ആഗോള അയ്യപ്പ സമംഗം നടത്താനുള്ള ദേവസ്വം ബോര്‍ഡ് തീരുമാനത്തിന് രാജ്യം മുഴുവൻ അംഗീകാരം നൽകിയെന്ന് എംവി ഗോവിന്ദൻ. വിശ്വാസികളെ ക്ഷണിക്കണമെന്നും വര്‍ഗീയവാദികളെ ക്ഷണിക്കരുതെന്നുമാണ് തന്‍റെ അഭിപ്രായമെന്നും എംവി ഗോവിന്ദൻ
തൃശൂര്‍: ആഗോള അയ്യപ്പ സംഗമം നടത്താനുള്ള ദേവസ്വം ബോര്‍ഡിന്‍റെ തീരുമാനത്തിന് രാജ്യം മുഴുവൻ അംഗീകാരം നൽകിയെന്നും എല്ലാ വിശ്വാസികളെയും ക്ഷണിക്കണമെന്നും വർഗീയവാദികളെ ക്ഷണിക്കരുതെന്നുമാണ് തന്‍റെ അഭിപ്രായമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വിളിച്ചാൽ പോകുമെന്നാണ് ആദ്യം വിമർശനം ഉന്നയിച്ച ഒരു പ്രമുഖൻ പറഞ്ഞത്. ഒരു വിശ്വാസിക്കും എതിരല്ല കമ്മ്യൂണിസ്റ്റ് പാർട്ടി. അത് പരസ്യമായി പറയുന്നതിൽ ഞങ്ങൾക്ക് ഒരു കുറവുമില്ല. വർഗീയതയ്ക്കെതിരെയാണ് ഞങ്ങളുടെ പോരാട്ടം. വിശ്വാസി സമൂഹത്തെ ചേർത്തുനിർത്തുന്ന നിലപാടുകളാണ് ഇടത് സർക്കാർ സ്വീകരിച്ചിട്ടുള്ളത്. വിശ്വാസികളെ ചേർത്ത് നിർത്തി തന്നെ അന്തവിശ്വാസത്തെ ചെറുക്കണമെന്നും എംവി ഗോവിന്ദൻ പറഞ്ഞു
മൂന്നാമത്തെ ഘട്ടത്തിലേക്കുള്ള തയ്യാറെടുപ്പിലാണ് പിണറായി സർക്കാർ. അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറി. വലിയ മാറ്റമാണ് ഇവിടെയുണ്ടായത്. ആരോഗ്യമേഖലയിൽ ലോകോത്തര നിലവാരമാണ് കേരളത്തിന്‍റേത്. അവിടെയും ഇവിടെയും കാണുന്ന ചെറിയ തെറ്റുകൾ ചൂടിക്കാട്ടി പാർട്ടിക്കെതിരെ കൈയേറ്റം നടത്തുകയാണെന്നും കളവ് പ്രചരിപ്പിക്കുകയാണ് ഒരു കൂട്ടമെന്നും എംവി ഗോവിന്ദൻ ആരോപിച്ചു.
എല്ലാ മേഖലകളിലേക്കും മുതലാളിത്തം കയ്യേറുകയാണെന്നും എ.ഐ ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകൾ മുതലാളിത്ത ശക്തികളുടെ കയ്യിലാണെന്നും ഇന്ത്യക്കുമേൽ അമേരിക്ക ഏര്‍പ്പെടുത്തിയ അധിക നികുതി കയറ്റുമതി മേഖലയിലെ കടുത്ത പ്രതിസന്ധിക്ക് കാരണമാകുകയാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ഇതിനു പരിഹാരം കാണാതെയാണ് പ്രധാനമന്ത്രി ജപ്പാനിലും മറ്റ് രാജ്യങ്ങളിലും പോയി പുതിയ കരാറുകൾ ഒപ്പിടുന്നത്. രാജ്യത്തിലെ ജനങ്ങൾക്ക് ഒരു ഗുണവും ഇല്ലാത്ത കാര്യമാണ് പ്രധാനമന്ത്രി ചെയ്യുന്നത്. ദേശാഭിമാനി വാർഷിക പരിപാടിയുടെ സമാപന സമ്മേളനത്തിനെത്തിയതായിരുന്നു എംവി ഗോവിന്ദൻ.


