ഇടുക്കി: ചിന്നക്കനാൽ സർക്കാർ ഭൂമി കയ്യേറ്റ കേസിൽ മന്ത്രി എം എം മണിയുടെ സഹോദരൻ എം എം ലംബോധരൻ ഉൾപ്പെടെ ഉള്ളവർക്കെതിരെ ക്രൈബ്രാഞ്ച് കുറ്റപത്രം. പന്ത്രണ്ട് വർഷത്തെ അന്വേഷണത്തിന് ഒടുവിലാണ് കുറ്റപത്രം സമർപ്പിച്ചത്. ചിന്നക്കനാൽ വില്ലേജിലെ വേണാട്ടുതാവളത്ത് നൂറ് ഹെക്ടറിലധികം സർക്കാർ ഭൂമി  ലംബോധരനും ബന്ധുക്കളും അടക്കമുള്ളവർ വ്യാജ രേഖകൾ ചമച്ച് കൈവശപ്പെടുത്തി എന്നാണ് കേസ്. 

2004 – 2005 കാലഘട്ടത്തിലാണ് സംഭവം നടന്നത്. വി എസ് അച്യുതാനന്ദന്റെ മൂന്നാർ ദൗത്യകാലത്ത് സംഭവം വിവദമായതിനെ തുടർന്ന് അന്വേഷണം നടത്താൻ ക്രൈംബ്രാഞ്ച് സംഘത്തെ നിയോഗിച്ചു. ഈ ഉദ്യോഗസ്ഥരെ പല തവണ മാറ്റുകയും ചെയ്തിരുന്നു. അതിനാൽ വർഷങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് ലംബോധരൻ അടക്കം ഇരുപത്തിരണ്ട് പേരെ പ്രതിചേർത്ത് ക്രൈബ്രാഞ്ച് നെടുംങ്കണ്ടം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. 

ലംബോധരന്റെ ബന്ധു രാജേന്ദ്രൻ ഒന്നാം പ്രതിയും ലംബോധരൻ രണ്ടാം പ്രതിയുമാണ്. പ്രതികളിൽ പന്ത്രണ്ടു പേർ റവന്യൂ ഉദ്യോഗസ്ഥരാണ്. ബാക്കിയുള്ളവർ ഭൂമി കൈവശപ്പെടുത്തിയവരും വ്യാജരേഖ ചമക്കാൻ സഹായിച്ചവരുമാണ്. പ്രതികളായ അഞ്ച് റവന്യൂ ജീവനക്കാർ മരിച്ചു പോയി. റവന്യൂ ഉദ്യോഗസ്ഥരുടെ സഹായത്തോടെ വ്യാജരേഖ ചമച്ചാണ് ഭൂമി കൈവശപ്പെടുത്തിയതെന്നാണ് ക്രൈബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. ഇതിനായി ചില വില്ലേജ് രേഖകൾ കീറി മാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്. ചിന്നക്കനാൽ കയ്യേറ്റവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന രണ്ടു കേസുകളിൽ കൂടി ഇനി കുറ്റപത്രം സമർപ്പിക്കാനുണ്ട്.