തിരുവനന്തപുരം: ക്രൈം ബ്രാഞ്ചിന് കേസെടുക്കാന്‍ ഡിജിപിയുടെ മുന്‍കൂര്‍ അനുമതി വേണമെന്ന വിവാദ ഉത്തരവ് തിരുത്തി. ഡിജിപിയുടെ നിര്‍ദ്ദേശം ക്രൈംബ്രാഞ്ചിന്റെ സ്വതന്ത്രമായ പ്രവര്‍ത്തനത്തെ തകര്‍ക്കുന്നതാണെന്ന ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഉത്തരവ് തിരുത്തിയത്. സാധാരണ രീതിയില്‍ ഡിജിപിയുടെ അറിവോടെയാണ് കേസെടുക്കാറുള്ളതെന്ന് ഉത്തരവില്‍ മാറ്റം വരുത്തി. 

അടിയന്തര സാഹചര്യത്തില്‍ കേസെടുക്കാന്‍ ക്രൈം ബ്രാഞ്ചിന് അധികാരമുണ്ടാകും. കേസെടുത്ത കാര്യം ഡിജിപിയെ അറിയിക്കണം. സര്‍ക്കാരോ- കോടതിയോ കൈമാറുന്ന കേസുകള്‍ അന്വേഷിക്കുവാനും കേസെടുക്കാനും അനുമതിയുണ്ടെന്നും ഉത്തരവില്‍ പറയുന്നു. ഇത്തരം കേസുകള്‍ അന്വേഷിക്കുന്നതിന് വിശദമായ മാര്‍ഗ നിര്‍ദ്ദേശം പുറത്തിറക്കുമെന്നും ഡിജിപി ഉത്തരവില്‍ പറയുന്നു.

ക്രൈംബ്രാഞ്ചിന് മേല്‍ കടുത്ത നിയന്ത്രണങ്ങള്‍ വരുത്തുന്നുവെന്ന് വിവാദഉത്തരവിനെച്ചൊല്ലി വ്യാപകമായ വിമര്‍ശനമുയര്‍ന്നിരുന്നു. ഒരു പരാതി വന്നാല്‍, അതില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാല്‍ സംസ്ഥാന പൊലീസ് സംവിധാനം ഒട്ടും വൈകാതെ കേസെടുക്കണമെന്നാണ് സുപ്രീംകോടതിയുടെ വിധി. ഈ വിധിയുടെ ലംഘനമാണ് ഉത്തരവെന്നാണ് വിമര്‍ശനമുയര്‍ന്നത്.

സംസ്ഥാന ക്രൈംബ്രാഞ്ച്, ജില്ലാ ക്രൈംബ്രാഞ്ച്, ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് എന്നിവയ്ക്ക് ഏതെല്ലാം കേസുകളാണ് കൈമാറേണ്ടത് എന്നീ മാനദണ്ഡങ്ങള്‍ വിശദീകരിച്ചുകൊണ്ടാണ് ഇന്നലെ സംസ്ഥാനത്തെ പൊലീസ് ആസ്ഥാനത്ത് നിന്ന് ഉത്തരവിറങ്ങിയത്. ഇതനുസരിച്ച്, സംസ്ഥാന പൊലീസ് മേധാവിയുടെയോ മുഖ്യമന്ത്രിയുടെയോ അനുമതിയോടെ മാത്രമേ കേസ് റജിസ്റ്റര്‍ ചെയ്യാവൂ എന്നാണ് എഴുതിയിരുന്നത്. ഇവിടെ ടൈപ്പ് ചെയ്യുന്നതില്‍ വന്ന പിശകാണെന്നാണ് പൊലീസ് ആസ്ഥാനം വിശദീകരിക്കുന്നത്.

വിജിലന്‍സിനെ നിയന്ത്രിച്ചതിന് പിന്നാലെ ക്രൈംബ്രാഞ്ചിന്റെയും ചിറകരിയാന്‍ സംസ്ഥാനസര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന ആരോപണം വ്യാപകമായി ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പഴയ ഉത്തരവ് പൊലീസ് തിരുത്തുന്നത്. പൊലീസ് കസ്റ്റഡി മരണങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ ഉടന്‍ ക്രൈം ബ്രാഞ്ചിന് കൈമാറണം എന്നും നേരത്തേയുള്ള ഉത്തരവിലുണ്ടായിരുന്നു. അഞ്ച് കോടി രൂപയ്ക്ക് മുകളിലുള്ള സാമ്പത്തിക തട്ടിപ്പ് കേസുകളും ക്രൈം ബ്രാഞ്ചാണ് അന്വേഷിക്കേണ്ടത്. 30 ദിവസത്തിനകം തെളിയാത്ത കൊലപാതക കേസും ആയുധങ്ങള്‍ കൈവശം വച്ച കേസും മോഷണ കേസും ക്രൈം ബ്രാഞ്ചിന് കൈമാറണമെന്നും ഉത്തരവിലുണ്ട്.

കേരള പൊലീസിന്റെ കീഴില്‍ ഏറ്റവും പ്രധാനപ്പെട്ട വിഭാഗമാണ് ക്രൈം ബ്രാഞ്ച്. ക്രമസമാധാനമല്ല, മറിച്ച് അന്വേഷണം മാത്രമാണ് ക്രൈംബ്രാഞ്ചിന്റെ ചുമതല. സിആര്‍പിസി പ്രകാരം പൊലീസ് സ്റ്റേഷന് കേസ് രജിസ്റ്റര്‍ ചെയ്യാം. ക്രൈം ബ്രാഞ്ച് പൊലീസ് സ്റ്റേഷനായി വിജ്ഞാപനം ചെയ്തിട്ടുള്ളതാണ്. സാധാരണ കേസുകളില്‍ പ്രാഥമിക അന്വേഷണം നടത്തി, വിശദമായ അന്വേഷണം ആവശ്യമാണെങ്കില്‍ ക്രൈം ബ്രാഞ്ച് കേസ് നടത്തുകയാണ് ചെയ്യുന്നത്. സോളാര്‍ കേസ് ഇത്തരത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിയ കേസായിരുന്നു.