Asianet News MalayalamAsianet News Malayalam

പിഎസ്‍സി ക്രമക്കേടില്‍ നിര്‍ണ്ണായക തെളിവ്; പരീക്ഷാ പേപ്പര്‍ ചോര്‍ത്തിയ ഫോണ്‍ കണ്ടെത്തി

നിര്‍ണ്ണായക തെളിവാണ് ലഭിച്ചതെന്ന് ക്രൈംബ്രാഞ്ച് എസ്‍പി പറഞ്ഞു. ഫോൺ നശിപ്പിച്ചുവെന്നായിരുന്നു പ്രതികളുടെ മൊഴി.

crime branch got crucial evidence on psc cheating case
Author
Trivandrum, First Published Nov 23, 2019, 12:22 PM IST

തിരുവനന്തപുരം: പിഎസ്സി പരീക്ഷാ തട്ടിപ്പ് നടത്താൻ പ്രതികൾ ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെത്തി. പ്രതികള്‍ നശിപ്പിച്ചുവെന്ന് പറഞ്ഞ ഫോണാണ് നാടകീയ നീക്കങ്ങള്‍ക്കൊടുവിൽ ബെംഗളൂരുവില്‍ നിന്നും കണ്ടെത്തിയത്. പിഎസ്‍സി പരീക്ഷാ തട്ടിപ്പിലെ നിർണ്ണായക തൊണ്ടിമുതലായ മൊബൈൽ ഫോൺ കിട്ടാത്തതായിരുന്നു ഇതുവരെ അന്വേഷണ സംഘത്തെ കുഴക്കിയിരുന്നത്. ക്രമക്കേടിന് ഉപയോഗിച്ച മൊബൈൽ ഫോണുകളെല്ലാം നശിപ്പിച്ചുവെന്നായിരുന്ന പ്രതികള്‍ ചോദ്യം ചെയ്യലിൽ പൊലീസിനോട് പറഞ്ഞത്. ഫോണുകള്‍ നശിപ്പിച്ചുവെങ്കിലും പ്രതികള്‍ പരസ്പരം കൈമാറിയ സന്ദേശങ്ങളും ഫോണ്‍വിളിയുടെ വിശദാംശങ്ങളുമെല്ലാം നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.

യൂണിവേഴ്സിറ്റി കോളജിലെ മുൻ വിദ്യാർത്ഥിയും ആറാം പ്രതിയുമായ പ്രവീണ്‍ ഉപയോഗിച്ച ഫോണാണ് ഇപ്പോൾ കണ്ടെത്തിയത്. രണ്ടാം പ്രതി നസീം പിഎസ്എസി ചോദ്യപേപ്പർ ഫോട്ടോയടുത്ത് ഒരു പ്രത്യേക ആപ്പ് വഴി പ്രവീണിന്‍റെ ഫോണിലേക്കാണ് അയച്ചുകൊടുത്തത്. ഇത് പരിശോധിച്ച് ഉത്തരങ്ങള്‍ തിരികെ അയച്ചതും ഇതേ ഫോണിൽ നിന്നായിരുന്നു. ഫോൺ നശിപ്പിച്ചെന്നായിരുന്നു പ്രവീണിന്‍റെ മൊഴി. വിശദമായ അന്വേഷണത്തിൽ പ്രവീൺ മാസത്തവണ വ്യവസ്ഥയിൽ പാളയം സ്റ്റാച്യൂവിലെ ഒരു കടയിൽ നിന്നാണ് ഫോൺ വാങ്ങിയതെന്ന് തെളിഞ്ഞു.

കടയിലെ വിവരം അനുസരിച്ച് ഇഎംഐ നമ്പർ പരിശോധിച്ചപ്പോൾ ഫോൺ ബെംഗളൂരുവില്‍ ഉണ്ടെന്ന വിവരം കിട്ടി. യശ്വന്ത്‍‌പൂരിലെ ഒരു തൊഴിലാളി ഉപയോഗിച്ചിരുന്ന ഫോൺ ഇന്നലെയാണ് ക്രൈംബ്രാഞ്ച് പിടിച്ചെടുത്തത്. ഉത്തരങ്ങൾ ചോർത്തിയശേഷം പ്രവീൺ പാളയത്തെ ഒരു കടയിൽ ഫോൺ വിൽക്കുകയായിരുന്നു. അവിടെ നിന്നും കൈമാറിയാണ് ഫോൺ ബെംഗളൂരുവിലെ തൊഴിലാളിക്ക് കിട്ടിയത്. ഫോൺ ഫോറൻസിക് പരിശോധനക്ക് വിധേയമാക്കും. ക്രൈംബ്രാഞ്ച് എസ്ഐ അനൂപ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള സംഘമാണ് ബെംഗളൂരുവില്‍ നിന്നും ഫോൺ പിടിച്ചെടുത്ത്. ക്രൈംബ്രാഞ്ച് എഡിജിപി ടോമിൻ തച്ചങ്കരിയുടെ മേൽനോട്ടത്തിലാണ് കേസ് അന്വേഷണം.

Follow Us:
Download App:
  • android
  • ios