Asianet News MalayalamAsianet News Malayalam

മുഖ്യമന്ത്രിയുടെ ഓഫീസിൽ അഴിച്ചുപണി? സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്

യോഗത്തിൽ മുഖ്യമന്ത്രിയുടെ നിലപാടായിരിക്കും ഏറ്റവും ശ്രദ്ധേയം. പിണറായി പറയുന്നതിന് അപ്പുറം പോകാത്ത നേതാക്കൾ നാണക്കേടിന്‍റെ ഈ നാളുകളിലെങ്കിലും പാർട്ടിക്കുള്ളിൽ തിരുത്തൽ ശക്തിയാകുമോ എന്നതും നിർണ്ണായകം.

cpm state secretariat meting today may introduce changes in cm office
Author
Trivandrum, First Published Jul 17, 2020, 6:30 AM IST

തിരുവനന്തപുരം: സ്വർണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസ് സംശയനിഴലിൽ നിൽക്കെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. സ്പ്രിംക്ലറില്‍ അടക്കം പിണറായിയെ പിന്തുണച്ച നേതാക്കൾ പുതിയ വിവാദത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ തിരിയുകയാണ്.

നാല് വർഷത്തെ പിണറായി ഭരണത്തിൽ ഏറ്റവും വലിയ നാണക്കേടിലാണ് സിപിഎം. മാവോയിസ്റ്റ് ഏറ്റുമുട്ടലിലും, യുഎപിഎ വിവാദത്തിലും, സ്പ്രിംക്ലര്‍ ആക്ഷേപങ്ങളിലും ഇടത് നയം മറന്ന് മുഖ്യമന്ത്രിയെ പിന്തുണച്ച പാർട്ടി, സ്വർണ്ണ കള്ളക്കടത്ത് കേസിൽ എന്ത് നിലപാടെടുക്കും എന്നതാണ് ഇന്നത്തെ യോഗത്തെ ശ്രദ്ധേയമാക്കുന്നത്. 

പ്രസ്താവനകളിൽ മുഖ്യമന്ത്രിയെ പിന്തുണക്കുമ്പോഴും മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ പാർട്ടിക്കുള്ളിൽ അതൃപ്തി ശക്തം. മുന്നണി നയം പോലും കാര്യമാക്കാതെ എം ശിവശങ്കറിനെ കയറൂരി വിട്ട മുഖ്യമന്ത്രിക്ക് ഒടുവിൽ കിട്ടിയത് കനത്ത തിരിച്ചടിയാണ്. ശിവശങ്കറിന്‍റെ ഇടപെടലുകളിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് ജാഗ്രതക്കുറവുണ്ടായി എന്നാണ് പാർട്ടി വിലയിരുത്തൽ. ഓഫീസിൽ പ്രൈവറ്റ് സെക്രട്ടറി അഡി. പ്രൈവറ്റ് സെക്രട്ടറി തലത്തിൽ അഴിച്ചുപണി വേണമെന്ന ആവശ്യം ശക്തമാണ്.

മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിച്ച എം വി ജയരാജൻ കണ്ണൂർ ജില്ലാസെക്രട്ടറിയായി പോയതിന് ശേഷമാണ് നിയന്ത്രണം ശിവശങ്കറിലേക്ക് എത്തുന്നത്. പുതിയ പശ്ചാത്തലത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്നോ സംസ്ഥാനകമ്മിറ്റിയിൽ നിന്നോ ഉള്ള ഒരാൾക്ക് ഓഫീസ് ചുമതല നൽകാനും സിപിഎം ആലോചിക്കുന്നു. 

യോഗത്തിൽ മുഖ്യമന്ത്രിയുടെ നിലപാടായിരിക്കും ഏറ്റവും ശ്രദ്ധേയം. പിണറായി പറയുന്നതിന് അപ്പുറം പോകാത്ത നേതാക്കൾ നാണക്കേടിന്‍റെ ഈ നാളുകളിലെങ്കിലും പാർട്ടിക്കുള്ളിൽ തിരുത്തൽ ശക്തിയാകുമോ എന്നതും നിർണ്ണായകം. മുഖ്യമന്ത്രിക്ക് കീഴിലെ ഐടി വകുപ്പിൽ നടന്ന പിൻവാതിൽ നിയമനങ്ങളും പരിശോധിക്കണമെന്ന ആവശ്യം ശക്തമാണ്.

Follow Us:
Download App:
  • android
  • ios