ബാലഭാസ്ക്കറിന്‍റെ പ്രോഗ്രാം കോർഡിനേറ്ററായ പ്രകാശ് തമ്പിയെ ഡിആർഐ സ്വർണ്ണക്കടത്തിൽ പ്രതി ചേർത്ത് അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ഒളിവിൽ കഴിയുന്ന പ്രധാന പ്രതി വിഷ്ണുവാണ് ബാലഭാസ്കറിന്‍റെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത്.

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വർണക്കടത്ത് അന്വേഷിക്കുന്ന ഡിആർഐ ഉദ്യോഗസ്ഥരിൽ നിന്ന് ബാലഭാസ്കറിന്‍റെ മരണത്തെപ്പറ്റി അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് വിവരങ്ങൾ ശേഖരിച്ചു. ബാലഭാസ്ക്കറിന്‍റെ പ്രോഗ്രാം കോർഡിനേറ്ററായ പ്രകാശ് തമ്പിയെ ഡിആർഐ സ്വർണ്ണക്കടത്തിൽ പ്രതി ചേർത്ത് അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ഒളിവിൽ കഴിയുന്ന പ്രധാന പ്രതി വിഷ്ണുവാണ് ബാലഭാസ്കറിന്‍റെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത്.

ബാലഭാസ്കറിന്‍റെ മരണത്തിൽ ഇവർക്ക് പങ്കുണ്ടെന്ന് ബാലഭാസ്കറിന്‍റെ അച്ഛൻ കെ സി ഉണ്ണി ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഡിആർഐ ഉദ്യോഗസ്ഥരിൽ നിന്ന് ബാലഭാസ്കറിന്‍റെ മരണം സംബന്ധിച്ച പരാതി അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം വിവരങ്ങൾ ശേഖരിച്ചത്.

പാലക്കാടുള്ള ആശുപത്രി ഉടമയുടെ പേരിലും ബാലഭാസ്‌കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കൾ സംശയം ഉന്നയിച്ചിരുന്നു. ഇവരുമായി വിഷ്ണുവിനും പ്രകാശിനും അടുത്ത ബന്ധമുണ്ടായിരുന്നുവെന്നാണ് ബന്ധുക്കളുടെ പരാതി. പ്രകാശ് തമ്പിയും വിഷ്ണുവും ബാലഭാസ്കറിന്‍റെ പരിപാടികളുടെ കോർഡിനേഷൻ ജോലികൾക്കിടെ വിദേശയാത്രകൾ നടത്തിയിരുന്നതായാണ് ആരോപണം. അപകടം നടന്ന ദിവസം എവിടെ എത്തി എന്ന് തിരക്കി ബാലഭാസ്കറിന്‍റെ ഫോണിലേക്ക് നിരന്തരം കോളുകൾ വന്നിരുന്നുവെന്നും അപകടത്തിന് ശേഷം ആശുപത്രിയിൽ ആദ്യം എത്തിയത് പ്രകാശ് തമ്പിയാണെന്നും ബന്ധുക്കൾ പറയുന്നു.

എന്നാൽ തുടർന്ന് വീട്ടുകാരുമായി ഇവർ വലിയ അടുപ്പം കാണിച്ചില്ല എന്നതാണ് സംശയത്തിന് ഒരു കാര്യമായി പറയുന്നത്. ബാലഭാസ്കറിന്‍റെ നിക്ഷേപങ്ങൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അറിയാവുന്നത് സുഹൃത്തുക്കൾക്ക് ആയിരുന്നുവെന്നും അച്ഛൻ കെ സി ഉണ്ണിയുടെ പരാതിയിലുണ്ട്.

എന്നാൽ സ്വർണക്കടത്ത് കേസിൽ പ്രതിസ്ഥാനത്തുള്ള പ്രകാശ് തമ്പി,വിഷ്ണു എന്നിവർ ബാലഭാസ്കറിന്‍റെ മാനേജർമാർ അല്ലായിരുന്നുവെന്നും ചില പ്രാദേശിക പ്രോഗ്രാമുകളുടെ കോർഡിനേഷൻ മാത്രമേ ഇവർ നടത്തിയിരുന്നുള്ളൂ എന്നുമാണ് ബാലഭാസ്കറിന്‍റെ ഭാര്യ ലക്ഷ്മിയുടെ പ്രതികരണം. കോർഡിനേഷൻ ജോലികൾക്കുള്ള പ്രതിഫലവും ഇവർക്ക് നൽകിയിരുന്നുവെന്നും ഇതല്ലാതെ മറ്റ് ഔദ്യോഗികമായ ഒരു കാര്യങ്ങളിലും ഇവർക്ക് യാതൊരു പങ്കും ഉണ്ടായിരുന്നില്ലെന്നും ലക്ഷ്മി ബാലഭാസ്കറിന്‍റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പ്രതികരിച്ചിരുന്നു.