Asianet News MalayalamAsianet News Malayalam

സിപിഎം നേതാക്കളുടെ പ്രളയഫണ്ട് തട്ടിപ്പ് കേസ് തിരഞ്ഞ് പോയപ്പോൾ കണ്ടെത്തിയത് വ്യാപക തട്ടിപ്പ്

 2018 ലെ പ്രളയ ദുരിതാശ്വാസ നിധിയിൽ നിന്ന് 73 ലക്ഷം രൂപ  കാണാനില്ലെന്ന എഡിഎമ്മിന്‍റെ പരാതിയിലാണ് പുതിയ കേസ്. കളക്ട്രേറ്റ് കേന്ദ്രീകരിച്ചുള്ള  പ്രളയ ഫണ്ട് തട്ടിപ്പിൽ ക്രൈം ബ്രാഞ്ച് രജിസ്റ്റർ ചെയ്യുന്ന രണ്ടാമത്തെ കേസാണിത്.

crime branch registered new case on cpm leaders flood fund scam
Author
Kochi, First Published Jun 3, 2020, 12:39 PM IST

കൊച്ചി: എറണാകുളത്ത്  സിപിഎം നേതാക്കൾ ഉൾപ്പെട്ട പ്രളയ ഫണ്ട് തട്ടിപ്പിൽ ക്രൈം ബ്രാഞ്ച് പുതിയ കേസ് രജിസ്റ്റർ ചെയ്തു. 2018 ലെ പ്രളയ ദുരിതാശ്വാസ നിധിയിൽ നിന്ന് 73 ലക്ഷം രൂപ  കാണാനില്ലെന്ന  എഡിഎമ്മിന്‍റെ പരാതിയിലാണ് പുതിയ കേസ്. കളക്ട്രേറ്റ് കേന്ദ്രീകരിച്ചുള്ള  പ്രളയ ഫണ്ട് തട്ടിപ്പിൽ ക്രൈം ബ്രാഞ്ച് രജിസ്റ്റർ ചെയ്യുന്ന രണ്ടാമത്തെ കേസാണിത്. കളക്ട്രേറ്റ് ജീവനക്കാരന്‍റെ നേതൃത്വത്തിലുള്ള 27 ലക്ഷം രൂപയുടെ  പ്രളയ ഫണ്ട് തട്ടിപ്പ് പുറത്ത് വന്നതിന് പിറകെയാണ് ജില്ലാ കളക്ടർ ആഭ്യന്തര പരിശോധനയ്ക്ക് നിർദ്ദേശം നൽകിയത്. ഈ അന്വേഷണത്തിലാണ് ദുരിതാശ്വാസവിഭാഗത്തിൽ നിന്ന് പണം നേരിട്ട് തട്ടിയെടുത്തെന്ന പുതിയ കണ്ടെത്തൽ ഉണ്ടാകുന്നത്. 

ഇതേ തുടർന്നാണ് ജില്ലാ കളക്ടർറുടെ നി‍ദ്ദേശപ്രകാരം എഡിഎം ക്രൈം ബ്രാഞ്ചിന് രണ്ടാമത്തെ പരാതി നൽകിയത്. എഴുപത്തി മൂന്ന് ലക്ഷത്തിപതിമൂവായിരത്തിനൂറ് രൂപയുടെ കുറവാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ ഉണ്ടായിട്ടുള്ളത്. ഈ പണം നേരത്തെ തട്ടിപ്പിന് അറസ്റ്റിലായവർതന്നെ അപഹരിച്ചതാകാമെന്നാണ് കണക്ക് കൂട്ടൽ. പണാപഹരണം, വിശ്വാസ വഞ്ചന, ഗൂഢാലോചന അടക്ക അഞ്ചോളം വകുപ്പ് പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്.

വ്യാജ രസീതുകൾ വഴിയാണ് തുക തട്ടിയതെന്നാണ്  വിലയിരുത്തൽ. പ്രളയ ഫണ്ട് തട്ടിപ്പിലെ ഒന്നാം പ്രതിയായ കളക്ട്രേറ്റ് ജീവനക്കാരൻ വിഷ്ണു പ്രസാദ്  പണം തട്ടാൻ വേണ്ടി ഉണ്ടാക്കിയ 287 വ്യാജ രസീതുകൾ കളക്ട്രേറ്റിൽ ക്രൈം ബ്രാ‌ഞ്ച് സഹായത്തോടെ നടന്ന പരിശോധനയിൽ കണ്ടെടുത്തിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കളക്ട്രേറ്റ് വഴി സംഭാവനയായി ലഭിച്ച തുകയും മറ്റു വിവരങ്ങളും രേഖപ്പെടുത്തിയ ഫയലുകളും അപ്രത്യക്ഷമായിട്ടുണ്ട്. നേരിട്ടു സ്വീകരിച്ച പല തുകയും മേലുദ്യോഗസ്ഥർ അറിഞ്ഞിട്ടില്ലെന്നും വ്യക്തമായിട്ടുണ്ട്. ഇവയ്ക്ക് വ്യാജ രസീതാണ് നല്കിയത്. ഈ വിവരങ്ങൾ ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.

പ്രളയ തട്ടിപ്പ് വിവാദത്തിന്റെ മുഖ്യ സൂത്രധാരൻ കളക്ട്രേറ്റ് ജീവനക്കാരനായ വിഷ്ണപ്രസാദ് ആണെങ്കിലും തൃക്കാക്കരയിലെ പ്രാദേശിക സിപിഎം നേതാക്കൾ കേസിൽ പ്രതികളാണ്. തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗങ്ങളായിരുന്ന അൻവർ, ഭാര്യ ഖൌറത്ത്, എൻഎൻ നിതിൻ, നിതിന്‍റെ ഭാര്യ ഷിന്‍റു എന്നിവർ കേസിൽ പ്രധാന പ്രതികളാണ്. ഇവരെ പിന്നീട് സിപിഎമ്മിൽനിന്ന് പുറത്താക്കി. സിപിഎം  നിയന്ത്രിക്കുന്ന അയ്യനാട് സഹകരണ ബാങ്കിലെ ഡയറക്ടർ ബോർഡംഗം വരെ കേസിലെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുന്നുണ്ട്. 73 ലക്ഷം രൂപയുടെ പുതിയ കേസിൽ ഈ പ്രതികൾക്കുള്ള പങ്കിലാണ് ക്രൈംബ്രാഞ്ച് ഇപ്പോൾ അന്വേഷണം തുടങ്ങിയിട്ടുള്ളത്.

Follow Us:
Download App:
  • android
  • ios