തിരുവനന്തപുരം: കള്ളപ്പണക്കേസിലും ശബ്ദരേഖ ചോർച്ചയിലും സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യാനുള്ള നിർണ്ണായക നടപടികളുമായി ഇഡിയും ക്രൈംബ്രാഞ്ചും. ജയിൽ ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഇല്ലാതെ ചോദ്യം ചെയ്യാൻ ഇഡിക്ക് കോടതി അനുമതി നൽകി. ഇതിനിടെ ശബ്ദരേഖ ചോർച്ചയിൽ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യൽ തുടങ്ങി.

സ്വപ്നയുടെ രഹസ്യമൊഴിയിൽ ഉന്നതരുണ്ടെന്ന വിവരങ്ങളാണ് പുറത്തുവന്നത്. ഇഡി തനിക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നുവെന്ന സ്വപ്നയുടെ ശബ്ദരേഖയും വിവാദങ്ങൾ ശക്തമാക്കി. ശബ്ദരേഖക്ക് പിന്നിൽ പൊലീസ് ഉദ്യോഗസ്ഥരാണെന്ന സൂചനകളും വരുന്നതിനിടെയാണ് സ്വപ്നയെ ചോദ്യം ചെയ്യുന്നത്. കസ്റ്റംസിനോട് സ്വപ്ന നടത്തിയിട്ടുള്ള പുതിയ വെളിപ്പെടുത്തലുകളെ കുറിച്ചുള്ള വിവരങ്ങളാകും ഇഡി തേടുക. അതിനിടെ, ജയിൽ ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ ചോദ്യം ചെയ്യണമെന്ന ഇഡിയുടെ ആവശ്യവും എറണാകുളം സെഷൻസ് കോടതി അംഗീകരിച്ചു. മൂന്ന് ദിവസമായിരിക്കും ഇഡി ചോദ്യം ചെയ്യൽ. സ്വപ്നയുടെ ശബ്ദരേഖ ചോർന്നതിൽ വിമർശനം നേരിടേണ്ടിവന്നത് എൻഫോഴ്മെൻറാണ്. ഈ സാഹചര്യത്തിൽ ചോദ്യം ചെയ്യലിൻ്റെ വിശദാംശങ്ങള്‍ ചോർന്നു പോകാതിരിക്കാനായിരുന്നു ജയിൽ ഉദ്യോഗസ്ഥരെ മാറ്റിനിർത്താൻ ഇഡി ആവശ്യപ്പെട്ടത്. 

പ്രതികള്‍ക്ക് മാനസിക സംഘർഷമുണ്ടാക്കരുതെന്ന് കോടതി നിർദ്ദേശവും നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ പ്രേരിച്ചുവെന്ന സ്വപ്നയുടെ ശബ്ദരേഖയുടെ വിശദാശങ്ങളും ഇഡി തേടും. അതേസമയം, ശബ്ദരേഖ ചോർന്ന അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന് സ്വപ്നയെ ചോദ്യം ചെയ്യാൻ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന കോടതി അനുമതി നൽകി. പൊലീസിനെ വെട്ടിലാക്കുന്ന മൊഴികളാണ് സ്വപ്ന നൽകുന്നതെങ്കിൽ സർക്കാർ കൂടുതൽ പ്രതിസന്ധിയിലാകും.