തിരുവനന്തപുരം: ബിനീഷ് കോടിയേരിക്കെതിരെ ഇഡി അന്വേഷണം കടുപ്പിക്കുമ്പോള്‍ പ്രതിസന്ധി മറികടക്കാനുള്ള ആലോചന സിപിഎം കേന്ദ്രങ്ങളില്‍ തുടങ്ങി. കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് തല്‍ക്കാലം മാറിനില്‍ക്കുക എന്ന ആശയം പാര്‍ട്ടിയില്‍ സജീവചര്‍ച്ചയാണ്. കോടിയേരിക്കും സംസ്ഥാന ഘടകത്തിനും കേന്ദ്രനേതൃത്വം പൂര്‍ണ പിന്തുണ നല്‍കിയെങ്കിലും പഞ്ചായത്ത് തെരഞ്ഞെടുപ്പിലേക്ക് പോകുന്ന പാര്‍ട്ടിക്കും മുന്നണിക്കും ഒരു താല്‍ക്കാലിക മാറ്റം ആവശ്യമാണെന്ന വിലയിരുത്തലിലാണ് സംസ്ഥാന ഘടകം.

കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറി സ്ഥാനം ഒഴിയേണ്ട കാര്യമില്ലെന്നാണ് കഴിഞ്ഞ വെള്ളിയാഴ്ച കേന്ദ്രകമ്മിറ്റിയോഗം അഭിപ്രായപ്പെട്ടത്. മക്കള്‍ ചെയ്യുന്ന കുറ്റത്തിന് നേതാക്കളായ അച്ഛൻമാര്‍ക്ക് ബാധ്യതിയില്ലെന്ന മുന്‍നിലപാട് ചൂണ്ടിക്കാണിച്ചായിരുന്നു തീരുമാനം. എന്നാല്‍ അന്വേഷണം പുരോഗമിക്കുമ്പോള്‍ ബിനീഷ് കോടിയേരിക്കെതിരെ കൂടുതല്‍ തെളിവുകള്‍ നിരത്തി ഇഡി നിലപാട് കടുപ്പിക്കുകയാണ്.

മയക്കുമരുന്ന് വ്യാപാരമടക്കം ബിനീഷിന് മേല്‍ വരുന്ന സാഹചര്യമാണുള്ളത്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് തീയ്യതി ഉടന്‍ പ്രഖ്യാപിക്കും. സ്ഥാനാര്‍തി നിര്‍ണ്ണയം അവസാനഘട്ടത്തിലാണ്. മുഴുവന്‍ ശക്തിയും സമാഹരിച്ച് തെരഞ്ഞെടുപ്പ് രംഗത്തേക്കിറങ്ങാന്‍ പാര്‍ട്ടി സംവിധാനമൊന്നാകെ തയ്യാറെടുക്കുമ്പോള്‍ സംസ്ഥാന സെക്രട്ടറിയുടെ മകനെതിരെയുള്ള ഗുരുതര ആരോപണങ്ങള്‍ തിരിച്ചടയാകുമോ എന്ന ഭയം നേതൃത്വത്തിനുണ്ട്. 

ഈ സാഹചര്യത്തിലാണ് കോടിയേരിയുടെ സ്ഥാനമാറ്റം പാര്‍ട്ടിയില്‍ ചര്‍ച്ചയാകുന്നത്. സംസ്ഥാനത്ത് നിന്ന് മാറി നില്‍ക്കാന്‍ കോടിയേരി സ്വമേധയാ തയ്യാറാണെന്നാണറിയുന്നത്. വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് പിന്നാലെ ശനിയാഴ്ച ഓണ്‍ലൈനില്‍ സംസ്ഥാന സമിതിയും വിളിച്ചിട്ടുണ്ട്. എസ് രാമചന്ദ്രന്‍പിള്ളക്കോ, എം വി ഗോവിന്ദന്‍മാസ്റ്റര്‍ക്കോ സെക്രട്ടറി ചുമതല കൊടുക്കാനുള്ള നീക്കമാണുള്ളത്. ആരോഗ്യകാരണം പറഞ്ഞ് കോടിയേരിക്ക് താല്‍ക്കാലിക അവധി എന്ന ആശയമാണ് ചര്‍ച്ച ചെയ്യുന്നത്.