Asianet News MalayalamAsianet News Malayalam

ഇനിയില്ല, കണ്ണീരോർമ മാത്രം: പ്രവീണിനും കുടുംബത്തിനും വിങ്ങിപ്പൊട്ടി വിട നൽകി വീടും നാടും

നാട്ടുകാരും വീട്ടുകാരും അടക്കം വൻ ജനാവലിയാണ് അന്തിമോപചാരം അർപ്പിക്കാനും ഇവരെ അവസാനമായി ഒരു നോക്ക് കാണാനുമായി എത്തിയിരുന്നത്. 

cremation of praveen and family dead at nepal at thiruvananthapuram chengottukonam
Author
Thiruvananthapuram, First Published Jan 24, 2020, 12:33 PM IST

തിരുവനന്തപുരം: ചേങ്ങോട്ടുകോണത്തെ അയ്യങ്കോയിക്കൽ ലൈനിലെ 'രോഹിണി' എന്ന വീട് ഇനി ഒരിക്കലും പഴയത് പോലെ സന്തോഷഭരിതമായേക്കില്ല. ഒരു വിനോദയാത്ര കഴിഞ്ഞ് ഓടിയെത്തേണ്ടിയിരുന്ന മകനും ഭാര്യയും, മുറ്റത്ത് ചിരിച്ച് കളിക്കേണ്ടിയിരുന്ന അവരുടെ മൂന്ന് കുഞ്ഞുങ്ങൾ.. ഇവർ ജീവനറ്റ് തിരികെയെത്തിയത് കണ്ട് ഹൃദയം നുറുങ്ങിയാണ് ആ അച്ഛനുമമ്മയും ബന്ധുക്കളുമിരുന്നത്. രാവിലെ പത്തരയോടെ ചിതയിൽ പ്രവീണും ഭാര്യയും എരിഞ്ഞടങ്ങി. അവരുടെ ചിതകൾക്ക് നടുവിൽ ഒരൊറ്റ കുഴിമാടത്തിൽ മൂന്ന് കുഞ്ഞുങ്ങളെയും സംസ്കരിച്ചു. വിങ്ങിപ്പൊട്ടി അവരെ കാണാൻ ഒരു നാട് മുഴുവനെത്തി.

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് ചേങ്ങോട്ടുകോണം സ്വദേശിയും ദുബായിൽ വ്യവസായിയുമായിരുന്ന പ്രവീണിന്‍റെയും ഭാര്യ ശരണ്യയുടെയും മക്കളായ ശ്രീഭദ്ര, ആർച്ച, അഭിനവ് എന്നിവരുടെയും മൃതദേഹങ്ങൾ എത്തിച്ചത്. കാഠ്മണ്ഡുവിൽ നിന്ന് ദില്ലിയിലേക്കും, അവിടെ നിന്ന് തിരുവനന്തപുരത്തേക്കും എത്തിക്കുകയായിരുന്നു. 

തുടർന്ന് രാത്രി മൃതദേഹങ്ങൾ സൂക്ഷിച്ചത് തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലാണ്. അവിടെ നിന്ന് രാവിലെ എട്ട് മണിയോടെ എല്ലാവരുടെയും മൃതദേഹങ്ങൾ വീട്ടിലെത്തിച്ചു. അഞ്ച് ആംബുലൻസുകളിലായി വെവ്വേറെയാണ് മൃതദേഹങ്ങൾ എത്തിച്ചത്. 

തുടർന്ന് അ‌ഞ്ച് പേരുടെയും മൃതദേഹങ്ങൾ ഒന്നരമണിക്കൂർ നേരം പൊതുദർശനത്തിന് വച്ചു. ഒരു നാട് മുഴുവനെത്തി അവസാനമായി ഇവരെ ഒരു നോക്ക് കാണാൻ. ബന്ധുക്കളും, കുഞ്ഞുങ്ങളോടൊപ്പം ഓടിക്കളിച്ച കളിക്കൂട്ടുകാരും, സൂഹൃത്തുക്കളും, ഒടുവിൽ അച്ഛനുമമ്മയും. ഓരോരുത്തരുമെത്തിയപ്പോഴും, നിലവിളികൾ ഉയർന്നു കേട്ടു. അത്യന്തം വികാരഭരിതമായ രംഗങ്ങളായിരുന്നു അവിടെ. വേദനാജനകമായ കാഴ്ചകൾ.

ഒടുവിൽ പത്തേകാലോടെ, സംസ്കാരച്ചടങ്ങുകൾക്കുള്ള സമയമായി. ഓരോരുത്തരുടെയും മൃതദേഹങ്ങൾ പുറത്തേയ്ക്ക് എടുത്തു. കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾ വെവ്വേറെ പെട്ടികളിലാക്കി. ഏറെ ഭാരത്തോടെ, അവ മൂന്നും ഒരേ കുഴിയിലേക്ക് എടുത്തുവച്ചു. കൂട്ടുകാരും ബന്ധുക്കളുമെല്ലാം ഓരോ പിടി മണ്ണ് വാരിയിട്ടു. 

അവസാനച്ചടങ്ങുകൾ നടത്തിയത് ആ മൂന്ന് വയസ്സുകാരൻ

ശ്രീഭദ്രയുടെയും ആർച്ചയുടെയും അഭിനവിന്‍റെയും കൂടെ ഓടിക്കളിച്ചിരുന്ന ആരവ് എന്ന മൂന്ന് വയസ്സുകാരനെക്കൊണ്ടാണ് അവസാനച്ചടങ്ങുകളെല്ലാം നടത്തിയത്. ഒന്നുമറിയാതെ കുഞ്ഞ് അവസാനച്ചടങ്ങുകൾ നടത്തുന്നത് കണ്ടു നിന്നവരെല്ലാം വിങ്ങിപ്പൊട്ടി. 

ഒടുവിൽ ചിതയിൽ തീ കൊളുത്തി. പ്രവീണും ഭാര്യയും ഓർമയായി. ഒപ്പം ഒരു കുഴിയിൽ മൂന്ന് കുഞ്ഞുങ്ങളും ഒരുമിച്ചുറങ്ങി. മരണത്തിലും ഒന്നിച്ച് ഉറക്കത്തിലേക്ക് പോയതുപോലെത്തന്നെ. 

Follow Us:
Download App:
  • android
  • ios