നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് ശേഷം മാധ്യമങ്ങളെ കണ്ട സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, ചോദ്യങ്ങൾക്ക് മറുപടി നൽകാതെ ഒഴിഞ്ഞുമാറി. അഞ്ച് മിനിറ്റിനുള്ളിൽ വാർത്താസമ്മേളനം അവസാനിപ്പിച്ച് അദ്ദേഹം മടങ്ങി.
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ വിളിച്ച വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാതെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പരാജയം അപ്രതീക്ഷിതമെന്നും തിരുത്തലുകൾ വരുത്തി തിരിച്ചുവരുമെന്നും പറഞ്ഞ ശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കൊന്നും മറുപടി നൽകാതെ എം വി ഗോവിന്ദൻ ഇറങ്ങിപ്പോവുന്നതാണ് കണ്ടത്. ഇന്നത്തെ യോഗത്തിലുണ്ടായ പ്രാഥമിക വിലയിരുത്തലുകൾ എന്തെല്ലാമെന്ന് പോലും പറയാതെയാണ് അദ്ദേഹം ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടിയത്. തോൽവിയെ കുറിച്ച് സഖാക്കൾക്ക് നിർഭയമായും സ്വതന്ത്രമായും അഭിപ്രായം പറയാൻ അവസരം ഒരുക്കുമെന്ന പാർട്ടി സെക്രട്ടറിയുടെ പരാമർശവും ശ്രദ്ധേയമായി. അപ്പോൾ ഇതുവരെ പാർട്ടിക്കുള്ളിൽ നിർഭയമായി അഭിപ്രായം പറയാനുള്ള അവസരം ഉണ്ടായിരുന്നില്ലേ എന്നതാണ് ഉയരുന്ന ചോദ്യം.
സിപിഎമ്മിന്‍റെ ഈ തെരഞ്ഞെടുപ്പിലെ പരാജയങ്ങളുടെ കാരണങ്ങൾ അണികളോട് വിശദീകരിക്കേണ്ടയാൾ, പരിശോധന നടത്തുമെന്ന് മാത്രം പറഞ്ഞ് സാങ്കേതികമായി ചില കാര്യങ്ങൾ മാത്രം വിശദീകരിച്ച് വാർത്താസമ്മേളനം അവസാനിപ്പിക്കുകയായിരുന്നു. വാർത്താസമ്മേളനങ്ങളിൽ സമയമെടുത്ത് ഓരോ ചോദ്യത്തിനും ഉത്തരം നൽകുന്നതാണ് പൊതുവെ എം വി ഗോവിന്ദന്‍റെ ശൈലി. എന്നാൽ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്നതാണ് ഇന്ന് കണ്ടത്. ആരായിരിക്കും പ്രതിപക്ഷ നേതാവ്, കണ്ണൂരിലെ ഇത്രയും വലിയ വോട്ടുചോർച്ചയ്ക്ക് കാരണമെന്ത്, പാർട്ടി സെക്രട്ടറി എന്ന നിലയിൽ വ്യക്തിപരമായി നേരിടുന്ന വിമർശനങ്ങൾ, മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുമോ എന്നത് ഉൾപ്പെടെ ഒരു ചോദ്യത്തിനും എം വി ഗോവിന്ദൻ മറുപടി നൽകിയില്ല. 'ആയില്ല, ആയില്ല' എന്നായിരുന്നു മറുപടി.
എം വി ഗോവിന്ദൻ പറഞ്ഞത്...
കേരള നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായത് അപ്രതീക്ഷിത പരാജയമാണെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. പാർട്ടി ഘടകങ്ങളേയും മുന്നണിയേയും ജനങ്ങളേയും വിശ്വാസത്തിലെടുത്ത് തുടർ നടപടി ആലോചിക്കും. ഇടത് ചരിത്രത്തിൽ ഇതിന് മുൻപും ഇതിൽ കുറഞ്ഞ വോട്ട് ശതമാനം കിട്ടിയിട്ടുണ്ട്. ജനങ്ങൾക്ക് ബോധ്യമാകുന്ന തരത്തിൽ തിരുത്തലുകൾ വരുത്തും. മെയ്, ജൂൺ മാസങ്ങളിൽ എല്ലാ ഘടകങ്ങളും വിളിച്ച് ചേർക്കും. ഇന്ന് നടന്നത് പ്രാഥമിക പരിശോധന മാത്രമാണ്. സഖാക്കൾക്ക് നിർഭയമായും സ്വതന്ത്രമായും അഭിപ്രായം പറയാൻ അവസരം ഒരുക്കും. എല്ലാ കാര്യങ്ങളും കേട്ട ശേഷം കൃത്യമായ വിശകലനം നടത്തി തീരുമാനത്തിലെത്തും. പരാജയത്തിന്റെ കാരണം കണ്ടെത്താൻ പാർട്ടി റിവ്യു നടത്തും. ഇടതുപക്ഷം തിരിച്ച് വരും. ഇടതുപക്ഷം എന്നും ജനപക്ഷത്താണ്. നടത്തുന്നത് വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ്. പാലക്കാട് ഡിസിക്ക് നേരെ പൊലീസ് നടത്തിയ കടന്നാക്രമണത്തെ അപലപിക്കുന്നുവെന്നും എം വി ഗോവിന്ദൻ പറഞ്ഞു. അഞ്ച് മിനിറ്റിനുള്ളിൽ തന്നെ വാർത്താസമ്മേളനം അവസാനിപ്പിച്ച് അദ്ദേഹം മടങ്ങി.

