Asianet News MalayalamAsianet News Malayalam

രാജ്കുമാറിന്‍റെ മരണം: കസ്റ്റഡി മർദ്ദനം സ്ഥിരീകരിച്ച് ക്രൈംബ്രാഞ്ച്

നെടുങ്കണ്ടം സ്റ്റേഷനിലെ കസ്റ്റഡി അന്യായമെന്ന് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം കണ്ടെത്തി. സ്റ്റേഷൻ രേഖകളും സിസിടിവി ദൃശ്യങ്ങളും സംഘം പരിശോധിച്ചു.

Crime branch confirms custody attack on nedumkandam custody death
Author
Idukki, First Published Jun 29, 2019, 9:13 AM IST

ഇടുക്കി: പീരുമേട് സബ്‍ ജയിലിൽ റിമാൻഡിലിരിക്കെ സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി രാജ്‍കുമാര്‍ മരിച്ച സംഭവത്തില്‍ കസ്റ്റഡി മർദ്ദനം ഉണ്ടായിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് ക്രൈംബ്രാഞ്ച്. നെടുങ്കണ്ടം സ്റ്റേഷനിലെ കസ്റ്റഡി അന്യായമെന്ന് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം കണ്ടെത്തി. സ്റ്റേഷൻ രേഖകളും സിസിടിവി ദൃശ്യങ്ങളും സംഘം പരിശോധിച്ചു. കേസില്‍ അന്വേഷണസംഘം ശാസ്ത്രീയ പരിശോധനകൾ ഇന്ന് തുടങ്ങും. പ്രത്യേക സംഘം മൂന്നായി തിരിഞ്ഞായിരിക്കും അന്വേഷണം നടത്തുക.

ഇതിനിടെ, സംഭവത്തില്‍ പൊലീസുകാര്‍ക്ക് ഗുരുതര വീഴ്ച പറ്റിയെന്നതിന് കൂടുതൽ തെളിവുകൾ പുറത്ത് വന്നു. കോട്ടയം മെഡിക്കൽ കോളേജിൽ ഡോക്ടർമാർക്ക് വീഴ്ച പറ്റിയെന്നും വിവരം ലഭിക്കുന്നുണ്ട്. ഈ രണ്ട് കാര്യങ്ങളും ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം അന്വേഷിക്കും. ക്രൈംബ്രാഞ്ച് അന്വേഷണസംഘം ഇന്നോ നാളെയോ ഡോക്ടർമാരുടെ മൊഴി എടുക്കും.

രാജ്കുമാറിനെ 18, 19 തിയ്യതികളിലാണ് മെഡിക്കൽ കോളേജിൽ എത്തിച്ചത്. 19 ന് കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ച രാജ്കുമാറിനെ ഒപി ഇല്ലാത്തതിനാൽ പരിശോധിപ്പിക്കാതെ പൊലീസുകാർ തിരിച്ച് കൊണ്ടുപോയി എന്നാണ് ലഭിക്കുന്ന വിവരം. ജൂൺ 19 ന് രാജ്കുമാറിന്‍റെ പേര് മെഡിക്കൽ കോളേജിലെ ഒരു രജിസ്റ്ററിലുമില്ല. ഒപിയിൽ പരിശോധിച്ച ശേഷം പൊലീസുകാരുടെ ആവശ്യപ്രകാരം വിട്ടയക്കുകയായിരുന്നു. ഇതിനിടെ, പൊലീസുകാർ മർദ്ദിച്ചെന്ന് മരിച്ച രാജ്കുമാർ പറഞ്ഞതായി കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർമാര്‍ വെളിപ്പെടുത്തുന്നു. 

ഇടുക്കി തൂക്കുപാലത്തെ വായ്പ തട്ടിപ്പ് കേസില്‍ പീരുമേട് ജയിലില്‍ റിമാന്‍ഡിലായിരുന്ന ഇടുക്കി കോലാഹലമേട് സ്വദേശി രാജ്‍കുമാര്‍ ജൂണ്‍ 21നാണ് മരിച്ചത്. രാജ്‍കുമാറിന് മര്‍ദ്ദനമേറ്റതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരണം ഉണ്ടായിരുന്നു. കേസിൽ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം ശാസ്ത്രീയ പരിശോധനകൾ ഇന്ന് തുടങ്ങും. ഇന്നലെ സംഘം ആദ്യഘട്ട മൊഴിയെടുപ്പ് പൂർത്തിയാക്കുകയും രേഖകൾ പരിശോധിക്കുകയും ചെയ്തിരുന്നു.

Follow Us:
Download App:
  • android
  • ios