭരണഘടനാ നിര്‍മ്മാണ സഭയില്‍ 1937-ല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി തീരുമാനിച്ച വന്ദേമാതര ഗാനത്തിന്റെ ആദ്യത്തെ 8 വരി മാത്രമേ ദേശീയ ഗീതമായി അവതരിപ്പിക്കാന്‍ പാടുള്ളൂവെന്ന് വ്യക്തമാക്കിയതുമാണ്. വന്ദേമാതര ഗാനത്തിന്റെ ചില ഭാഗങ്ങള്‍ ഒരു പ്രത്യേക മതത്തിന്റെ മാത്രം വിശ്വാസങ്ങളെ അവതരിപ്പിക്കുന്നതാണ്. അത് ദേശീയ ഗീതമായി സ്വീകരിക്കുന്നത് ബഹുസ്വര സമൂഹത്തിന് അനിയോജ്യമല്ലെന്ന കാഴ്‌ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു മാറ്റമുണ്ടായത്. ഇതിനെ അട്ടിമറിച്ചുകൊണ്ടാണ് സത്യപ്രതിജ്ഞ ചടങ്ങില്‍ വെട്ടി മാറ്റിയ ഭാഗങ്ങള്‍ ഉള്‍പ്പെടെ പൂര്‍ണ്ണമായി അവതരിപ്പിച്ചത്. ബംഗാളില്‍ ബിജെപി അധികാരത്തില്‍ വന്നിട്ടും സത്യപ്രതിജ്ഞ ചടങ്ങില്‍ ഇത്തരമൊരു ഗാനം ആലപിച്ചിരുന്നില്ല എന്ന് കാണണം. അവിടെ പോലും അവതരിപ്പിക്കാത്ത ഗാനമാണ് ഇപ്പോള്‍ കേരളത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ബഹുസ്വര സമൂഹത്തെ ദുര്‍ബലപ്പെടുത്തുന്നതിനിടയാക്കുന്ന യാതൊരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകാന്‍ പാടുള്ളതല്ല. വര്‍ഗ്ഗീയമായി ജനങ്ങളെ വിഭജിക്കാനുള്ള ശ്രമങ്ങള്‍ സജീവമാകുന്ന ഘട്ടത്തില്‍ മതനിരപേക്ഷതക്ക് പോറലേല്‍പ്പിക്കുന്ന ഒരു നടപടിയും ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകാന്‍ പാടില്ല.
