നിയമസഭയിലേക്ക് മത്സരിക്കാൻ ഇല്ലെന്ന് വ്യക്തമാക്കി രാജ്മോഹൻ ഉണ്ണിത്താൻ. എംപിമാരെ മത്സരിപ്പിക്കുന്നതിനേയും അദ്ദേഹം എതിർത്തു
തിരുവനന്തപുരം: നിയമസഭയിലേക്ക് മത്സരിക്കാൻ ഇല്ലെന്ന് വ്യക്തമാക്കി രാജ്മോഹൻ ഉണ്ണിത്താൻ. പുതുമയിൽ മത്സരിക്കാൻ ഇല്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. പാർട്ടി സമ്മർദ്ദം ചെലുത്തിയാലും മത്സരത്തിന് ഇല്ലെന്നും ഒരു എംപിക്കും കേന്ദ്ര നേതൃത്വം മത്സരിക്കാൻ അനുവാദം നൽകരുത്, പാർട്ടിയിൽ മത്സരിക്കാൻ ആളില്ലാത്ത അവസ്ഥയില്ല. എംപി എന്നത് വലിയ ഉത്തരവാദിത്തമാണെന്ന് മനസ്സിലാക്കണം. പാർലമെന്‍റിലെ അംഗസംഖ്യ കുറയാൻ ഇടവരരുതന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ കോൺഗ്രസ് എംപിമാർക്ക് മത്സരിക്കാൻ അനുമതി നൽകിയേക്കില്ലെന്നാണ് നിലവിലെ സൂചന. എംപിമാർ മത്സരിക്കേണ്ട സാഹചര്യം നിലവിലില്ലെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തൽ. ഉപതെരഞ്ഞെടുപ്പ് സാഹചര്യമടക്കം പരിഗണിച്ചാണ് ഇത്തരമൊരു വിലയിരുത്തലിലേക്ക് എഐസിസി എത്തിച്ചേര്‍ന്നത് എന്നാണ് വിവരം. ചില എംപിമാർ ഹൈക്കമാൻഡിനെ മത്സര സന്നദ്ധതയറിയിച്ചിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിലെ ജയത്തിൻ്റെ ആത്മവിശ്വാസത്തിൽ സംസ്ഥാനത്ത് ഭരണമാറ്റത്തിന് കളമൊരുങ്ങുന്നുവെന്ന വിലയിരുത്തലിലാണ് കോൺഗ്രസ് ക്യാംപ്. മത്സരിക്കാൻ എംപിമാരിൽ പലർക്കും ആഗ്രഹമുണ്ട്. എന്നാൽ അതിന് സാധ്യത കുറവെന്ന് പാർട്ടി വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. എംപിമാർ സ്ഥാനം വിട്ട് എംഎൽഎമാരാകാൻ ശ്രമിക്കുന്നത് എതിരാളികൾ പ്രചാരണ ആയുധമാക്കുമെന്നാണ് ഒരു വിഭാഗത്തിന്‍റെ നിലപാട്. എംപിമാർ എംഎൽഎ സ്ഥാനം ലക്ഷ്യമിട്ടിറങ്ങുന്നത് തെറ്റായ സന്ദേശം നൽകുമെന്നാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്‍റെ അഭിപ്രായം.


