കണ്ണൂ‍ർ: പാനൂരിൽ നാലാം ക്ലാസ് വിദ്യാർത്ഥിനിയെ അധ്യാപകൻ പീഡിപ്പിച്ച കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. കേസിൽ ക്രൈംബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.  ക്രൈം ബ്രാഞ്ച് മലപ്പുറം എസ്പി   കെവി സന്തോഷ് കുമാറാണ് അന്വേഷണ സംഘ തലവൻ. നാലാം ക്ലാസുകാരിയെ ബിജെപി നേതാവായ അധ്യാപകൻ പീഡിപ്പിച്ചെന്ന കേസിൻ്റെ അന്വേഷണം ഇന്നലെയാണ് ക്രൈംബ്രാഞ്ചിന് വിട്ടത്. 

കേസിൽ  പ്രതി അറസ്റ്റിലായെങ്കിലും ലോക്കൽ പൊലീസിന്റെ അന്വേഷണത്തിൽ കുടുംബത്തിന് പൂർണ തൃപ്തി ഉണ്ടായിരുന്നില്ല.നാലാം ക്ലാസുകാരിയെ അധ്യാപകൻ കുനിയിൽ പദ്മരാജൻ സ്കൂളിലെ ശുചിമുറിയിൽ വച്ച് പീഡിപ്പിച്ചെന്ന പരാതി കുടുംബം നൽകിയത് മാർച്ച് പതിനേഴിനാണ്. കുട്ടി പീഡനത്തിന് ഇരയായെന്ന് മെഡിക്കൽ റിപ്പോർട്ടിൽ വ്യക്തമായിരുന്നു. 

അധ്യാപകൻ പീഡിപ്പിച്ചെന്ന് മജിസ്ട്രേറ്റിന് മുമ്പാകെ കുട്ടി രഹസ്യമൊഴിയും നൽകി. കേസന്വേഷിച്ച പാനൂർ പൊലീസ് ഒരുമാസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാഞ്ഞത്  വലിയ വിമർശനത്തിന് വഴിവെച്ചിരുന്നു. അധ്യാപകൻ പെൺകുട്ടിയെ ഉപദ്രവിക്കുന്നത് അറിയമായിരുന്നു എന്ന് സഹപാഠി ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയതിന് പിന്നാലെ ആരോഗ്യമന്ത്രി ഉൾപെടെയുള്ളവർ പൊലീസിനെ വിമർശിച്ച് രംഗത്തെത്തി. 

പ്രതിപക്ഷ പാർട്ടികൾ കൊവിഡ് ലോക്ഡൗൺ ലംഘിച്ച് പ്രത്യക്ഷ സമരം കൂടി തുടങ്ങിയതോടെ സമ്മർദ്ദത്തിലായ പൊലീസ്  പ്രതിയെ പാനൂരിനടുത്ത് വിളക്കോട്ടൂരിലെ ബിജെപി നേതാവിന്റെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു. ഫോൺ രേഖകളടക്കമുള്ള ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചെങ്കിലും കേസന്വേഷണം മുന്നോട്ട് പോയില്ല. 

തലശ്ശേരി സബ്ജയിലിൽ റിമാൻഡിൽ കഴിയുന്ന  പ്രതി കുറ്റം സമ്മതിച്ചിട്ടുമില്ല. അന്വേഷണത്തിൽ തൃപ്തിയില്ലെന്ന പരാതിയുമായി കുടുംബം രംഗത്തെത്തിയ സാഹചര്യത്തിലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഐജി ശ്രീജിത്തിന്റെ മേൽനോട്ടത്തിലായിരിക്കും അന്വേഷണം