Asianet News MalayalamAsianet News Malayalam

കാവ്യയെ പ്രതിയാക്കാൻ തെളിവില്ല, കാവ്യയും മഞ്ജുവും സാക്ഷികൾ; നടിയെ ആക്രമിച്ച കേസിൽ അനുബന്ധ കുറ്റപത്രം ഇന്ന്

നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ ദിലീപിന്റെ കയ്യിൽ ഉണ്ടെന്നും കണ്ടെത്താൻ കഴിയാത്ത വിധം ഒളിപ്പിച്ചെന്നും അന്വേഷണ സംഘം

Crime Branch to file Supplementary charge sheet in Actress attack case today
Author
Kochi, First Published Jul 22, 2022, 7:15 AM IST

കൊച്ചി: കാവ്യ മാധവനെയും മഞ്ജു വാര്യരെയും സാക്ഷികളാക്കി നടിയെ ആക്രമിച്ച കേസിൽ അനുബന്ധ കുറ്റപത്രം അന്വേഷണ സംഘം ഇന്ന് സമർപ്പിക്കും. അനുബന്ധ കുറ്റപത്രത്തിൽ ദിലീപിനെതിരെ തെളിവ്  നശിപ്പിച്ച കുറ്റം കൂടി ചുമത്തിയിട്ടുണ്ട്. കാവ്യ മാധവനെ പ്രതിയാക്കാൻ തെളിവില്ലാത്തതിനാൽ സാക്ഷിയാക്കിയാണ് ക്രൈംബ്രാ‌ഞ്ചിന്റെ അനുബന്ധ കുറ്റപത്രം. കാവ്യ ഉൾപ്പെടെ 102 പുതിയ സാക്ഷികളാണ് കുറ്റപത്രത്തിൽ ഉള്ളത്.  ദിലീപിന്‍റെ സുഹൃത്ത് ശരത്താണ് ഏക പ്രതി. നടി ആക്രമിക്കപ്പെട്ട ദൃശ്യം ദിലീപിന്‍റെ കൈയ്യിലുണ്ട്.  എന്നാൽ അത് കണ്ടെത്താൻ കഴിയാത്ത വിധം ഒളിപ്പിച്ചെന്നാണ് അനുബന്ധ കുറ്റപത്രത്തിൽ ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്. അഭിഭാഷകർ തെളിവ് നശിപ്പിക്കാൻ കൂട്ട് നിന്നെന്നായിരുന്നു ക്രൈംബ്രാ‌ഞ്ച് വാദമെങ്കിലും അഭിഭാഷകരെ പ്രതിയോ സാക്ഷിയോ ആക്കിയിട്ടില്ല.

നടിയെ ആക്രമിച്ച കേസ്: അധിക കുറ്റപത്രം ഇന്ന് കോടതിയിൽ നൽകും ,ദിലീപിനെതിരെ തെളിവ് നശിപ്പിച്ചതിനടക്കം കുറ്റങ്ങൾ

സംവിധായകൻ ബാലചന്ദ്രകുമാർ  പ്രധാന സാക്ഷിയാണ്. സായ് ശങ്കർ, പൾസർ സുനിയുടെ അമ്മ, ദിലീപിന്‍റെ വീട്ടു ജോലിക്കാരനായിരുന്ന ദാസൻ എന്നിവരും സാക്ഷികളാണ്. ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന്റെ പക്കലുണ്ടെന്നും തന്റെ സാന്നിധ്യത്തിൽ ദിലീപും സഹോദരനും ഉൾപ്പെടെ ദൃശ്യങ്ങൾ കണ്ടെന്നുമായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ. ഈ വെളിപ്പെടുത്തലിനെ തുടർന്നെടുത്ത കേസിൽ അനുബന്ധ കുറ്റപത്രം ഇന്ന് കോടതിയിൽ എത്തുമ്പോൾ ദിലീപിനെതിരെ ശക്തമായ തെളിവുകൾ ശേഖരിക്കുന്നതിൽ അന്വേഷണ സംഘം എത്രമാത്രം മുന്നേറി എന്ന സംശയമുണ്ട്. ഫോണിലെ വിവരങ്ങൾ മായ്ക്കാൻ ദിലീപ് സമീപിച്ച സായ് ശങ്കറിനെ സാക്ഷിയാക്കായാനായി എന്നതാണ് എടുത്ത് പറയേണ്ട കാര്യം. അതുപോലെ ദിലീപിന്റെ മുൻ വീട്ടുജോലിക്കാൻ ദാസനും കേസിൽ സാക്ഷിയാണ്. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന് എത്തിച്ച് നൽകിയ ശരതാണ് അനുബന്ധ കുറ്റപത്രത്തിലെ ഏക പ്രതി. ഇതോടെ കേസിൽ 9 പ്രതികളാകും. 1500ലേറെ പേജുകളാണ് അനുബന്ധ കുറ്റപത്രത്തിൽ ഉള്ളത്. 

അങ്കമാലി മജിസ്ട്രേട്ട് കോടതിയിലാണ് ക്രൈംബ്രാഞ്ച് അനുബന്ധ കുറ്റപത്രം സമർപ്പിക്കുക. ഇവിടെ നിന്ന് സെഷൻസ് കോടതിയിലേക്കും തുടർന്ന് വിചാരണ കോടതിയിലേക്കും അനുബന്ധ കുറ്റപത്രം എത്തും. 

Follow Us:
Download App:
  • android
  • ios