തിരുവനന്തപുരം: പിഎസ്‍സി പരീക്ഷ കുറ്റമറ്റതാക്കാൻ ശുപാർ‍ശകളുമായി ക്രൈംബ്രാഞ്ച്. പരീക്ഷയ്ക്കെത്തുന്നവരുടെ ശരീര പരിശോധന കർശനമാക്കണമെന്നും എല്ലാ പരീക്ഷ ഹാളിലും സിസിടിവിയും മൊബൈൽ ജാമറും സ്ഥാപിക്കണമെന്നും ക്രൈംബ്രാ‌ഞ്ച് ശുപാർശ ചെയ്തു. പിഎസ്‍സി സെക്രട്ടറിക്കാണ് എട്ട് ശുപാ‌ർശകളടങ്ങിയ റിപ്പോർട്ട് ക്രൈംബ്രാ‌‌ഞ്ച് മേധാവി ടോമിൻ തച്ചങ്കരി നൽകിയത്. പിഎസ്‍സി നടത്തിയ പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയിൽ കോപ്പയടിച്ചവർക്ക് ഉയർന്ന റാങ്ക് ലഭിച്ചത് കണ്ടെത്തിയതിനെ തുടർന്നാണ് പരീക്ഷ ക്രമക്കേടുകള്‍ തടയാനുള്ള ശുപാർശകള്‍ അന്വേഷണ സംഘം തയ്യാറാക്കിയത്. പരീക്ഷ നടപടികളിൽ അടിമുടിമാറ്റം വരുത്തണമെന്നാണ് ശുപാർ‍ശ. 

നിലവിലെ രീതിയനുസരിച്ച് പരീക്ഷാ കേന്ദ്രവും ഇരിക്കുന്ന സീറ്റും  ചോദ്യപ്പേറിന്‍റെ കോഡും നമ്പറുമെല്ലാം ഉദ്യോഗാര്‍ത്ഥിക്ക് ഒരുമാസം മുമ്പ് അറിയാൻ സാധിക്കും. ഇത് ക്രമക്കേടിന് വഴിവക്കുന്നുണ്ട്. അതിനാൽ സീറ്റിംഗിന്‍റെ കാര്യത്തിലുള്‍പ്പെടെ കാലാനുസരണമായ മാറ്റം കൊണ്ടുവരണം. ഒരേ ഹാളിൽ ഇടംപിടിക്കുന്നവർ പരസ്പരം സഹായിച്ച് ലിസ്റ്റിൽ ഇടംപിടിക്കുന്നുവെന്ന ആക്ഷേപമുണ്ട്. ഇത് ഒഴിവാക്കാൻ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം. പരീക്ഷ കഴിഞ്ഞ് ഉത്തരക്കടലാസുകള്‍ തിരികെ നൽകുമ്പോള്‍ ചുമതലയുള്ള ഉദ്യോഗസ്ഥൻ സിസിടിവി ഹാർഡ് ഡിസ്ക്കും സീൽ ചെയ്ത് നൽകണം.  വാച്ച് ഉള്‍പ്പെടെ ഒരു സാധനങ്ങളും പരീക്ഷ ഹാളിൽ അനുവദിക്കുക്കരുത്. അതിനാൽ പരീക്ഷാർത്ഥികളുടെ പരിശോധന നടത്തണം. പേന, ബട്ടണ്‍ എന്നിവടങ്ങളിൽ ക്യാമറ ഇല്ലെന്ന് ഉറപ്പുവരുത്തനാണ് ശരീര പരിശോധന. 

മൊബൈൽ ജാമറും സ്ഥാപിക്കണം. എല്ലാ പരീക്ഷാ ഹാളിലും സമയമറിയാന്‍ ക്ലോക്കുകള്‍ സ്ഥാപിക്കണം. പിഎസ്‍സി പരീക്ഷകൾ ഓണ്‍ലൈൻ വഴിയാക്കുന്ന കാര്യം പരിശോധിക്കണം. ഇതിനായി പോർട്ടബിൾ വൈഫ്-ഫൈ സ്ഥാപിക്കണം. ഉയർന്ന തസ്തികകളിലേക്കുള്ള പരീക്ഷയിൽ എഴുത്ത് പരീക്ഷയുമാകാം. ആക്ഷേപങ്ങളുയർന്നാൽ കൈയക്ഷര പരിശോധന നടത്താൻ ഇത് സഹായിക്കുമെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ ശുപാര്‍ശ. ഇപ്പോള്‍ പരീക്ഷ ചുമതല നിർവ്വഹിക്കുന്ന പ്യൂണ്‍മാരും, ഉദ്യോഗസ്ഥരുമെല്ലാം സ്വാധീനിക്കപ്പെടുന്നുണ്ടെന്ന ആക്ഷേപമുണ്ട്. ഇത് ഒഴിവാക്കാൻ നിശ്ചതയോഗ്യതയുള്ളവർക്ക്  പരീക്ഷ ചുമതല നൽകണമെന്നാണ് മറ്റൊരു ശുപാർശ.