കൊച്ചി: വല്ലാർപാടം - വൈപ്പിൻ മേൽപ്പാലത്തിന്‍റെ അപ്രോച്ച് റോഡിൽ വിള്ളൽ കണ്ടെത്തി. ബലക്ഷയമെന്ന് സംശയം ഉയർന്നതിനെ തുടർന്ന് പാലത്തിലൂടെയുള്ള ഗതാഗതംപൊലീസ് താൽക്കാലികമായി തടഞ്ഞു. ദേശീയ പാത അതോറിട്ടിയുടെ പരിശോധനക്ക് ശേഷമേ ഗതാഗതം പുനഃസ്ഥാപിക്കുകയുള്ളൂ.

വല്ലാർപാടം കണ്ടെയ്നർ ടെർമിനലിന് മുന്നിൽ നിർമിച്ചിരിക്കുന്ന മേൽപ്പാലത്തിലേക്ക് കയറുന്ന അപ്രോച്ച് റോഡിലാണ് വിള്ളലുണ്ടായത്. വൈപ്പിൻ ഭാഗത്തേക്ക് പോകുമ്പോൾ പാലത്തിന് സമീപം ഇടതു ഭാഗത്തായാണ് റോഡിന് വിള്ളലുണ്ടായിരിക്കുന്നത്. ഈ ഭാഗത്ത് ടാറിംഗ് പൊളിഞ്ഞു നീങ്ങിയിട്ടുണ്ട്.  പാലത്തിലൂടെ സർവീസ് നടത്തുന്ന ബസ്സിലെ ജീവനക്കാരാണ് സംഭവം പൊലീസിനെ അറിയിച്ചത്.  

തുടർന്ന് പൊലീസെത്തി പരിശോധിച്ച ശേഷം ഗതാഗതം നിരോധിച്ചു. വാഹനങ്ങൾ കടത്തി വിടാൻ കഴിയുമോയെന്ന് പരിശോധന നടത്താൻ ദേശീയ പാത അതോറിട്ടിയെ അറിയിക്കുകയും ചെയ്തു. കൊച്ചിൻ പോർട്ട് ട്രസ്റ്റ് നിർമ്മിച്ച് ദേശീയ പാത അതോറിട്ടിക്ക് കൈമാറിയ പാലം ആറ് മാസം മുൻപാണ് ഗതാഗതത്തിനു തുറന്നു കൊടുത്തത്. അപ്രോച്ച് റോഡിന് മാത്രമാണ് തകരാർ കണ്ടെത്തിയതെന്നും ഡിസൈൻ ചെയ്ത കമ്പനിയിലെ ഉദ്യോഗസ്ഥർ ഇന്ന് പരിശോധന നടത്തുമെന്നും കൊച്ചിൻ പോർട്ട് ട്രസ്റ്റ് അറിയിച്ചു.  

ആവശ്യമെങ്കിൽ അറ്റകുറ്റപ്പണികൾ നടത്താൻ പാലം നിർമിച്ച കരാറുകാരനോട് ആവശ്യപ്പെടും. പ്രശ്നം ടാറിങിലൂടെ പരിഹരിക്കാൻ കഴിയുമെന്നാണ് പ്രാഥമിക നിഗമനം.  ബലക്ഷയം ഇല്ലെന്ന് ഉറപ്പായ ശേഷം ഗതാഗതത്തിന് പാലം തുറന്നു കൊടുക്കാനാണ് പൊലീസിന്‍റെ തീരുമാനം.