Asianet News MalayalamAsianet News Malayalam

കത്ത് എവിടെ, ആരെഴുതി? ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനാവാതെ ക്രൈം ബ്രാഞ്ച്; എങ്ങുമെത്താതെ വിജിലൻസ് അന്വേഷണവും

മേയർ ആര്യാ രാജേന്ദ്രൻ രാജി വെക്കുന്നത് വരെ സമരമെന്നാണ് ബിജെപിയും യുഡിഎഫും വ്യക്തമാക്കുന്നത്.

Crime Branch and vigilance at no mans land at Letter row of Trivandrum Corporation
Author
First Published Nov 21, 2022, 6:40 AM IST

തിരുവനന്തപുരം: നഗരസഭ മേയർ ആര്യാ രാജേന്ദ്രന്റെ പേരിലുള്ള നിയമന ശുപാർശ കത്ത് പുറത്തുവന്ന് ഒന്നര ആഴ്ച കഴിഞ്ഞിട്ടും കത്തിൻെറ ഉറവിടം കണ്ടെത്താൻ ക്രൈം ബ്രാഞ്ചിനോ വിജിലൻസിനോട് കഴിഞ്ഞിട്ടില്ല. കത്തിനെ കുറിച്ച് പ്രാഥമിക അന്വേഷണം നടത്തിയ ക്രൈം ബ്രാഞ്ച് റിപ്പോർട്ടും ഇതേ വരെ ക്രൈം ബ്രാഞ്ച് മേധാവിക്ക് കൈമാറിയില്ല. പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ ക്രൈം ബ്രാഞ്ച് സംഘം കേസെടുത്ത് അന്വേഷണം നടത്തണമെന്ന ശുപാർ‍ശയാണ് തയ്യാറാക്കിയിരിക്കുന്നത്.  അവധിയിലായിരുന്ന ക്രൈം ബ്രാഞ്ച് മേധാവി വെള്ളയാഴ്ച മടങ്ങിയെത്തിയെങ്കിലും റിപ്പോർട്ട് കൈമാറിയിരുന്നില്ല. ഇന്ന് റിപ്പോർട്ട് കൈമാറാനാണ് സാധ്യത. അതേ സമയം കത്തിനെ കുറിച്ചുള്ള വിജിലൻസ് അന്വേഷണവും എങ്ങുമെത്തിയിട്ടില്ല. കത്തിൻെറ ശരിപ്പകർപ്പ് നശിപ്പിച്ച സാഹചര്യത്തിൽ സമഗ്രമായ അന്വേഷണം തന്നെ വേണ്ടിവരും. കേസെടുത്തുള്ള അന്വേഷണം വൈകുന്നതിനാൽ തെളിവുകള്‍ നഷ്ടപ്പെടാനും സാധ്യതയുണ്ട്.

അതേസമയം കത്ത് വിവാദത്തിൽ തിരുവനന്തപുരം കോർപ്പറേഷനിലെ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. വരും ദിവസങ്ങളിൽ കോർപറേഷൻ ഓഫീസിൽ ശക്തമായ സമര പരിപാടികൾ ആസൂത്രണം ചെയ്യാൻ ബിജെപിയും യുഡിഎഫും തീരുമാനിച്ചിട്ടുണ്ട്. മേയർ ആര്യാ രാജേന്ദ്രൻ രാജി വെക്കുന്നത് വരെ സമരമെന്നാണ് ഇരു വിഭാഗവും പറയുന്നത്. എന്നാൽ മേയർ രാജിവെക്കുന്ന പ്രശ്നമേയില്ലെന്ന നിലപാടിലാണ് സിപിഎമ്മും ഇടതുപക്ഷവും. നാളെ ചേരുന്ന കോർപറേഷൻ കൗണ്‍സില്‍ യോഗത്തിലും പ്രതിപക്ഷ പ്രതിഷേധമുണ്ടാകും.

മേയർക്കെതിരെ ഉയർന്ന ആരോപണങ്ങൾ ചർച്ച ചെയ്യാനായി പ്രതിപക്ഷ അംഗങ്ങളുടെ ആവശ്യപ്രകാരമായിരുന്നു കഴിഞ്ഞ ദിവസം പ്രത്യേക കൗൺസിൽ യോഗം വിളിച്ചത്. മേയർ അധ്യക്ഷത വഹിക്കരുതെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് തള്ളി. ഇതോടെ പ്രത്യേക കൗൺസിൽ യോഗം ബഹളത്തിൽ മുങ്ങി. മേയർ എത്തുന്നതിന് മുൻപ് തന്നെ പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങിയിരുന്നു. മേയർ വന്നതോടെ കരിങ്കൊടിയും ബാനറുകളും പ്ലക്കാർഡുകളും ഉയർത്തി. ഗോബാക് വിളിച്ച് പ്രതിഷേധിച്ചു. എന്നാൽ വനിതാ കൗൺസിലർമാരെ മേയറുടെ ഡയസിന് ചുറ്റും നിരത്തി നിർത്തി ഇടതുമുന്നണി പ്രതിരോധനം തീർത്തു. കെ സുരേന്ദ്രന്റെ മകന്റെ നിയമന വിവാദം അടക്കം ഉയർത്തി എൽഡിഎഫ് തിരിച്ചടിച്ചു. പ്രതിപക്ഷ അംഗങ്ങൾ ആരും യോഗത്തിൽ സംസാരിച്ചില്ല. ഭരണപക്ഷത്തെ ഒൻപത് അംഗങ്ങളുടെ പ്രസംഗം കഴിഞ്ഞപ്പോൾ കൗൺസിൽ യോഗം മേയർ അവസാനിപ്പിച്ചു. ഇന്ന് മുതൽ സമരം ഒന്നുകൂടി ശക്തമാക്കുമെന്നാണ് ബിജെപി വ്യക്തമാക്കുന്നത്. അന്വേഷണത്തിൽ നല്ല പുരോഗതിയെന്നാണ് സിപിഎമ്മിന്റെയും എൽഡിഎഫിന്റെയും നിലപാട്.

Follow Us:
Download App:
  • android
  • ios