തിരുവനന്തപുരം: കേരള സർവ്വകലാശാല മോഡറേഷൻ തട്ടിപ്പിനെക്കുറിച്ച് ജില്ലാ ക്രൈംബ്രാ‌ഞ്ച് അന്വേഷിക്കും. സൈബർ സെല്ലിന്‍റെ സഹകരണത്തോടെ അന്വേഷണം നടത്താനാണ് ഡിജിപി കമ്മീഷണർക്ക് നിർദ്ദേശം നൽകിയത്. ഇതിനിടെ ക്രമക്കേടിന്‍റെ സാധ്യതയെക്കുറിച്ച് പരീക്ഷാ കൺട്രോളർ ആവർത്തിച്ച്  മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന വിവരവും പുറത്ത് വന്നു. 2016 ജൂൺ മുതൽ 2019 ജനുവരി വരെയുള്ള കാലയളവിൽ 16 ഡിഗ്രി പരീക്ഷകളിലെ മാർക്ക് തിരുത്തിയെന്ന കണ്ടെത്തലിനെക്കുറിച്ചാണ് ജില്ലാ ക്രൈംബ്രാ‌ഞ്ച് അന്വേഷിക്കുന്നത്. 

സർവറിൽ കയറി മോഡറേഷൻ മാർക്ക് തിരുത്തിയെന്നാണ് സർവ്വകലാശാല കണ്ടെത്തിയത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സൈബർ വിദഗ്ദരെക്കൂടി ഉൾപ്പെടുത്തി അന്വേഷണം. ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് സർവ്വകലാശാലയും ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ ടാബിലേഷൻ സോഫ്റ്റുവെയർ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് പരീക്ഷാ കൺട്രോളറുടെ നിർദ്ദേശങ്ങൾ പാലിക്കാത്തതാണ് തിരിമറിക്ക് സഹായമായതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.

 2018 ജൂലൈ 19ന് പരീക്ഷാ കൺട്രോളർ അയച്ച സർക്കുലറിൽ രഹസ്യസ്വഭാവത്തിൽ ജാഗ്രത വേണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. സ്ഥലം മാറ്റിയ ഉദ്യോഗസ്ഥരുടെ പാസ്‍ വേ‍ഡുകൾ റദ്ദാക്കണമെന്ന നിർദ്ദേശവും തള്ളി. അതായത് ക്രമക്കേടിനേക്കുറിച്ച് നേരത്തെ തന്നെ അറിയാമായിരുന്ന സർവകലാശാല നടപടിയെടുത്തില്ലെന്ന് വ്യക്തം. അവധി ദിവസം കമ്പ്യൂട്ടർ സെന്‍റര്‍ തുറന്ന് പ്രവർത്തിപ്പിച്ചതിന് ഡയറക്ടർക്ക് രജിസ്ട്രാർ കാരണം കാണിക്കൽ നോട്ടീസ് നൽകി.