മുൻ സ്റ്റാഫ് അംഗങ്ങളെ മറ്റ് മന്ത്രിമാരുടെ ഓഫീസിൽ നിന്ന് ഒഴിവാക്കിയെങ്കിലും കഴിഞ്ഞ സർക്കാരിന് നാണക്കേടുണ്ടാക്കിയ സ്റ്റാഫിനെ മുഖ്യമന്ത്രി നിലനിർത്തിയെന്നാാണ് ഏര്യാ സമ്മേളനത്തിലെ വിമർശനം.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ (CM Office) സിപിഎം വഞ്ചിയൂർ ഏര്യാ സമ്മേളനത്തിൽ (cpm vanchiyoor) വിമർശനം. മുഖ്യമന്ത്രിയുടെ സ്റ്റാഫിൽ മാറ്റം വരുത്താതിലാണ് വിമർശനം. ആദ്യ ടേമിലെ മന്ത്രിമാരുടെ സ്റ്റാഫ് അംഗങ്ങൾ (Personal Staff) തുടരേണ്ടതില്ലെന്നായിരുന്നു തുടർഭരണം കിട്ടിയപ്പോൾ പാർട്ടി തീരുമാനം. എന്നാൽ ഈ മാനദണ്ഡം മുഖ്യമന്ത്രി പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിമ‌ർശനം. 

YouTube video player

മുൻ സ്റ്റാഫ് അംഗങ്ങളെ മറ്റ് മന്ത്രിമാരുടെ ഓഫീസിൽ നിന്ന് ഒഴിവാക്കിയെങ്കിലും കഴിഞ്ഞ സർക്കാരിന് നാണക്കേടുണ്ടാക്കിയ സ്റ്റാഫിനെ മുഖ്യമന്ത്രി നിലനിർത്തിയെന്നാാണ് ഏര്യാ സമ്മേളനത്തിലെ വിമർശനം. ദത്ത് വിവാദത്തിനെതിരെയും ഏര്യാ സമ്മേളനത്തിൽ വിമർശനമുയർന്നു. അനുപമ വിഷയം പാർട്ടിക്ക് നാണക്കേട് ഉണ്ടാക്കിയെന്നാണ് സമ്മേളനത്തിൽ ഉയർന്ന അഭിപ്രായം. ശിശുക്ഷേമ സമിതിക്കും വിമർശനമുണ്ട്. നടപടി വൈകുന്നതിനെതിരെയും ഏര്യാ സമ്മേളനത്തിൽ വിമർശനമുണ്ടായി. 

സിഎം രവീന്ദ്രനെ അടക്കം നിലനിർത്തി കഴിഞ്ഞ തവണത്തേതിൽ നിന്ന് കാര്യമായ മാറ്റങ്ങളില്ലാതെയാണ് മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് സംഘം. ശാസ്ത്ര സാങ്കേതിക വിഭാഗം ഉപദേശകനായിരുന്ന എംസി ദത്തനെ സയൻസ് വിഭാഗം മെന്റർ എന്ന നിലയിലാണ് നിലനിർത്തിയത്. 

Old Report: സിഎം രവീന്ദ്രനെ നിലനിർത്തി; മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ നിയമിച്ച് ഉത്തരവിറങ്ങി

എൻ പ്രഭാവർമ മുഖ്യമന്ത്രിയുടെ മീഡിയ വിഭാഗം സെക്രട്ടറിയായി. ഒന്നാം പിണറായി സർക്കാരിൽ മുഖ്യമന്ത്രിയുടെ മാധ്യമ വിഭാഗം ഉപദേഷ്ടാവായിരുന്നു ഇദ്ദേഹം. പി എം മനോജാണ് ഇത്തവണയും പ്രസ് സെക്രട്ടറി. അഡ്വ എ രാജശേഖരൻ നായർ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയാണ്. സി എം രവീന്ദ്രൻ, പി ഗോപൻ, ദിനേശ് ഭാസ്കർ എന്നിവരാണ് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിമാർ. എ സതീഷ് കുമാർ, സാമുവൽ ഫിലിപ്പ് മാത്യു എന്നിവർ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിമാരാണ്.

വിഎം സുനീഷാണ് പേഴ്സണൽ അസിസ്റ്റന്റ്. ജി കെ ബാലാജി അഡീഷണൽ പിഎയാണ്. സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും മുൻ രാജ്യസഭാംഗവുമായ കെ കെ രാഗേഷാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി. പുത്തലത്ത് ദിനേശൻ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി തുടരുകയും ചെയ്യുന്നു.