തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതി യോഗം ഇന്ന് ചേരും. ജില്ലാ കമ്മിറ്റികൾ നൽകിയ സ്ഥാനാർത്ഥി പട്ടികയിൽ സംസ്ഥാന സെക്രട്ടറിയേറ്റ് വരുത്തിയ മാറ്റങ്ങളും നിർദ്ദേശങ്ങളും സംസ്ഥാന സമിതി ചർച്ച ചെയ്യും. തുടർച്ചയായി രണ്ട് തവണ വിജയിച്ചവരെ ഇത്തവണ ഒഴിവാക്കാനുള്ള സെക്രട്ടറിയേറ്റ് തീരുമാനത്തിനും അംഗീകാരം തേടും. ജില്ലാ കമ്മിറ്റികൾ വീണ്ടും ചേർന്ന് മാർച്ച് എട്ടി ന് വീണ്ടും സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേർന്നതിന് ശേഷമാകും സ്ഥാനാർത്ഥി പ്രഖ്യാപനം. 

തോമസ് ഐസക്കിനും ജി സുധാകരനും ഇനി അവസരം നൽകേണ്ടെന്ന സംസ്ഥാന സെക്രട്ടറിയേറ്റിന്‍റെ തീരുമാനത്തിൽ അമ്പരന്നിരിക്കുകയാണ് ആലപ്പുഴയിലെ സിപിഎം നേതൃത്വം. ജില്ലയിൽ ഇടതുപക്ഷത്തിന്‍റെ വിജയസാധ്യതയ്ക്ക് തിരിച്ചടിയാകുന്ന തീരുമാനമെന്നാണ് ഐസക് - സുധാകര പക്ഷ നേതാക്കൾ പറയുന്നത്. അതേസമയം, പ്രമുഖരായ മന്ത്രിമാർ ഒഴിവാകുന്നതോടെ ആലപ്പുഴ, അമ്പലപ്പുഴ സീറ്റുകളി‌ൽ യുഡിഎഫ് വിജയപ്രതീക്ഷയിലാണ്.

ജില്ലയിൽ ഇടതുപക്ഷത്തിന് മേൽക്കൈ തുടരാൻ ഐസക്കും സുധാകരനും വീണ്ടും മത്സരിക്കണം. മന്ത്രിമാർക്ക് ഇളവ് നൽകണമെന്ന് സംസ്ഥാന നേതൃത്വത്തോട് ജില്ലാ സെക്രട്ടറിയേറ്റ് ഒറ്റക്കെട്ടായാണ് ആവശ്യപ്പെട്ടത്. എന്നാൽ എട്ടാം അങ്കത്തിന് സുധാകരനും അഞ്ചാം അങ്കത്തിന് ഐസക്കും കച്ചമുറുക്കേണ്ടെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചതിന്‍റെ ഞെട്ടലിലാണ് ആലപ്പുഴയിലെ നേതാക്കളും പ്രവർത്തകരും. 

സിറ്റിംഗ് സീറ്റുകളിലെ വിജയസാധ്യതയ്ക്ക് പോലും മങ്ങലേൽക്കുന്ന തീരുമാനം എന്നാണ് ഐസക് - സുധാകര പക്ഷ നേതാക്കൾ പറയുന്നത്. അമ്പലപ്പുഴയിൽ സുധാകരൻ മാറിയാൽ മുൻ എംപി സിഎസ് സുജാത, സിഐടിയു ജില്ലാ പ്രസിഡന്‍റ് എച്ച്. സലാം എന്നീ പേരുകളാണ് ജില്ലാ നേതൃത്വം നിർദേശിച്ചത്. ഇതിൽ സിഎസ് സുജാതയ്ക്ക് ആണ് സാധ്യതയേറെ. 

ആലപ്പുഴയി‌ൽ തോമസ് ഐസക് മാറിയാൽ മത്സ്യഫെഡ് ചെയർമാൻ പിപി ചിത്തര‍ജ്ഞന്‍റെ പേരാണ് സംസ്ഥാന നേതൃത്വത്തിന് കൈമാറിയിരിക്കുന്നത്. എന്നാൽ സിപിഎം ജില്ലാ സെക്രട്ടറി ആർ നാസർ മുതൽ ജില്ലയ്ക്ക് പുറത്ത് നിന്നുള്ള പൊതുസമ്മതരെ വരെ പരിഗണിക്കുന്നുണ്ട്. മന്ത്രിമാർക്ക് പുറമെ എംഎൽഎമാർക്കും ടേം വ്യവസ്ഥ നിശ്ചയിച്ചതോടെ മാവേലിക്കര എംഎൽഎ ആർ രാജേഷിനും അവസരം നഷ്ടമായേക്കും. 

ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ രാഘവനാണ് പകരം സാധ്യത. അമ്പലപ്പുഴ, ആലപ്പുഴ സീറ്റുകളിൽ യുഡിഎഫിന് വിജയപ്രതീക്ഷ തീരെ കുറവായിരുന്നു. ഐസകും സുധാകരനും മാറുന്നതോടെ സീറ്റ് വേണ്ടെന്ന നേതൃത്വത്തെ അറിയിച്ച് മാറിനിന്ന പല നേതാക്കളും ഇപ്പോൾ മത്സരിക്കാൻ തയ്യാറെടുക്കുകയാണ്. ആലപ്പുഴയിൽ ഡോ. കെഎസ് മനോജ് എന്നത് ഏറെക്കുറെ ഉറപ്പിച്ചിരുന്നു. എന്നാൽ അമ്പലപ്പുഴ സീറ്റിനായി പുതിയ സാഹചര്യത്തിൽ നേതാക്കളുടെ തള്ള് കൂടാൻ ഇടയുണ്ട്.