നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ മേൽനോട്ട ചുമതലയിൽനിന്ന് എ ഡി ജി പി എസ് ശ്രീജിത്തിനെ മാറ്റിയത് ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളി.
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ക്രൈം ബ്രാഞ്ച് ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചു (Actress Attack Case). മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയതിൽ അന്വേഷണം വേണമെന്നാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ ആവശ്യപ്പെട്ടത്. നേരത്തെ ഈ ആവശ്യം വിചാരണ കോടതി തള്ളിയിരുന്നു. തെളിവ് ശേഖരിക്കുന്ന ഘട്ടത്തിൽ ഇടപെടാൻ കോടതിയ്ക്ക് അധികാരമില്ലെന്നും വിചാരണ ഘട്ടത്തിൽ മാത്രമാണ് തെളിവ് കോടതിയ്ക്ക് പരിശോധിക്കാനാവൂവെന്നുും ക്രൈംബ്രാഞ്ച് വാദിക്കുന്നു. ദൃശ്യങ്ങൾ ചോർന്നതിൽ വ്യക്തതയുണ്ടായേ പറ്റൂവെന്നും ഹൈക്കോടതിയിൽ പ്രോസിക്യൂഷൻ ആവശ്യപ്പെടുന്നു.
നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ മേൽനോട്ട ചുമതലയിൽനിന്ന് എ ഡി ജി പി എസ് ശ്രീജിത്തിനെ മാറ്റിയത് ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളി. സർക്കാരിന്റെ ഭരണപരമായ കാര്യങ്ങളിൽ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കിയാണ് ഹർജി കോടതി തള്ളിയത്.സ്ഥലംമാറ്റം സംബന്ധിച്ച് സർക്കാർ നൽകിയ വിശദീകരണം കോടതി അംഗീകരിച്ചു. നടിയെ ആക്രമിച്ച കേസിൽ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി അന്വഷണ സംഘം വിചാരണ കോടതിയെ സമീപിച്ചിരിക്കുന്നതിനിടെയാണ് മേൽനോട്ട ചുമതലയിൽ നിന്ന് എസ്.ശ്രീജിത്തിനെ മാറ്റിയത്.
നടിയെ ആക്രമിച്ച കേസിൽ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ ഇന്നും വിചാരണ കോടതിയിൽ വാദം തുടരും. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്ന എട്ടാ൦ പ്രതിയായ ദിലീപ് തുടർച്ചയായി ജാമ്യവ്യവസ്ഥ ല൦ഘിക്കുന്നുവെന്നാണ് പ്രോസിക്യൂഷൻ ആരോപണ൦. എന്നാൽ ജാമ്യം റദ്ദാക്കണമെന്ന ആവശ്യത്തിൽ പ്രോസിക്യൂഷൻ ഹാജരാക്കുന്നത് പഴയ രേഖകളാണന്നാണ് പ്രതിഭാഗം വാദം. മാപ്പുസാക്ഷിയായ വിപിൻ ലാലിനെ ദിലീപ് ഭീഷണിപ്പെടുത്തി എന്ന് പ്രോസിക്യൂഷൻ ആരേപിക്കുന്ന സമയം ദിലീപ് ജയിൽ ആയിരുന്നു. ദിലീപിന്‍റെ വീട്ടിലെ ജീവനക്കാരനായ ദാസനെ അഭിഭാഷകൻ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന വാദം തെറ്റെന്നു൦ പ്രതിഭാഗ൦ വാദിക്കുന്നു.
ഈ ഘട്ടത്തിൽ സംവിധായകൻ ബൈജു കൊട്ടാരക്കരയാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്.മുഖ്യമന്ത്രിയുടെ പുതിയ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയുടെ ഇടപെടൽ എഡിജിപിയുടെ സ്ഥാന ചലനത്തിന് പിന്നിലുണ്ടെന്ന് പ്രതിപക്ഷ നേതാവ് ഉൾപ്പടെ ആരോപിച്ചിരുന്നു.കേസിൽ പ്രതിഭാഗം അഭിഭാഷകരെ ചോദ്യം ചെയ്യാൻ ശ്രീജിത്തിന്‍റെ നേതൃത്വത്തിൽ അന്വേഷണം സംഘം നീക്കം തുടങ്ങിയതിന് പിന്നാലെ ഇദ്ദേഹത്തിനെതിരെ ദിലീപിന്‍റെ അഭിഭാഷകൻ ആഭ്യന്തര സെക്രട്ടറിയെ സമീപിച്ചിരുന്നു.
