സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുക്കുന്ന ജില്ലാ നേതൃയോഗങ്ങള്‍ ഈ മാസം 19, 20 തീയതികളിൽ ആലപ്പുഴയിൽ നടക്കും. രണ്ട് ജില്ലാ സെക്രട്ടറിയേറ്റ്അംഗങ്ങള്‍ ഉള്‍പ്പെടെ മുപ്പതോളം പേര്‍ക്കെതിരെ നടപടികള്‍ ഉണ്ടാകും
ആലപ്പുഴ: ജില്ലയിലെ സിപിഎം വിഭാഗീയതയില്‍ പി പി ചിത്തരഞ്ജന്‍ എംഎല്‍എ അടക്കമുള്ളവര്‍ക്കെതിരെ അച്ചടക്ക നടപടികൾക്ക് കളമൊരുങ്ങി. വിഭാഗീയതയില്‍ ഉള്‍പ്പെട്ട നേതാക്കള്‍ക്കെതിരെയുള്ള നടപടി റിപ്പോര്‍ട്ട് ചെയ്യാന്‍ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുക്കുന്ന ജില്ലാ നേതൃയോഗങ്ങള്‍ ഈ മാസം 19, 20 തീയതികളിൽ ആലപ്പുഴയിൽ നടക്കും. രണ്ട് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ ഉള്‍പ്പെടെ മുപ്പതോളം പേര്‍ക്കെതിരെ തരംതാഴ്ത്തല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാകും.
ആലപ്പുഴ ജില്ലയിലെ വിഭാഗീയത ഇനിയും വെച്ചുപൊറുപ്പിക്കേണ്ടതില്ലെന്നാണ് സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാട്. കഴിഞ്ഞ പാര്‍ട്ടി സമ്മേളന കാലത്ത് കടുത്ത വിഭാഗീയത അരങ്ങേറിയത് നാല് ഏരിയാ കമ്മിറ്റികളിലാണ്. ആലപ്പുഴ സൗത്ത്, നോര്‍ത്ത്, തകഴി ,ഹരിപ്പാട് ഏരിയാ സമ്മേളനങ്ങളിലാണ് ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയത്. തോൽപ്പിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കി വിതരണം ചെയ്തത് മുതല്‍ വോട്ടിനായി വാഗ്ദാനങ്ങള്‍ നല്‍കുന്ന നടപടികള്‍ വരെ അരങ്ങേറി. തുടര്‍ന്ന് ഇതേക്കുറിച്ച് അന്വേഷിച്ച ടി പി രാമകൃഷ്ണൻ കമ്മീഷന്‍ ശക്തമായ നടപടി ശുപാര്‍ശ ചെയ്ത് റിപ്പോര്‍ട്ട് നല്‍കി. കുറ്റാരോപണ നോട്ടീസ് നല്‍കി വിശദീകരണം കേട്ട ശേഷമാണ് സംസ്ഥാന കമ്മിറ്റി നടപടി സ്വീകരിക്കന്നത്.
നടപടി റിപ്പോര്‍ട്ട് ചെയ്യാന്‍ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുക്കുന്ന ജില്ലാ സെക്രട്ടറിയേറ്റ്, ജില്ലാ കമ്മിറ്റി യോഗങ്ങള്‍ ഈ മാസം 19, 20 തീയതികളില്‍ ചേരും. തരം താഴ്ത്തല്‍ ഉള്‍പ്പെടുയള്ള നടപടികളാണ് വിഭാഗീയതയിൽ പങ്കെടുത്തവരെ കാത്തിരിക്കുന്നത്. പി പി ചിത്തരഞ്ജന്‍ എം എല്‍ എ, മുന്‍ എം എല്‍ എമാരായ സി കെ സദാശിവന്‍, ടി കെ ദേവകുമാര്‍ എന്നിവരുള്‍പ്പെടെ മുപ്പതോളം പേരെയാണ് കമീഷന്‍ കുറ്റക്കാരായി കണ്ടെത്തിയിരിക്കുന്നത്. ആലപ്പുഴ സൗത്ത്, നോർത്ത് ഏരിയാ കമ്മിറ്റികൾ പിരിച്ചുവിട്ടേക്കും. തകഴി ഹരിപ്പാട് ഏരിയാ കമ്മിറ്റി സമ്മേളനങ്ങളില്‍ ഗുഡാലോചന നടത്തി തോല്‍പ്പിച്ചവരെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തും. ലഹരിവസ്തുക്കള്‍ കടത്തിയ സംഭവത്തില്‍ ഉള്‍പ്പെട്ട ആലപ്പുഴ നഗരസഭ കൗണ്‍സിലര്‍ എ ഷാനവാസിനെതിരെയുള്ള കമീഷന്‍ റിപ്പോര്‍ട്ടും പരിഗണനയ്ക്ക് വരുന്നുണ്ട്.
