തിരുവനന്തപുരം: യുണൈറ്റഡ് നഴ്‍സസ് അസോസിയേഷന്‍റെ സാമ്പത്തിക ക്രമക്കേടുകള്‍ വ്യക്തമാക്കുന്ന കൂടുതൽ രേഖകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചു. ഒന്നാം പ്രതി ജാസ്മിൻ ഷായുടെ ഭാര്യ ഷബ്നയുടെ ബാങ്ക് അക്കൗണ്ടിലേക്ക് സംഘടന ഫണ്ട് വകമാറ്റിയതിന്‍റെ രേഖയാണ് ക്രൈം ബ്രാഞ്ച് തൃശൂർ കോടതിയിൽ ഹാജരാക്കിയത്. 74 ലക്ഷംരൂപ വകമാറ്റിയെന്നാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്.

യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍റെ അക്കൗണ്ടിൽ നിന്ന് നേരിട്ടും  പ്രതികളായ ഷോബി ജോസഫ്, നിധിൻമോഹൻ,  ജിത്തു എന്നിവരുടെ അക്കൗണ്ടുകളില്‍ നിന്നുമാണ് ഷബ്നയുടെ എൻ ആർ ഐ അക്കൗണ്ടിലേക്ക് പണമിട്ടിരിക്കുന്നത്. ഒന്നാം പ്രതിയായ ജാമ്സിൻഷായുടെ ഭാര്യ ഷബ്ന ഖത്തറിലാണ്  ജോലി ചെയ്യുന്നത്. 

സംഘടനയുടെ അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചാണ് ഷബ്നയുടെ അക്കൗണ്ടിലേക്ക് മൂന്നു പ്രതികളും നിഷേപിച്ചതെന്ന് ക്രൈം ബ്രാഞ്ച് പറയുന്നു. യുഎൻഎ സംസ്ഥാന പ്രസിഡന്‍റാണ് ഷോബി ജോസഫ്. ജാസ്മിൻ ഷായുടെ ഡ്രൈവറാണ് നിധിൻമോഹൻ. ഓഫീസ് സെക്രട്ടറിയാണ്  ജിത്തു പി ഡി. ഇവര്‍  രണ്ടു മുതൽ നാലുവരെ പ്രതികളാണ്. 

Read Also: നഴ്സസ് അസോസിയേഷനിലെ തട്ടിപ്പ് നിസാരമായി കാണാനാവില്ലെന്ന് ഹൈക്കോടതി

സാമ്പത്തിക ക്രമക്കേടിൽ പങ്കെടുണ്ടെന്ന് വ്യക്തമായതിനെ തുടർന്നാണ് ഷബ്നയെ എട്ടാം പ്രതിയാക്കിയത്. പ്രതിപട്ടികയില്‍ ഉള്‍പ്പെട്ടവരെ കൂടാതെ യുഎൻഎയുടെ ചില ജില്ലാ ഭാരവാഹികളുടെയും അവരുടെ ഭാര്യമാരുടെയും പേരുകളിൽ പണം ഷബ്നയുടെ അക്കൗണ്ടിലേക്ക് വന്നിട്ടുണ്ട്.  ക്രൈം ബ്രാഞ്ച് പരിശോധിച്ച ആക്സിസ്  ബാങ്കിന്‍റെ അക്കൗണ്ടിലേക്ക് ഒരു കോടിയോളം രൂപ വന്നിട്ടുണ്ട്.  പ്രതികളുടെ സാമ്പത്തിക ഇടപാടുകളും  അക്കൗണ്ടിലെ 50,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകളുമാണ് പ്രാഥമികമായി ക്രൈം ബ്രാഞ്ച് പരിശോധിച്ചത്. 

Read Also: സർക്കാരും ക്രൈം ബ്രാഞ്ചും വേട്ടയാടുന്നു: പ്രതിഷേധവുമായി നഴ്സുമാരുടെ സംഘടന യുഎന്‍എ

മറ്റുള്ളർ എന്തിന് ഷബ്നയുടെ അക്കൗണ്ടിലേക്ക്  പണം നിഷേപിച്ചുവെന്ന് പരിശോധിച്ചുവരുകയാണെന്ന്അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഷബ്നയുടെ  മറ്റ് അഞ്ച് അക്കൗണ്ടുകളും ജാസ്മിൻഷായുടെ സാമ്പത്തിക ഇടപാടുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രതിയാക്കപ്പെട്ട എട്ടുപേരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ജാസ്മിൻ ഷാ ഉള്‍പ്പടെ പ്രധാനപ്പെട്ട നാലുപ്രതികള്‍ വിദേശത്താണെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ഇവര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസും പുറത്തിറക്കിയിട്ടുണ്ട്. 

Read Also: യുഎൻഎ തിരിമറി: ജാസ്മിൻഷായ്ക്ക് എതിരെ വിമാനത്താവളങ്ങളിൽ ലുക്കൗട്ട് സർക്കുലർ