Asianet News MalayalamAsianet News Malayalam

തെരഞ്ഞെടുപ്പ് വേളയിൽ സുരേന്ദ്രൻ തങ്ങിയ ഹോട്ടലിൽ സുന്ദരയെ എത്തിച്ച് ക്രൈംബ്രാഞ്ച് തെളിവെടുപ്പ്

നാമനിർദ്ദേശ പത്രിക പിൻവലിക്കാൻ അപേക്ഷയിൽ ഒപ്പിട്ടത് ഈ ഹോട്ടലിൽ വച്ചാണെന്നും കൊടകര കുഴൽപ്പണക്കേസിൽ പൊലീസ് ചോദ്യം ചെയ്ത സുനിൽ നായ്ക് അടക്കമുള്ള ബിജെപി നേതാക്കൾ ഹോട്ടലിൽ ഉണ്ടായിരുന്നെന്നും കെ.സുന്ദര ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

 

crime branch evidence collection with k sundara
Author
Kasaragod, First Published Jun 22, 2021, 2:08 PM IST

കാസർകോട്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രതിയായ തെരഞ്ഞെടുപ്പ് കോഴക്കേസിൽ ജില്ലാ ക്രൈംബ്രാഞ്ച് സംഘത്തിന്‍റെ തെളിവെടുപ്പ് തുടരുന്നു. മുഖ്യസാക്ഷി കെ.സുന്ദരയെ അടുക്കത്ത് ബയലിലെ ഹോട്ടലിലെത്തിച്ച് തെളിവെടുത്തു. നാമനിർദ്ദേശ പത്രിക പിൻവലിക്കാൻ അപേക്ഷയിൽ ഒപ്പിട്ടത് ഈ ഹോട്ടലിൽ വച്ചാണെന്നും കൊടകര കുഴൽപ്പണക്കേസിൽ പൊലീസ് ചോദ്യം ചെയ്ത സുനിൽ നായ്ക് അടക്കമുള്ള ബിജെപി നേതാക്കൾ ഹോട്ടലിൽ ഉണ്ടായിരുന്നെന്നും കെ.സുന്ദര ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് പ്രചാരണ ദിവസങ്ങളിലെല്ലാം കെ.സുരേന്ദ്രൻ തങ്ങിയ അടുക്കത്ത്ബയലിലെ ഹോട്ടലിൽ എത്തിയാണ് പൊലീസ് തെളിവെടുത്തത്. അരമണിക്കൂർ നീണ്ട തെളിവെടുപ്പിനിടെ ഹോട്ടൽ അധികൃതരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു.  ഈ ഹോട്ടലിൽ വച്ചാണ് നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അപേക്ഷയിൽ ഒപ്പിട്ടതെന്ന് കെ.സുന്ദര പറഞ്ഞു. 

സുനിൽ നായ്കും സുരേഷ് നായ്കും തന്നെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയ സംഘത്തിലുണ്ടായിരുന്നെന്ന് സുന്ദര വെളിപ്പെടുത്തിയിരുന്നു. ഇതിൽ കോഴിക്കോട് സ്വദേശിയായ സുനിൽ നായ്ക് കൊടകര കുഴൽപ്പണക്കേസിൽ പൊലീസ് ചോദ്യം ചെയ്തയാളാണ്. നിലവിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കൈക്കൂലി നൽകൽ എന്ന വകുപ്പ് ചുമത്തി കെ.സുരേന്ദ്രനെതിരെ മാത്രമാണ് കേസ്.

ഈ മാസം 29ന് ഹൊസ്ദുർഗ് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുന്നിൽ കെ.സുന്ദരയുടെ രഹസ്യമൊഴി രേഖപ്പെടുത്തു. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ വകുപ്പുകൾ ചുമത്താനും ബിജെപി പ്രാദേശിക നേതാക്കളെ കൂടി പ്രതിചേർക്കാനുമാണ് ജില്ലാ ക്രൈംബ്രാ‍ഞ്ച് സംഘത്തിന്‍റെ നീക്കം.  

Follow Us:
Download App:
  • android
  • ios